‘മരുന്നടിച്ച പച്ചക്കറി കഴിച്ചു മടുത്തു’ വിരലില്‍ എണ്ണാവുന്ന വീടുകളില്‍ ഒഴികെ ബാക്കി എല്ലായിടത്തും ഈ പരാതി കേള്‍ക്കാം.ഇതിനൊരു പരിഹാരമാകുകയാണ് കൃഷി വകുപ്പിന്റെ ‘ജീവനീ – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി’. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, കൃഷി – ആരോഗ്യ വകുപ്പുകള് ചേര്‍ന്നൊരുക്കിയ സംരംഭമാണിത്. കൃഷി വകുപ്പ് ഒരുക്കിയ സഹായങ്ങളില്‍ ചിലത് പരിചയപ്പെടാം.
മഴമറ നിര്‍മാണം
വര്ഷം മുഴുവന്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിളവ് ലഭിക്കാനായി ആശ്രയിക്കാവുന്ന കൃഷി രീതിയാണ് മഴമറ കൃഷി. 100 സ്ക്വയര്‍ മീറ്ററിന് 5000 രൂപ വരെ സബ്സിഡിയാണ് ഇതിനു നല്‍കുന്നത്.
ഫെര്ട്ടിഗേഷന്‍
ജലസേചനത്തോടൊപ്പം തന്നെ വളപ്രയോഗവും നടത്തുന്ന കൃഷി രീതിയാണിത്. 50സെന്‍റിന് 3000 രൂപ വരെ ധനസഹായം ഈ കൃഷി രീതിക്ക് ലഭിക്കും.
‘എ’ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍
മികച്ച പച്ചക്കറി ക്ലസ്റ്ററുകള്‍ക്ക് പ്രാദേശിക വിപണി സജ്ജമാക്കുന്നതിനും കൃഷി വികസനത്തിനായും 6.3 ലക്ഷം രൂപ ധനസഹായം ലഭിക്കും.
കൃഷി പാഠശാല
കര്‍ഷകര്‍ക്ക് ഒപ്പം പൊതു ജനങ്ങള്‍ക്കും വേണ്ടിയും വര്ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാര്‍ഷിക പരീശിലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.
തേങ്ങ അരയ്ക്കാന്‍ ഇല്ലെങ്കില്‍ പണ്ടൊക്കെ ആളുകള്‍ തെങ്ങിന്‍റെ മൂട്ടിലേക്കാണ് പോയിരുന്നതെങ്കില്‍ നമ്മുടെ തലമുറ പോകുന്നത് കടയിലേക്കാണ്. ആ ശീലത്തിന് ഇനി വിശ്രമം നല്‍കാം. വീട്ടില്‍ ഒരു കല്‍പ്പവൃക്ഷവും കൂടെ കുറച്ച് ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വാര്‍ഡുകള്‍ തോറും 75 തെങ്ങിന്‍ തൈകള്‍ എന്ന കണക്കില്‍ 10 വര്ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ക്ക് ഒപ്പം 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകളും കൃഷി ഭവന്‍ മുഖേന വിതരണത്തിനു ഒരുങ്ങുന്നുണ്ട്.
കൃഷിയിടങ്ങളില്‍ നിന്ന് കൃഷി പണികള്‍ ഏറ്റെടുത്ത് നടത്താനായി ഇനി മുതല്‍ എല്ലാ ബ്ലോക്കുകളിലും പഞ്ചായത്തുകളിലും അഗ്രോ സര്‍വിസ് സെന്റര്‍ അഥവാ കാര്‍ഷിക കര്‍മ സേനയുണ്ടാകും. കൂടാതെ തിരുവാതിര ഞാറ്റുവേല കാലയളവില്‍ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടില്‍ വസ്തുക്കള്‍ വിതരണം ചെയ്യാനായി ഞാറ്റുവേല ചന്തകളും വിവിധ കാര്‍ഷിക പദ്ധതികളെ കുറിച്ച് അവബോധം നല്‍കാനായി കര്‍ഷകസഭകളും ഉണ്ടാകും.
കാര്‍ഷികവിളകള്‍ക്ക് പരിരക്ഷയും ഒരുക്കുന്നുണ്ട് സര്‍ക്കാര്‍.പ്രകൃതിക്ഷോഭം നിമിത്തമുണ്ടായ കൃഷി നാശത്തിന് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. ചുരുങ്ങിയ പ്രീമിയം നിരക്കില്‍ കൂടുതല്‍ നഷ്ടപരിഹാരം എന്ന്‍ സാരം. 27ഇനം കാര്‍ഷിക വിളകള്‍ക്കായി 12 ഇരട്ടി വരെയാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥാധിഷ്ടിത വില ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വിജ്ഞാപനം ചെയ്യുന്ന വിളകള്‍ക്കും കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന വിളനാശത്തിനും നഷ്ടപരിഹാരമുണ്ട്. കൂടാതെ PMFBY പ്രകാരം പ്രഖ്യാപിത വിളകള്‍ക്ക് ഉണ്ടാകുന്ന ഉത്പാദന നഷ്ടത്തിനു ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നുണ്ട്.
എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും.ഒപ്പം കാര്‍ഡ് പ്രകാരം ഈടില്ലാതെ 4% പലിശനിരക്കില്‍ ദേശസാല്കൃത ബാങ്കിലൂടെ ഹ്രസ്വകാല വായ്പകളും, കേരള ബാങ്കിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ ദീര്‍ഘ കാല വായ്പകളും, .പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്ന് 6.8% പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പകളും ലഭ്യമാക്കുന്നുണ്ട്.
കര്‍ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനും സാങ്കേതിക സഹായത്തിനും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലെയും കൃഷി വകുപ്പിലെയും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ബ്ലോക്ക് തല നോളഡ്ജ് സെന്‍റെറുകളും വരുന്നു.
ഇതിനു പുറമേ കാര്‍ഷിക യന്ത്രവത്ക്കരണം, അഗ്രി ബിസിനസ്,കര്‍ഷകൊദ്പ്പാദന കമ്പനികള്‍ എന്നിവയ്ക്കും സാമ്പത്തിക സഹായവും സബ്സിഡിയും നല്‍കുന്നുണ്ട്.
Discussion about this post