ഇടതൂർന്നു വളരുന്ന എവർഗ്രീൻ ടർട്ടിൽ വൈൻ പോട്ടുകൾ വീടുകൾക്ക് അലങ്കാരമാണെന്നതിൽ സംശയമൊന്നുമില്ല. ഹാങ്ങിങ് പോട്ടുകളിൽ നട്ടുവളർത്താൻ ഏറ്റവും ഉതകുന്ന ചെടിയാണ് എവർഗ്രീൻ ടർട്ടിൽ വൈൻ. ആരെയും ആകർഷിക്കുന്ന പച്ചനിറമാണ് ഈ ചെടിയുടെ പ്രത്യേകത. വളരെ വേഗത്തിൽ താഴേക്ക് തൂങ്ങിയിറങ്ങുന്ന സ്വഭാവമാണ് ഇവയുടെ വള്ളികളുടേത്. അനേകം വള്ളികൾ ഒരുമിച്ചുചേർന്ന് ഇടതൂർന്ന കാർകൂന്തൽ പോലെ നീണ്ടു വളരുന്നത് കാണാൻ തന്നെ കലയാണ്.
എവർഗ്രീൻ ടർട്ടിൽ വൈൻ ചെടിയുടെ ഓരോ മുട്ടിലും വേരുകളുണ്ട്. അതുകൊണ്ടുതന്നെ അല്പം മണ്ണിൽ വെറുതെ നട്ടാൽ പോലും ഇവ വളർന്നുകൊള്ളും. പക്ഷേ ചെടിയുടെ ആരോഗ്യമാണ് അതിനെ ആകർഷകമാക്കുന്നത്. വള്ളികൾ ഉണങ്ങാതെയും മഞ്ഞിച്ചു പോകാതെയും വളർത്താൻ അല്പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
നേരിട്ട് വെയിലേക്കുന്ന സ്ഥലങ്ങളിൽ വളർത്തിയാൽ ചെടി വളരെ വേഗത്തിൽ മഞ്ഞനിറത്തിലായി ശോഷിച്ചു പോകും. അതുകൊണ്ടുതന്നെ നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത ഇടങ്ങളിൽ വളർത്തുന്നതാണ് നല്ലത്. കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം നീർവാർച്ചയും ഉറപ്പുവരുത്തണം. ചെടിച്ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. രണ്ടാഴ്ചയിലൊരിക്കൽ നേർപ്പിച്ച പിണ്ണാക്ക് ചെളിയോ ചാണകത്തെളിയോ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. പിണ്ണാക്ക് തെളി ഇലകളിൽ സ്പ്രേ ചെയ്യുകയുമാവാം. വള്ളികൾ താഴോട്ട് വളരുംതോറും കട്ടി കുറയുന്നത് കാണാം. ഈ സമയത്ത് തുമ്പ് മുറിച്ചെടുത്താൽ കൂടുതൽ ഭംഗിയോടെ ചെടി വളരാൻ ഇത് സഹായിക്കും.
മുറിച്ചെടുത്ത ഭാഗം മണ്ണും ചകിരിച്ചോറും കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റും ചേർത്ത് നിറച്ച് ഹാങ്ങിങ് പോട്ടുകളിൽ നട്ട് പുതിയ ചെടി വളർത്തിയെടുക്കാം. രണ്ടാഴ്ചയിലൊരിക്കൽ ജൈവവളം നൽകുകയും നേരിട്ട് സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും കൃത്യമായി തുമ്പ് മുറിച്ച് നിർത്തുകയും ചെയ്താൽ ആകർഷകമായ ടർട്ടിൽ വൈൻ പോട്ടുകൾ ആർക്കും സ്വന്തമാക്കാം.
Discussion about this post