പേരുകേട്ട് പേടിക്കേണ്ട… ഒരു ചെറിയ പൂച്ചെടി ആണ് ആൾ. വഴിയിലും മതിലരികിലും ഉപയോഗശൂന്യമായ സ്ഥലങ്ങളിലുമൊക്കെ കാണപ്പെടുന്ന ഒരു പാവം ചെടി. പക്ഷേ ആളത്ര നിസാരക്കാരനല്ല. സസ്യശാസ്ത്രജ്ഞരുടെയും ജനിതക ശാസ്ത്രജ്ഞരുടെയും കണ്ണിലുണ്ണിയാണ് ഈ പാവത്താൻ. ആ കഥയിലേക്കും നമുക്ക് വരാം.
ജോഹന്നാസ് താൽ എന്ന വ്യക്തിയാണ് ഇവയെ ആദ്യമായി വിവരിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് താലിയാന എന്ന പേര്. പറയത്തക്കയൊരു മലയാളം പേരില്ല ഇവർക്ക്. ബ്രാസിക്കേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. മൗസ് ഇയർ ക്രെസ്സ് എന്നാണ് ഇംഗ്ലീഷിൽ പേര്. ആഫ്രിക്കയാണ് ജന്മദേശം. വെറും ആറാഴ്ച കൊണ്ട് ജീവിതചക്രം പൂർത്തിയാക്കുന്ന ചെടികളാണിവ. 20 മുതൽ 25 സെന്റീമീറ്റർ വരെ ഉയരം വയ്ക്കും. ഇലകൾ നിറയെ ചെറിയ മുടികൾ പോലെ കാണാം. ട്രൈക്കോം എന്നാണ് അതിനെ വിളിക്കുന്നത്. വളരെ ചെറിയ പൂക്കളാണ് ഇവയ്ക്ക്.
ജനിതക ശാസ്ത്രത്തിൽ ഒരു മാതൃകാ സസ്യമാണ് അറബിഡോപ്സിസ്. വളരെ ചെറിയ ജീനുകളാണ് ഇവയുടെ. ചെറിയ ജീനോം ഉള്ള സസ്യങ്ങളിൽ ഒന്നാണ് ഇവ. സസ്യങ്ങളിലെ ജീനോം സീക്യൻസിംഗ് ആദ്യമായി നടത്തിയത് അറബിഡോപ്സിസിലാണ്. സസ്യങ്ങളിൽ പൂക്കൾ ഉണ്ടാകുന്നതും പ്രകാശവും ആയുള്ള ബന്ധം കണ്ടെത്തിയതും ഇവയിലാണ്.
പരിണാമം, ജനസംഖ്യ ജനിതകശാസ്ത്രം, സസ്യവികസനം, എന്നിങ്ങനെയെല്ലാമുള്ള പഠനങ്ങൾ ഇവയിൽ നടക്കുന്നുണ്ട്. ഒത്തിരി വിത്തുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നു എന്നതും ഇവയുടെ ചെറിയ വലുപ്പവും ആറാഴ്ച മാത്രമുള്ള ജീവിത ചക്രവും ഇവയെ ഗവേഷകർക്ക് ഒത്തിരി പ്രിയപ്പെട്ടതാകുന്നു.
Discussion about this post