മില്ലറ്റുകളെയാണ് ചെറുധാന്യങ്ങൾ എന്ന് പറയുന്നത്. പുല്ല് വർഗ്ഗത്തിലാണ് മില്ലറ്റുകൾ ഉൾപ്പെടുന്നത്. പ്രധാനമായും മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന മില്ലറ്റുകൾ ചെറുതും ഉരുണ്ടതും പൊടിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരും ഇവ. വരൾച്ചയെ അതിജീവിക്കുവാനുള്ള കഴിവുമുണ്ട്.
മില്ലറ്റുകളിൽ പ്രധാനിയാണ് തിന. ഒരു കാലത്ത് പാടങ്ങളിൽ തിനയും കൃഷി ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന വിളയാണ് തിന. ഏകദേശം 7000 വർഷങ്ങൾക്കു മുൻപ് ചൈനയിൽ തിന കൃഷി ചെയ്തിരുന്നതായാണ് ചരിത്രം.
ഫോക്സ് ടെയിൽ മില്ലറ്റ് എന്നാണ് തിന അറിയപ്പെടുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. ചൈനയാണ് ജന്മദേശം. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സെറ്റേരിയ ഇറ്റാലിക്ക എന്നാണ് ശാസ്ത്രനാമം.
ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് തിന. കട്ടി കുറഞ്ഞ പച്ചനിറമുള്ള തണ്ടുകളാണ് ഇവയ്ക്ക്. വേനൽക്കാലത്താണ് പൂക്കൾ ഉണ്ടാകുന്നത്. കാറ്റിന്റെ സഹായത്താലാണ് പരാഗണം നടക്കുക.
ധാതുക്കളുടെയും വൈറ്റമിനുകളുടെയും കലവറയാണ് തിന. ഗോതമ്പിൽ ഉള്ളതിനെക്കാൾ പ്രോട്ടീനുണ്ട് തിനയിൽ. അന്നജത്തിന്റെ അളവ് കുറവുമാണ്. ഉണക്കിപ്പൊടിച്ച തിന മറ്റു ധാന്യപ്പൊടികളുമായി ചേർത്ത് പലതരം പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്. ഉയർന്ന ആന്റി ഓക്സിഡന്റ് അംശമുള്ളതിനാൽ ടൈപ്പ് 2 പ്രമേഹം ഉള്ളവർക്കും ഫലപ്രദമാണ്. വളർത്തു പക്ഷികൾക്കും കോഴികൾക്കും തീറ്റയായും തിന ഉപയോഗിക്കുന്നു.
Discussion about this post