തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില കൃഷിയും ടെറസ് കൃഷി ഉള്‍പ്പെടെയുള്ള ആധുനിക കൃഷിരീതികളും തുടര്‍ പദ്ധതിയായി കണക്കാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
അനുയോജ്യമായ കാര്‍ഷിക പദ്ധതികള്‍ വരും വര്‍ഷങ്ങളിലെ പദ്ധതികളില്‍ തദ്ദേശ സര്‍ക്കാരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
കൃഷിഭവന്‍ കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍, അംഗീകൃത കാര്‍ഷിക ഏജന്‍സികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍/കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെ ചെറുതും വലുതുമായ കാര്‍ഷിക കൂട്ടായ്മകളിലൂടെ സുസ്ഥിര കൃഷിരീതികള്‍ പ്രചരിപ്പിക്കണം. കര്‍ഷക കൂട്ടായ്മകള്‍ക്ക്് സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍/കമ്പനികളുടെ സഹായം പ്രയോജനപ്പെടുത്തണം.
കൃഷിയിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങളിലൂടെ ലോകവിപണി കീഴടക്കാനുമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യണം. ഇതിനാവശ്യമായ ഫണ്ട് വകയിരുത്തലുകള്‍ വരും വര്‍ഷങ്ങളിലും കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.
സുഭിക്ഷ കേരളം പദ്ധതികള്‍ക്കുള്ള വകയിരുത്തലുകള്‍ കാര്‍ഷിക ഉല്പാദന സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുന്ന തരത്തിലാകണം. പദ്ധതിയെ ‘കേരള മോഡല്‍’ വിഷരഹിത/ ജൈവ കൃഷി രീതി എന്ന നിലയില്‍ ഒരു സുസ്ഥിര കൃഷിരീതിയായി വളര്‍ത്തുന്നതിന് തദ്ദേശ സര്‍ക്കാരുകള്‍ പരിഗണന നല്‍കണം. സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ എല്ലാ സഹകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തദ്ദേശ സര്‍ക്കാരുകള്‍ അതത് സമയങ്ങളില്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post