മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പുകയില എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന രാസവസ്തുവാണ് വില്ലന്‍. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമകളായവരില്‍ ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ കണ്ടുവരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു മാദകദ്രവ്യമാണിത്. പുകയില ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്.
കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലാണ് പുകയില കൃഷി ചെയ്യുന്നത്. പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ലയും കാസര്‍കോഡ് തന്നെ. ‘ചപ്പ്’ എന്നാണ് കാസര്‍കോട്ടുകാര്‍ പുകയിലയ്ക്ക് പറയുന്നത്. പണ്ട് കാസര്‍കോഡ് ജില്ലയില്‍ വ്യാപകമായി പുകയില കൃഷി ഉണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി ടണ്‍ കണക്കിന് പുകയില കാസര്‍കോടുനിന്ന് മംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. പള്ളിക്കരയിലെ തീരദേശ മേഖലയിലായിരുന്നു ഏറ്റവും കൂടുതല്‍ കൃഷി നടത്തിയിരുന്നത്. ചേറ്റുകുണ്ട് കടപ്പുറം മുതല്‍ ബേക്കല്‍ ബീച്ച് വരെ 40 ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിച്ചിരുന്നു.
എന്നാല്‍, പുകയില ഉപയോഗം കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് തൊണ്ണൂറുകളില്‍ സര്‍ക്കാര്‍ വ്യാപക ബോധവത്കരണം നടത്തുകയും കൃഷിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. ബേക്കല്‍ പദ്ധതിക്ക് വേണ്ടി തീരപ്രദേശം ഏറ്റെടുക്കുകയും ചെയ്തതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു.
ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. ദഹനക്കുറവ്, വയറുപെരുക്കം, അരുചി എന്നിവ ശമിപ്പിക്കാന്‍ ഔഷധകൂട്ടില്‍ പുകയില ചേര്‍ത്ത് നല്‍കാറുണ്ട്. വിഷപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ ഛര്‍ദ്ദിച്ചു കളയാനും പുകയില നീര് ഉപയോഗിക്കാറുണ്ട്.
Discussion about this post