മഴക്കാലമായാല്‍ പിന്നെ പൂന്തോട്ടപരിപാലനം ഒരിത്തിരി കടുപ്പമാണ്. പൂന്തോട്ടത്തിന് അഴകും കുറയുന്ന സമയമായതിനാല്‍ തന്നെ ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.
പൂന്തോട്ടത്തിന്റെ അഴകായി നിറഞ്ഞു നില്‍ക്കുന്ന പൂക്കളായ റോസ്, ചെമ്പരത്തി, ചെത്തി തുടങ്ങിയവയില്‍ പൂക്കള്‍ കുറയുന്നൊരു സമയം കൂടിയാണിത്. എന്നാല്‍ ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍ എല്ലായ്‌പ്പോഴും ഒരേപോലെ പൂക്കള്‍ നിലനിര്‍ത്താം.
പൂച്ചെടികള്‍ക്ക് രോഗസാധ്യതയേറുന്ന സമയമാണ് കാലവര്‍ഷം. അതുകൊണ്ട് തന്നെ കമ്പ് കോതി വിടുന്നത് നല്ലതാണ്. ചട്ടികലില്‍ വളര്‍ത്തുന്നവര്‍ക്ക് ഇത് കുറ്റിച്ചെടിയായും വളര്‍ത്താവുന്നതാണ്. മഴക്കാലത്ത് കുത്തനെ മുകളിലേക്ക് വരുന്ന കമ്പുകള്‍ പലപ്പോഴും പൂവിടാറില്ല. ഇത്തരം കമ്പുകള്‍ മഴമാറുന്ന സമയത്ത് മുറിച്ച് കളയുന്നത് നല്ലതാണ്. ഇടതടവില്ലാതെ പൂക്കള്‍ നിറയാനായി പ്രൂണിംഗും സഹായിക്കും. ചട്ടിയില്‍ നട്ട ചെടി തിങ്ങി നിറയാതിരിക്കാനും ശ്രദ്ധിക്കണം.
പുതിയ ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിന് അനുയോജ്യമായ മികച്ച സമയമാണ് മഴക്കാലം. അന്തരീക്ഷത്തില്‍ ജലാംശം കൂടുകയും താപനില കുറയുന്ന സമയവുമാണ് ഇത്. അതിനാല്‍, ചെടികള്‍ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം. അധികം വെള്ളം ഒഴിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് ചെടികള്‍ വേഗത്തില്‍ നഷ്ടപ്പെടാന്‍ കാരണമാകും.
ചട്ടിയില്‍ ചെടി വളര്‍ത്തുന്നവര്‍, വെള്ളം പുറത്തേക്ക് കളയുന്നതിന് അടിയില്‍ ആവശ്യത്തിന് ഡ്രൈനേജ് സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം വെള്ളം ചട്ടിക്കുള്ളില്‍ കെട്ടി നിന്ന് വേരുകള്‍ ചീഞ്ഞ് പോകാനും ഫംഗസ്, ബാക്ടീരിയ മുതലായവ പെരുകാനും ഇടയാക്കും.
Discussion about this post