ആരോഗ്യകരമായ ജീവിതത്തിന് വിഷ രഹിതമായ ഭക്ഷണം ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഓരോ വീട്ടിലും അവർക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടുവളപ്പിൽ തന്നെ ഒരുക്കേണ്ടതും അനിവാര്യമാണ്. കേരള കാർഷിക സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം വിപണിയിൽ ലഭിക്കുന്ന 20 ശതമാനത്തോളം പച്ചക്കറികളിലും കീടനാശിനികളുടെ സാന്നിധ്യം ഉണ്ട്. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള പച്ചക്കറികൾ ഉല്പാദിപ്പിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമായി മാറുന്നു.
പച്ചക്കറികൾ വീട്ടുമുറ്റത്ത് ഒരുക്കുമ്പോഴും രോഗ കീടസാധ്യതകൾ ആണ് കർഷകർക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കേണ്ട ചില ജൈവ കീട നിയന്ത്രണ മാർഗങ്ങൾ താഴെ നൽകുന്നു.
ഗോമൂത്രം കാന്താരി മുളക് മിശ്രിതം
പച്ചക്കറിയിലെ കീടനേന്ത്രണത്തിന് ഏറ്റവും നല്ലതാണ് ഗോമൂത്രം കാന്താരി മുളക് മിശ്രിതം. ഒരു കൈ നിറയെ കാന്താരി മുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ച് ചേർത്ത് ഇളക്കുക. ഇത് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് അരിച്ചെടുത്ത് കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റർ ഇളം ചൂടുവെള്ളത്തിൽ അഞ്ച് ഗ്രാം ബാർ സോപ്പ് ലയിപ്പിക്കുക. ഇതിൽ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക. 20 മില്ലി വേപ്പെണ്ണയും കൂട്ടി ഇതിൽ ചേർത്ത് നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് ഇലകളുടെ രണ്ടു വശത്തും തളിച്ചു കൊടുക്കുക.
വേപ്പെണ്ണ എമൽഷൻ
60 ഗ്രാം ബാർ സോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി ഒരു ലിറ്റർ വേപ്പെണ്ണയിൽ ചേർത്തു ഇളക്കുക. ഇത് പത്തിരട്ടി വെള്ളത്തിൽ ചേർത്ത് പയറിനെ ആക്രമിക്കുന്ന ചിത്ര കീടം, പേനുകൾ എന്നിവയ്ക്കെതിരെ തളിക്കാം. ഈ ലായനി 40 ഇരട്ടി വെള്ളം ചേർത്ത് വെള്ളരി വർഗ്ഗ വിളകൾക്കും ഉപയോഗിക്കാം.
Organic pesticides for plants
Discussion about this post