ട്രീ ആംബുലൻസ് എന്ന വാക്ക് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.. അതെ മരങ്ങളുടെ ചികിത്സയ്ക്ക് ട്രീ ആംബുലൻസ് നിരത്തിലിറക്കി മാതൃകയായിരിക്കുകയാണ് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ.കേടുവന്ന മരങ്ങളുടെ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങൾ വരെ ട്രീ ആംബുലൻസിൽ ഒരുക്കിയിട്ടുണ്ട്. വലിയ മരങ്ങളുടെ രോഗങ്ങൾക്ക് രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കുന്ന ശസ്ത്രക്രിയകൾ ആണ് ട്രീ ആംബുലൻസിലെ വിദഗ്ധർ നടത്തുക. കേടുവന്നതോ വലിയ പേടുകൾ ഉള്ളതോ ആയ മരങ്ങളുടെ ഭാഗം ആദ്യം വലിയൊരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കും. പിന്നീട് ഇതിനുള്ളിൽ കീടനാശിനികളും കളനാശിനികളും പ്രയോഗിച്ച ശേഷം ഫോം നിറയ്ക്കും. അതിനുശേഷം ഈ ഭാഗം ചെറിയ ഇരുമ്പ് വല ഉപയോഗിച്ച് വരിഞ്ഞ കെട്ടിയശേഷം സീൽ ചെയ്യും. ഓപ്പറേഷന്റെ പുരോഗതി അറിയാൻ വിദഗ്ധർ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തും.
മരങ്ങളുടെ പൂർണമായും രോഗം ഭേദമാകാൻ രണ്ടുവർഷം സമയമെടുക്കും. മരങ്ങൾ കീടങ്ങളുടെയും ചിതലുകളുടെയും ആക്രമണത്തിൽ നശിക്കാതിരിക്കാനാണ് ട്രീ ആംബുലൻസ് നിരത്തിലിറക്കിയിരിക്കുന്നത്. 750, 250 ലിറ്റർ വീതം വെള്ളം കൊള്ളുന്ന രണ്ട് ടാങ്കുകൾ,ഹൈ പ്രഷർ, ജെറ്റ് പമ്പ് കീടനാശിനികൾ,കുമളിനാശിനി എന്നിവയും ഇതിലുണ്ട്. ഇതുകൂടാതെ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ നാല് ലക്ഷം വൃക്ഷത്തൈകൾ നടന്ന പരിപാടിക്കും തുടക്കമിട്ടിട്ടുണ്ട്. വേനൽക്കാലത്ത് കൊടുംചൂടനുഭവിക്കുന്ന ഡൽഹിയിൽ മരങ്ങളാണ് വഴിയാത്രക്കാർക്ക് ഏക ആശ്വാസം. ഇവയുടെ സംരക്ഷണത്തിനു വേണ്ടിയും നാല് ട്രീ ആംബുലൻസുകൾ നിലവിൽ നിരത്തിൽ ഓടുന്നുണ്ട്.
Discussion about this post