ഇഞ്ചി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ കാലയളവാണ് നിലവിൽ ഉള്ളത്. ഇഞ്ചി നടുന്ന കാലയളവിൽ മിതമായ മഴയും വളർച്ച ഘട്ടത്തിൽ ക്രമമായ നല്ല മഴയും വിളവെടുപ്പിന് മുൻപായി വരണ്ട കാലാവസ്ഥയുമാണ് ഇഞ്ചി കൃഷിയ്ക്ക് വേണ്ടത്. വെള്ളം കെട്ടി നിൽക്കാതെ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം ഇഞ്ചി കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കാം.
എന്നാൽ ഇഞ്ചി കൃഷിയിൽ കർഷകർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചീയ്യൽ രോഗം. ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുന്നു. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയാണ് ചെയ്യുന്നത്. രോഗബാധയേറ്റ കാണ്ഡങ്ങളിൽ നിന്നും ചീഞ്ഞ ദുർഗന്ധം വമിക്കുകയും, കാണ്ഡങ്ങൾ മൃദുവായി തീരുകയുമാണ് ചെയ്യുന്നത്. ഇതൊരു കുമിൾ രോഗമാണ്. മഴക്കാലത്ത് കുമളിന്റെ പ്രജനനം മണ്ണിൽ കൂടുതലായിരിക്കും. രോഗം ഗുരുതരമാകുമ്പോൾ ചെടി പൂർണമായും നശിക്കുന്നു.
ചീയൽ രോഗം പരിഹരിക്കുന്നതിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത് വിത്ത് ഇഞ്ചി രോഗം ഇല്ലാത്ത പ്രദേശങ്ങളിൽ നിന്ന് മാത്രം സംഭരിക്കുക. ഇതുകൂടാതെ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നടുന്ന സമയത്ത് ചേർത്തു കൊടുക്കുക. വിത്ത് മാങ്കോസെബ് ഉപയോഗിച്ച് പരിചരിക്കുക. കോപ്പർ ഓക്സിക്ലോറൈഡ് 2ഗ്രാം ഒരു ലിറ്റർ എന്നതോതിൽ ലായനിയാക്കി വെള്ളത്തിൽ /ബോർഡോ മിശ്രിതം മെയ്- ജൂൺ മാസങ്ങളിലും ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലും തളിക്കണം. രോഗം നന്നായി ബാധിച്ച സസ്യങ്ങൾ പിഴുത് കളയുന്നതാണ് നല്ലത്. മാങ്കോസെബ് മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ലായനിയാക്കി തടത്തിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യുക.
Discussion about this post