നല്ല ഉൽപ്പാദനം ലഭിക്കുന്നതിന് നന്നായി വിളവ് നൽകുന്നതും ഒപ്പം രോഗപ്രതിരോധശേഷിയുള്ള തുമായ നടീൽവസ്തുക്കൾ വേണം. ഇത്തരത്തിൽ ഗുണമേന്മയുള്ള തൈ ഉല്പാദിപ്പിക്കാൻ ഒട്ടിക്കൽ രീതി സഹായിക്കും. ഫലവൃക്ഷത്തൈകളിലും അലങ്കാരച്ചെടികളിലുമെല്ലാം ഈ രീതി വ്യാപകമായി പിന്തുടർന്ന് വരുന്നു. ഒട്ടിക്കൽ രീതിയുടെ സാധ്യതകൾ പച്ചക്കറികളിലും ഉപയോഗിക്കുന്നുണ്ട്.
പച്ചക്കറികളിൽ പ്രധാനമായും വഴുതനവർഗ്ഗ വിളകളെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ബാക്ടീരിയൽ വാട്ടം. റാൽസ്റ്റോണിയ സൊളനേസ്യാറം എന്ന ബാക്ടീരിയയാണ് ഇത് പരത്തുന്നത്. മണ്ണിൽ കാണപ്പെടുന്ന ബാക്ടീരിയ വേരിലൂടെ ചെടിയിലേക്ക് കടക്കും. ഇതുമൂലം ചെടികൾ വാട്ട ലക്ഷണങ്ങൾ കാണിച്ചു പൂർണമായും വാടിപ്പോകും. ഈ രോഗത്തെ ചെറുക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല രീതികളിൽ ഒന്നാണ് ഒട്ടിക്കൽ.
രോഗപ്രതിരോധശേഷിയുള്ള വഴുതനച്ചെടിയിൽ അല്ലെങ്കിൽ വഴുതനയുടെ കാട്ടിനമായ ചുണ്ടയിൽ ഒട്ടിക്കൽ നടത്താം. ചകിരിച്ചോറ് കമ്പോസ്റ്റ്, വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 3:3:1 എന്ന അനുപാതത്തിൽ കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ഇതിലേക്ക് വഴുതനയോ ചുണ്ടയോ മുളപ്പിക്കാം. ഒന്നര മാസം പ്രായമായ ചുണ്ടയിലേക്കോ വഴുതനയിലേക്കോ 25 ദിവസം പ്രായമായ തക്കാളി തൈകൾ ഒട്ടിക്കാം.
വഴുതന/ ചുണ്ട ചെടിയുടെ ചുവട്ടിൽ നിന്നും അഞ്ച് മുതൽ എട്ട് സെന്റീമീറ്റർ ഉയരത്തിൽ വട്ടം മുറിച്ച് നടുഭാഗത്ത് നിന്നും താഴേക്ക് ഒന്നര സെന്റീമീറ്റർ നീളത്തിൽ പിളർക്കുക. ഇതിലേക്ക് ഒട്ടിക്കുന്നതിനായി 10 സെന്റീമീറ്റർ നീളമുള്ള തക്കാളിത്തലപ്പ് എടുക്കാം. ഇലകൾ നീക്കം ചെയ്യാം. ചുവടുഭാഗം രണ്ടുവശത്ത് നിന്നും ചീന്തി ആപ്പിന്റെ ആകൃതിയിലാക്കണം. ശേഷം നേരത്തെ വഴുതനയിൽ ഉണ്ടാക്കിയ പിളർപ്പിലേക്ക് തക്കാളിയുടെ ചുവടുഭാഗം ഇറക്കി യോജിപ്പിച്ച് ഗ്രാഫ്റ്റിംഗ് ക്ലിപ്പ് ഉപയോഗിച്ച് ഉറപ്പിക്കാം. ഒരാഴ്ചക്കാലം ചൂടും ഈർപ്പവുമുള്ള മിസ്റ്റർ ചേംബറിൽ സൂക്ഷിക്കാം.. നനയ്ക്കുമ്പോൾ ഒട്ടിച്ച ഭാഗം നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയ്ക്കുശേഷം ഗ്രാഫ്റ്റിംഗ് ക്ലിപ്പ് എടുത്തുമാറ്റാം. വളർന്ന ശേഷം തൈകൾ മിസ്സ് ചേമ്പറിൽ നിന്നും പുറത്തെടുത്ത് നേരിയ തണലിലോ പോളിഹൗസിലെ സൂക്ഷിക്കാം. 15 ദിവസം പ്രായമായ ഒട്ടുതൈകൾക്ക് 20 ഗ്രാം 19 :19 :19, 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചു കൊടുക്കാം ഒരു മാസം പ്രായമായ തൈകൾ കൃഷിയിടങ്ങളിലേക്ക് പറിച്ചു നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിൽ മുട്ടാതിരിക്കാൻ ശ്രദ്ധിക്കാം. ചെടികളുടെ വളർച്ചയ്ക്കനുസരിച്ച് താങ്ങു നൽകാൻ മറക്കരുത്.
Discussion about this post