‘ഓർഗാനിക് ‘(Organic )എന്ന് സാങ്കേതികമായി പറഞ്ഞാൽ ‘anything which contains Carbon ‘എന്ന് പറയാം.കാർബൺ അടങ്ങിയതെന്തും ഓർഗാനിക് ആകുമെങ്കിൽ യൂറിയയും ഓർഗാനിക് തന്നെ. കാരണം കക്ഷിയുടെ തന്മാത്ര നാമം NH2(CO)NH2എന്നാകുന്നു. കുതറി ഓടാൻ നിൽക്കുന്ന രണ്ട് അമോണിയ സഹോദരങ്ങളെ ചേർത്ത് പിടിച്ചിരിക്കുന്ന വടം പോലെ ആണ് യൂറിയയിൽ കാർബൺ.ഇനി അതല്ല, ജൈവ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന വസ്തുക്കളെ ആണ് ഓർഗാനിക് അഥവാ ജൈവം എന്ന് പറയുന്നതെങ്കിൽ യൂറിയയും ജൈവമാണ്. കാരണം നമ്മൾ എല്ലാവരും ദിവസവും മൂത്രത്തിലൂടെ 25 ഗ്രാമോളം യൂറിയ പുറത്ത് വിടുന്നവരാണ്. ഏത് അളവുകോൽ വച്ചു നോക്കിയാലും യൂറിയ ഓർഗാനിക് തന്നെ.
ചെടികളുടെ കായിക വളർച്ചയ്ക്ക് ഏറ്റവും ആവശ്യം വേണ്ട മൂലകമാണ് നൈട്രജൻ. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകവും നൈട്രജൻ തന്നെ. 78%. പക്ഷെ അതിനെ പ്രയോജനപ്പെടുത്താൻ മുക്കാലേ മുണ്ടാണി ചെടികൾക്കും കഴിവില്ല.
അന്തരീക്ഷ നൈട്രജനെ ആവാഹിച്ച് പാലമരത്തിൽ തളയ്ക്കാൻ പയർ (Leguminosae)തറവാട്ടിൽ പിറന്ന പിള്ളകൾക്ക് മാത്രമേ കഴിയൂ.. ശീമക്കൊന്ന (ഇവിടുത്തു കാരൻ അല്ല എന്ന് പേരിൽ തന്നെ ഉണ്ട്. അങ്ങ് ശീമേന്നു വന്നതാ ), കണിക്കൊന്ന, സുബാബുൾ, ഡെയ്‌ഞ്ച, ചണമ്പ്, കിലുക്കി, വള്ളിപ്പയർ, കുറ്റിപയർ, ഉഴുന്ന്, ചെറുപയർ, മുതിര ഒക്കെ ഈ കുടുംബക്കാരാണ്.അതുകൊണ്ടാണ് വർഷത്തിൽ ഒരു സീസണിൽ മണ്ണിനെ ബലപ്പെടുത്താൻ പയർ വർഗ വിളകൾ മണ്ണിൽ ചേർത്ത് കൊടുക്കാൻ പറയുന്നത്. അവരുടെ വേര് മുകുള(Root nodules ) ങ്ങളിൽ വസിക്കുന്ന ബാക്ടീരിയകൾ(Rhizobium ) അന്തരീക്ഷ നൈട്രജനെ മണ്ണിലേക്ക് ആവാഹിക്കും . അപ്പോൾ മണ്ണ് നൈട്രജൻ സമ്പുഷ്ടമാകും. പക്ഷെ നമ്മൾ വിള പരിക്രമത്തിലൂടെ പയർ കൃഷി ഒന്നും ചെയ്യാൻ തയ്യാറല്ലല്ലോ . ജൈവ വളത്തിനു വേണ്ടി പശുവിനെയും ആടിനെയും വളർത്തുകയുമില്ല. മണ്ണിൽ വേണ്ടത്ര നൈട്രജൻ കിട്ടാൻ പിന്നെ യൂറിയ തന്നെ വേണ്ടി വരും.പിന്നെ അതിനെ കുറ്റം പറഞ്ഞിട്ട് എന്താകാനാ?
എന്ത് കൊണ്ടാണ് ജൈവ കൃഷിയിൽ യൂറിയയ്ക്കു ഇത്ര പതിത്വം?
മൽസ്യങ്ങൾ തങ്ങളുടെ ശരീരത്തിലെ അഴുക്കുകൾ (metabolic waste )അമോണിയ(Ammonia ) രൂപത്തിലും, സസ്തനികൾ യൂറിയ(Urea ) രൂപത്തിലും, പക്ഷികൾ (കോഴികൾ അടക്കം )യൂറിക് ആസിഡ് (Uric Acid )രൂപത്തിലും പുറം തള്ളുന്നു.അതായത് പരിണാമത്തിന്റെ ഓരോ ദശയിലും metabolic end products വ്യത്യസ്തമാകുന്നു.മേൽ പറഞ്ഞവയെല്ലാം നമ്മൾ വളമായി ഉപയോഗിക്കുന്നു. ഗോമൂത്രത്തിലും പച്ച ചാണകത്തിലും ഒക്കെ ഉള്ളത് അമോണിയ ആണ്. തന്മാത്ര തലത്തിൽ അല്ലെങ്കിൽ അയോണിക് (ionic level ) തലത്തിൽ ചെടികളുടെ വേരിന് ജൈവമെന്നോ അജൈവമെന്നോ വിവേചനം ഉണ്ടോ ഉത്തമാ? … അറിയില്ല.. വിദഗ്ദ്ധർ പറയട്ടെ…ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നൈട്രജൻ വളമത്രെ യൂറിയ. ഏതാണ്ട് 184 മില്യൺ ടൺ.
നമ്മുടെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിന്റെ ചാലക ശക്തിയാണ് യൂറിയ . ഒരു കൊല്ലം ഇന്ത്യയിൽ മാത്രം വേണം ഏതാണ്ട് 32 മില്യൺ ടൺ യൂറിയ. 2019-20ൽ ഇന്ത്യ 11മില്യൺ ടൺ യൂറിയ ആണ് ചൈനയിൽ നിന്നും മറ്റുമാണ് നമ്മൾ ഇറക്കുമതി ചെയ്ത് കൊണ്ടിരുന്നത്.പക്ഷെ ഇപ്പോൾ നിർത്തി.നമ്മുടെ പൈസ കൊണ്ട് അവൻ നമുക്കിട്ട് വേല വയ്ക്കുകയല്ലേ? ഇനി ഇന്ത്യയെ അതിന് കിട്ടില്ല. ‘ആത്മ നിർഭർ ഭാരത്’ പദ്ധതിയിൽ പെടുത്തി അഞ്ച് യൂറിയ ഫാക്ടറികളാണ് നമ്മൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു.അത് പൂർത്തിയായാൽ ചൈനയ്ക്കു യൂറിയ നുമ്മ കൊടുക്കും. രാമഗുണ്ടം, ഗോരക്പുർ, സിന്ദ്രി, ബറൗണി, താൽച്ചർ എന്നിവിടങ്ങളിൽ ആണ് ഫാക്ടറികൾ തയ്യാറായി കൊണ്ടിരിക്കുന്നത്. അതാണ് പുതിയ കളി. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്.1773 ൽ ആണ് ഹിലയ്ൻ മറീൻ റൗൾ മനുഷ്യമൂത്രത്തിൽ നിന്നും യൂറിയ എന്ന സംയുക്തം ആദ്യമായി വേർതിരിച്ചെടുത്തത്. മൂത്രത്തിന് നമ്മൾ യൂറിൻ എന്നാണല്ലോ ആംഗലേയത്തിൽ മൊഴിയാറ്. 1828 വരെ ശാസ്ത്രജ്ഞർ കരുതിയിരുന്നത് യൂറിയ ഒരു ജീവശരീരത്തിൽ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു.(Theory of Vitalism ) എന്നാൽ 1828 ൽ ഫ്രഡറിക് വോളർ ഈ മിത്ത് പൊളിച്ചടുക്കി.അമോണിയം സയനൈഡ് , കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ സംയോജിപ്പിച്ച്, വോളർ കൃത്രിമമായി യൂറിയ ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ചു.
കൃഷിയിൽ മാത്രമല്ല യൂറിയയുടെ ഉപയോഗം. പ്ലൈവുഡ് വ്യവസായത്തിൽ പശ ഉണ്ടാക്കാൻ യൂറിയ വേണം. (കരിഞ്ചന്തയിൽ സബ്‌സിഡി യൂറിയ വളക്കടകൾ, പ്ലൈവുഡ് കമ്പനികൾക്ക് മറിച്ചു വിൽക്കാറുണ്ട് എന്നാണ് കരക്കമ്പി ). കാലിത്തീറ്റകളിൽ ഒരു ചെറിയ ശതമാനം യൂറിയ ചേർക്കാറുണ്ട്. പ്രോട്ടീൻ നിർമ്മാണത്തിന് നൈട്രജൻ അനിവാര്യമാണല്ലോ.അമിനോ അമ്ലങ്ങൾ ചേർന്നതാണല്ലോ പ്രോട്ടീൻ. പ്രോട്ടീൻ ഭക്ഷണം നമ്മൾ കൂടുതൽ കഴിച്ചാൽ മൂത്രത്തിൽ കൂടുതൽ യൂറിയ ഉണ്ടാകും. അതൊരു പാട് കൂടിയാൽ ‘യുറീമിയ’ എന്ന അവസ്ഥ വരും. യൂറിക് ആസിഡ് ഒരുപാട് ആയാൽ ഗൗട്(Gout ) എന്ന രോഗാവസ്ഥയും ഉണ്ടാകും.സോറിയാസിസ്, എക്സിമ പോലെ ഉള്ള ചർമ്മ രോഗങ്ങൾ ചികിൽസിക്കാൻ യൂറിയ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. ചെവിക്കായം ഒക്കെ മൃദുവാക്കി അലിയിച്ചു കളയാനും യൂറിയ അടങ്ങിയ ക്രീമുകൾ നന്ന്.
യൂറിയയിലെ നൈട്രജൻ (അഥവാ അമോണിയ ) കുതറി ഓടാൻ നിൽക്കുന്ന ഒരു കൗമാരക്കാരനെ പോലെ ആണ്. ഈർപ്പം സ്വീകരിച്ചു അലുത്തു പോകും. (Hygroscopic ). തുറന്ന് വയ്ക്കുകയോ, മണ്ണിൽ ഇട്ടതിനു ശേഷം മണ്ണുമായി നന്നായി ഇളക്കാതെ തുറന്ന് തന്നെ കിടക്കുകയോ ചെയ്താൽ താൽക്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന രണ്ടു അമോണിയ തന്മാത്രകളും അന്തരീക്ഷത്തിലേക്ക് പറന്ന് പൊങ്ങും. (Volatalization ).ധന നഷ്ടം.ആഗോള താപനം.യൂറിയ മണ്ണിൽ ചേർന്ന് കഴിഞ്ഞാൽ പിന്നെ ‘യൂറീയേസ്'(Urease ) എന്ന എൻസൈമിന്റെ സഹായത്തോടെ അമോണിയ ആയി മാറും. പിന്നെ പണി ബാക്റ്റീരിയകൾ ഏറ്റെടുക്കും.ആദ്യം നൈട്രോസോമോണസ് എന്ന ബാക്റ്റീരിയ വരും. (ആര് പറഞ്ഞു, ഇതൊക്കെ ഇട്ടാൽ സൂക്ഷ്മജീവികൾ ചത്തുപോകുമെന്ന്?) അദ്ദേഹം അമോണിയയെ നൈട്രൈറ്റ് (Nitrite )ആക്കി മാറ്റും. പിന്നെ നൈട്രോബാക്ടർ എന്ന ബാക്റ്റീരിയ വരും. അയാൾ നൈട്രൈറ്റിനെ, നൈട്രേറ്റ് (nitrate )ആക്കി മാറ്റും. അപ്പോൾ അത് ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റിയ പാകത്തിലാകും. അതായത് ഒരു നേന്ത്രക്കായ മുറിച്ച് ഉണക്കി പൊടിച്ച്,കുറുക്കി കുഞ്ഞ് വാവയ്ക്ക് കൊടുക്കുന്ന അമ്മയെ പോലെ.
മണ്ണിൽ രാസവളം ചേർക്കുമ്പോൾ സൂക്ഷ്മാണുക്കൾ
നശിക്കും എന്ന് ഇതിന്റെ വെളിച്ചത്തിൽ എങ്ങനെ പറയാൻ കഴിയും?അങ്ങ് അന്റാർട്ടിക്ക മുതൽ കത്തിയുരുകുന്ന അഗ്നിപർവ്വതങ്ങളിൽ വരെ നമുക്ക് സൂക്ഷ്മജീവികളെ കാണാൻ കഴിയും.ജൈവ കൃഷി ശരിയായ അർത്ഥത്തിൽ ചെയ്യുന്നവർ ഒരിക്കലും പുറമെ നിന്നുള്ള വളങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണ്. ജൈവഫാമുകൾ എല്ലാം വളത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാകണം എന്നത് നിർബന്ധമാണ്. പുറമേ നിന്ന് വരുന്ന ചാണകത്തിലും കോഴിവളത്തിലും ഒക്കെ ആന്റിബയോട്ടിക്കുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.
1.കുമ്മായ പ്രയോഗം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു മാത്രം മണ്ണിൽ യൂറിയ ഉപയോഗിക്കുക.
2.യൂറിയ പ്രയോഗം അമിതമാകാതെ നോക്കുക. അമിതമായാൽ ചെടികളുടെ വേര് നശിക്കും. ഗാഡത കൂടിയ വളമാണ്.46% നൈട്രജൻ അതിൽ ഉണ്ട്.
3.മണ്ണിൽ യൂറിയ ഇടുമ്പോൾ അതിന് മുകളിൽ മണ്ണോ പുതയോ ഇല്ലെങ്കിൽ അമോണിയ രൂപത്തിൽ നൈട്രജൻ നഷ്ടപ്പെടും. (Volatalization )
4.തരി വലിപ്പം കൂടിയ രൂപത്തിൽ (super granules)ആയി ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും.
5.യൂറിയയുടെ അഞ്ചിലൊന്നു അളവ് വേപ്പിൻ പിണ്ണാക്കുമായി കലർത്തി ഇരുപത്തിനാലു മണിക്കൂർ വച്ചതിനു ശേഷം ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും.
6.യൂറിയയുടെ ആറിരട്ടി മണ്ണുമായി ചേർത്ത് പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുന്നതും നല്ലത് തന്നെ.
7.ഫ്രഷായ യൂറിയ (അതിൽ Biuret എന്ന toxin ഉണ്ടാകില്ല ) 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നത് കായിക വളർച്ച കൂട്ടും. പ്രത്യേകിച്ചും ചീരയിലും തീറ്റപ്പുല്ലിലുമൊക്കെ.
വാൽ കഷ്ണം :ഇനി നാനോ ടെക്‌നോളജി യുടെ കാലം. ലോകത്തിൽ ആദ്യമായി നാനോ യൂറിയ ഇന്ത്യ യിൽ ഉണ്ടാക്കിയത് IFFCO എന്ന കമ്പനി ആണ്. Dr. Ramesh Raliyeh ആണ് സൃഷ്ടാവ്.
ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഉൽപ്പാദന വിപണന സഹകരണ സ്ഥാപനമാണ് Indian Farmers Fertilizer Cooperative Limited എന്ന ഇഫ്‌കോ. സാധാരണ മണ്ണിൽ ഉപയോഗിക്കുന്ന 50 കിലോ യൂറിയയുടെ ഫലം തരുമത്രേ നാനോ രൂപത്തിലുള്ള 500 മില്ലി യൂറിയ. അപ്പോൾ കടത്തു കൂലിയും കുറയും. 2 മുതൽ 4മില്ലി നാനോ യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്.
ഇതിൽ ചിലർ ചില സംശയങ്ങൾ ഒക്കെ ഉന്നയിക്കുന്നുണ്ട്. എന്തായാലും യൂറിയ പാടത്തും മണ്ണിലും വാരി വിതറുന്നത് ഒരു കാർബൺ പോസിറ്റീവ് (അതിൽ നിന്നും Nitrous oxide ഉണ്ടാകും ) ആയ പ്രവൃത്തിയാണ്. ഭൂമിയ്ക്ക് അത് താങ്ങില്ല. നമ്മുടെ എല്ലാ പ്രവർത്തികളും കാർബൺ ന്യൂട്രലും കടന്ന്, കാർബൺ നെഗറ്റീവ് ആകണം.
പ്രമോദ് മാധവൻ,
അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ,ആലപ്പുഴ
Discussion about this post