സംസ്ഥാനത്തെ ആറ് മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി .
ഐ എസ് ആർ ഒ യുമായി ചേർന്ന് ഒരു ലക്ഷം ബോട്ടുകളിൽ ട്രാൻസ്‌പോണ്ടറുകൾ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ആശയവിനിമയ സാധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സംവിധാനത്തോടെ ബോട്ടുകൾ നിർമ്മിച്ചു നൽകുകയും പരിശീലനം സാധ്യമാക്കുകയും ചെയ്യും. 200 നോട്ടിക്കൽ മൈൽ ദൂരവും മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. മത്സ്യ സമ്പത്തിന്റെ കാര്യത്തിൽ രാജ്യം ഒന്നാം സ്ഥാനത്തെത്താനാണ് ശ്രമിക്കുന്നത്. ഫിഷറീസ് മേഖലയിൽ സർക്കാർ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ കോരളം മുൻപന്തിയിൽ ആണെന്നും ഹാർബറുകൾ ഭാവിയിൽ കൂടുതൽ ജനസൗഹൃദമാക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള ഐസ് ബോക്‌സ് വിതരണവും ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു.
ചാലിൽ ഗോപാലപേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യബന്ധന മേഖലയിലെ ജനങ്ങളുടെ സമഗ്ര വികസനമാണ് പുതിയ പദ്ധതികൾകൊണ്ട് സാധ്യമാകുന്നതെന്നും പദ്ധതികളുടെ നിർവഹണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു. എൻ.എഫ്.ഡി.പി. രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൻ ജമുനാ റാണി ടീച്ചർ നിർവഹിച്ചു. ഫിഷറീസ് ഡയറക്ടർ സഫ്ന നസറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫിഷറീസ് വകുപ്പ് ഗവ. സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ, തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ എം.എ മുഹമ്മദ് അൻസാരി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ പി.സഹദേവൻ, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ ടി.വി ബാലകൃഷ്ണൻ, വാർഡ് കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷ്യം തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സമഗ്ര പുരോഗതി
മത്സ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ 2020-21 സാമ്പത്തിക വർഷം മുതൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതിയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ 3477 മത്സ്യഗ്രാമങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 മത്സ്യഗ്രാമങ്ങളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിന് പുറമെ, ആലപ്പുഴ ആറാട്ടുപുഴ മത്സ്യഗ്രാമം, എറണാകുളത്തെ ചെല്ലാനം, നായരമ്പലം മത്സ്യഗ്രാമങ്ങൾ, തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ മത്സ്യഗ്രാമം, മലപ്പുറത്തെ പൊന്നാനി, താനൂർ മത്സ്യഗ്രാമങ്ങൾ, കോഴിക്കോട് ചാലിയം മത്സ്യഗ്രാമം, കാസർകോട് ഷിറിയ മത്സ്യ ഗ്രാമം എന്നീ തീരദേശ മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്.

മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി തീരമേഖലയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്റെറുകളുടെ നിർമ്മാണം, കൃത്രിമ പാരുകൾ നിക്ഷേപിക്കൽ, അക്വാടൂറിസം പ്രവർത്തനങ്ങൾ, എക്സ്റ്റൻഷൻ- യൂട്ടിലിറ്റി സെന്ററുകൾ, കോസ്റ്റൽ ബയോ ഷീൽഡ് സ്ഥാപിക്കൽ, ലാൻഡിംഗ് സെന്ററുകളുടെ നിർമ്മാണം, മത്സ്യതൊഴിലാളി ഭവനങ്ങളുടെ പുനരുദ്ധാരണം, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ സ്ഥാപിക്കൽ, മത്സ്യ മാർക്കറ്റുകളുടെ നിർമ്മാണം, പൊതു ശൗചാലായങ്ങളുടെ നിർമ്മാണം, ഫിഷ്ഫീഡ് മില്ലുകൾ, ലാൻഡിംഗ് സെന്ററുകളിൽ ഇ ടി പി സ്ഥാപിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പിലാക്കും. കൂടാതെ മത്സ്യത്തൊഴിലാളികൾക്ക് വരുമാന വർധനവ് ലഭിക്കുന്ന കൂടുകളിലെ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി കൂടാതെ, സോളാർ ഡ്രയർ, ഐസ് ബോക്സുകൾ, ഇലക്ട്രിക് ഫിഷ് വെൻഡിംഗ് ഓട്ടോ കിയോസ്‌കുകളുടെ വിതരണം, ഫിഷ് പ്രോസസിംഗ് യൂനറ്റ് സ്ഥാപിക്കൽ, ഇ-സ്‌കൂട്ടറുകളുടെ വിതരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
Content summery : Union Minister of State George Kurien says a plan to overcome climate change will be implemented in six fishing villages in the state
Discussion about this post