രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകുന്നത് ആയിരുന്നു. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 237.4 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് ഇതിനൊപ്പം കേന്ദ്രസഹായമായ 155.5 കോടി രൂപയും വകയിരുത്തി. വിള പരിപാലനത്തിന് 535.9 കോടി രൂപയും അനുവദിച്ചു. സമഗ്രമായ നെല്ലു വികസന പദ്ധതിക്ക് അടുത്ത വർഷത്തോടെ ആരംഭം കുറിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
സുസ്ഥിര നെല്ലു വികസനത്തിന് 150 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ കാർഷിക മേഖല കഴിഞ്ഞ മൂന്നു വർഷമായി മെച്ചപ്പെട്ട വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നാളികേര വികസനത്തിനായി 73 കോടി രൂപയും പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപയും വകയിരുത്തി. ഇതിനൊപ്പം സുഗന്ധവിജ്ഞാന വിള പദ്ധതി വികസനത്തുക 4.6 കോടിയിൽ നിന്ന് 7.6 കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തു. കാർഷിക സർവകലാശാലകളുടെ വികസനത്തിനായി 43 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൽ പുതിയ പദ്ധതികൾക്കായി 21 കോടി രൂപയും മാറ്റിവെച്ചു. കേരളത്തെ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ ഹബ്ബ് ആക്കാൻ ധാരാളം പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post