ടിഷ്യുകൾച്ചർ എന്ന് കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ടിഷ്യുകൾച്ചർ വാഴകളും ഓർക്കിഡുകളും ആന്തൂറിയവുമെല്ലാം നമുക്ക് പരിചയമുണ്ട്. എന്താണ് ടിഷ്യുകൾച്ചർ…എന്തിനാണ് ടിഷ്യുകൾച്ചർ ചെയ്യുന്നത് എന്നൊക്കെ അറിയേണ്ടെ…
1898 ജർമ്മൻ സസ്യശാസ്ത്രജ്ഞനായിരുന്ന ഗോട്ടിലീബ് ഹേബർലാൻഡ് ആണ് ടിഷ്യുകൾച്ചർ കണ്ടെത്തിയത്. ഒരു സസ്യത്തിന്റെ ഏതെങ്കിലും കോശം സസ്യത്തിൽ നിന്ന് വേർപെടുത്തി അനുയോജ്യമായ മീഡിയത്തിൽ അണുവിമുക്തമായ സാഹചര്യത്തിൽ പരീക്ഷണശാലയിൽ വളർത്തിയെടുക്കുന്നതിനാണ് ടിഷ്യുകൾച്ചർ എന്ന് പറയുന്നത്. ചെടിയുടെ ഇലയോ തണ്ടോ വേരോ ഏതു ഭാഗം വേണമെങ്കിലും ടിഷ്യുകൾച്ചറിനായി ഉപയോഗിക്കാം.
ടിഷ്യുകൾച്ചറിനായി തിരഞ്ഞെടുക്കുന്ന സസ്യഭാഗത്തെ നമ്മൾ എക്സ്പ്ലാന്റ് എന്നാണ് വിളിക്കുന്നത്. ഇലകളാണ് എക്സ്പ്ലാന്റ് ആയി തിരഞ്ഞെടുക്കുന്നത് എന്ന് വിചാരിക്കൂ… ആദ്യം ഇലകൾ നന്നായി കഴുകി നിശ്ചിത വലുപ്പത്തിൽ മുറിച്ച് അണുവിമുക്തമാക്കിയതിനുശേഷം പ്രത്യേകം തയ്യാറാക്കിയ മീഡിയത്തിൽ ഇറക്കി വയ്ക്കണം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇലകളിൽ കോശവിഭജനം നടന്ന് പുതിയ കോശങ്ങൾ രൂപപ്പെടും. അവയെ കാലസ് എന്നാണ് വിളിക്കുന്നത്. കാലസ് വീണ്ടും പുതിയ മീഡിയത്തിലേക്ക് മാറ്റണം. ഈ കാലസിൽ നിന്നാണ് പുതിയ തൈകൾ രൂപപ്പെടുന്നത്. ഈ കാര്യങ്ങളെല്ലാം വളരെയധികം അണുവിമുക്തമായ സാഹചര്യങ്ങളിൽ പരീക്ഷണശാലയിൽ ലാമിനാർ എയർ ഫ്ലോ എന്ന സംവിധാനത്തിനുള്ളിൽവച്ചു വേണം ചെയ്യാൻ. സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ടിഷ്യുകൾച്ചർ പ്രക്രിയയെ വളരെയധികം ദോഷകരമായി ബാധിക്കും.
എന്തൊക്കെയാണ് ടിഷ്യുകൾച്ചറിന്റെ ഗുണങ്ങൾ… കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചെടികൾ ഉൽപാദിപ്പിക്കാൻ ടിഷ്യുകൾച്ചറിലൂടെ സാധിക്കും. രോഗങ്ങളില്ലാത്ത ചെടികൾ ഉത്പാദിപ്പിക്കുവാനും ടിഷ്യുകൾച്ചർ സഹായിക്കും. സീസണൽ ആയിട്ടുള്ള സസ്യങ്ങൾ ഏതു സമയത്തും ലഭ്യമാക്കുവാനും ടിഷ്യുകൾച്ചറിന് കഴിയും. അലങ്കാരസസ്യങ്ങൾ വൻതോതിൽ ഉത്പാദിപ്പിക്കുവാനും പുതിയ ഇനം സസ്യങ്ങളുടെ ഉൽപാദനത്തിലും ടിഷ്യുകൾച്ചറിന് പങ്കുണ്ട്.
Discussion about this post