പച്ചക്കറി കൃഷിയിലെ പ്രധാന വെല്ലുവിളിയാണ് കീടശല്യം. ആക്രമണം രൂക്ഷമാകുന്നതിനു മുൻപ് തന്നെ ജൈവ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിച്ച് കീടങ്ങളെ തുരത്താനാകും. നമ്മുടെ ചുറ്റുവട്ടത്ത് നിന്നും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച് കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ജൈവകീടനാശിനികൾ തയ്യാറാക്കാനാകും. അത്തരം ചില പൊടിക്കൈകൾ പരിചയപ്പെടാം.
പാൽക്കായ – ഗോമൂത്ര- കാന്താരി മുളക് മിശ്രിതം
20 ഗ്രാം പാൽക്കായം 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. ഇതിലേക്ക് 500 മില്ലി ലിറ്റർ ഗോമൂത്രം ചേർക്കണം. ശേഷം 15 ഗ്രാം കാന്താരിമുളക് അരച്ച് ചേർത്ത് മിശ്രിതവുമായി യോജിപ്പിച്ച് അരിച്ചെടുത്ത് ചെടികളിൽ തളിക്കാം. കായ് തുരപ്പൻ പുഴുക്കൾ, ചാഴി എന്നിവയ്ക്കെതിരെ ഈ മിശ്രിതം ഫലപ്രദമാണ്
പപ്പായ ഇല സത്ത്
100 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം പപ്പായ ഇല മുക്കി ഒരുരാത്രി കുതിർത്തുവയ്ക്കുക. ഇല അടുത്ത ദിവസം അരച്ച് സത്താക്കുക. തയ്യാറാക്കിയ സത്ത് നാലിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം. ഇലതീനി പുഴുക്കളെ അകറ്റാൻ ഈ മിശ്രിതം ഉപയോഗിക്കാം.
നാറ്റപ്പൂച്ചെടി എമൽഷൻ
നാറ്റപ്പൂച്ചെടിയുടെ 500ഗ്രാം ഇളം തണ്ടും ഇലകളും ശേഖരിച്ച അരച്ച് പിഴിഞ്ഞ് നീരെടുക്കുക. 60 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എടുത്ത ലായിനി നാറ്റപ്പൂച്ചെടിയുടെ അര ലിറ്റർ നീരുമായി ചേർത്തിളക്കുക. ഈ ലായനി പത്തിരട്ടി വെള്ളം ചേർത്ത് തളിക്കാവുന്നതാണ്.എഫിടുകളെ ( പച്ച കലർന്ന മഞ്ഞ നിറത്തിൽ ഉള്ള ചെറു മുഞ്ഞകൾ)നിയന്ത്രിക്കാൻ ഈ ലായനി ഉപയോഗിക്കാം.
വേപ്പെണ്ണ- ആവണക്കെണ്ണ എമൽഷൻ- വെളുത്തുള്ളി മിശ്രിതം
6 ഗ്രാം ബാർസോപ്പ് 50 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സോപ്പുലായനി തയ്യാറാക്കുക. ഈ സോപ്പുലായനി 20 മില്ലിലിറ്റർ ആവണക്കെണ്ണയും 80 മില്ലി ലിറ്റർ വേപ്പെണ്ണയും ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ സാവധാനം ഒഴിച്ച് നല്ലതുപോലെ ഇളക്കുക. ഇതിൽ ആറ് ലിറ്റർ വെള്ളം ചേർത്ത് നേർപ്പിക്കുക. ഇങ്ങനെ നേർപ്പിച്ച ലായനിയിൽ 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അതിന്റെ നീര് ചേർത്തതിനുശേഷം ഇലയുടെ അടിഭാഗത്ത് തളിക്കാനായി ഉപയോഗിക്കാം. പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ, മണ്ഡരി, എപ്പിലാക്ന വണ്ട് എന്നീ കീടങ്ങൾക്കെതിരെ വളരെ ഫലപ്രദമാണ്
ലന്താന എമൽഷൻ
വേലിച്ചെടിയുടെ (ലന്താന) ഇലയും പൂവും കായും ചേർന്നത് ഒരു കിലോഗ്രാം നല്ലതുപോലെ ചതച്ച് അഞ്ച് ലിറ്റർ വെള്ളം ചേർത്ത് രണ്ട് മൂന്ന് മണിക്കൂർ ചൂടാക്കി വറ്റിക്കുക. അതിൽനിന്നും 100 മില്ലി ലിറ്റർ എടുത്തു 10 ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിവശത്ത് തളിക്കുന്നത് വെള്ളീച്ചകളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.
Discussion about this post