ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള കാപ്പി ഇനമാണ് അറബിക്ക. ഉയർന്ന കുന്നുകളിൽ കൃഷിയിറക്കുന്ന അറബിക്ക മികച്ച നിറവും ഗുണമേന്മയുമുള്ള ഇനമാണ്.കേരളത്തിൽ വയനാട് കേന്ദ്രീകരിച്ച് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാപ്പി ഇനം കൂടിയാണ് അറബിക്ക. ഒരുകാലത്ത് അട്ടപ്പാടി മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന ഇനമായിരുന്നു ഇത്. വീണ്ടും അറബിക്ക കാപ്പി കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയിലാണ് അട്ടപ്പാടി സഹകരണ ഫാമിങ് കാർഷിക സൊസൈറ്റി.
ഇതിന് പൂർണ്ണപിന്തുണയുമായി കൃഷി വകുപ്പും രംഗത്ത് എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചിണ്ടങ്കി, കരുവാര, പുതുപ്പാടി ഊരുകൾ കേന്ദ്രീകരിച്ച് കൃഷി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 76 ലക്ഷം രൂപയാണ് സർക്കാർ പ്രാഥമിക ചെലവായി നീക്കി വെച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിന്റെ കാർഷിക വരുമാന വർദ്ധനയ്ക്ക് നീക്കി വെച്ചിട്ടുള്ള ഫണ്ടിൽ നിന്നാണ് കാപ്പി കൃഷി വ്യാപിപ്പിക്കാനുള്ള തുക നൽകുന്നതെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൂൺ 14ന് ചേർന്ന സംസ്ഥാനതല കാർഷിക പ്രവർത്തകസമിതി യോഗം ഇതിന് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ പണി പൂർത്തിയാക്കി കൊണ്ടിരിക്കുന്ന അട്ടപ്പാടി വാലി ജലസേചന പദ്ധതി പ്രവർത്തനസജ്ജമാകുന്ന മുറയ്ക്ക് കനാൽ ജലസേചന സംവിധാനത്തിന് സഹായത്തോടെ കൃഷി അട്ടപ്പാടിയുടെ മറ്റു ഊരുകളിലേക്കും വ്യാപിപ്പിക്കും.
Discussion about this post