പശുക്കളുടെ വേനല്‍ക്കാല പരിചരണത്തില്‍ കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കടുത്ത വേനല്‍ച്ചൂട് പാലളവും പാലിന്റെ ഫാറ്റ്, എസ് എന്‍ എഫ് എന്നിവ കുറയാനും കാരണമാകും. പശുക്കള്‍ മദിലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാക്കാതിരിക്കുന്നത് കടുത്ത വേനലില്‍ സാധാരണയാണ്. പശുക്കളുടെ താപനില നിയന്ത്രണത്തിലാണെങ്കില്‍ മാത്രമേ കൃത്രിമ ബീജധാനം വിജയിക്കൂ. ഉയര്‍ന്ന ശരീരോഷ്മാവ് ബീജത്തിന് താങ്ങാന്‍ സാധിക്കാതെ ബീജം നശിച്ച് പോകുന്നതാണ് ഇതിന് കാരണം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
• വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിര്‍ബന്ധമാക്കുക. ചൂട് വായു പുറത്തേക്ക് കളയാനായി എക്‌സോസ്റ്റ് ഫാനും ഉപയോഗിക്കാം.
• മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/തുള്ളി നന/നനച്ച ചാക്കിടുന്നത് ഉത്തമം. ടാര്‍പോളിന്റെ കീഴെ പശുക്കളെ കെട്ടിയിടുന്നതും അപകടകരമാണ്.
• ഇടയ്ക്കിടെ പശുക്കളെ കുളിപ്പിക്കുന്നതിലും ഉത്തമം തുണി നനച്ച് തുടക്കുകകയോ മേല്‍ക്കൂരയ്ക്ക് മുകളില്‍ തുള്ളി നന നല്‍കുകയോ ചെയ്യാം.
• രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക.
• ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. (80100 ലിറ്റര്‍ വെള്ളം/ദിവസം)
• ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം.
• ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തുക.
• ധാതുലവണ മിശ്രിതം, അപ്പക്കാരം, ഉപ്പ്, പ്രോബയോട്ടിക്‌സ്, ഇലക്ട്രോളൈറ്റ്‌സ്, വിറ്റാമിന്‍ എ എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം.
എരുമകള്‍
എരുമകള്‍ക്ക് മുങ്ങിക്കിടക്കാനായി ടാങ്കുകള്‍ അത്യാവശ്യം. വയര്‍പ്പ് ഗ്രന്ധികള്‍ ഇല്ലാത്തതിനാല്‍ എപ്പോഴും തണുപ്പിച്ച് കൊടുക്കണം. ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം.
പന്നികള്‍
വിദേശ ഇനം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ്. എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതം നന കൊടുക്കുന്നതും അവയെ ചൂടില്‍ നിന്നും രക്ഷിക്കും. പ്രോബയോട്ടിക്‌സ്, ധാതുലവണമിശ്രിതം ഒക്കെ പന്നികള്‍ക്കും ആവശ്യമാണ്.
കോഴികള്‍
കോഴികള്‍ക്ക് തണുത്ത വെള്ളം, മോരും വെള്ളം കുടിക്കാനായി ലഭ്യമാക്കണം. രാവിലെയും വൈകീട്ടും തറവിരി ഇളക്കി ഇടണം. വൈറ്റമിന്‍ സി, ഇലക്ട്രോളൈറ്റ്‌സ്, പ്രോബയോട്ടിക്‌സ് എന്നിവ മാറി മാറി കുടിവെള്ളത്തില്‍ നല്‍കുന്നത് ചൂട് കുറക്കാന്‍ സഹായിക്കും. മേല്‍ക്കൂരക്ക് മുകളില്‍ ചാക്ക് നനച്ച് ഇടാവുന്നതാണ്.
പെറ്റ്‌സ്
വിദേശ ഇനം നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ യാത്ര ചെയ്യിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. യാത്രകള്‍ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടണം. തീറ്റ രാവിലെയും വൈകീട്ടും ആക്കി ക്രമപ്പെടുത്തണം. എയര്‍ കണ്ടീഷന്‍ ആണെങ്കിലും അടച്ചിട്ട കാറിനുള്ളില്‍ ഇടുന്നത് അപകടം ക്ഷണിച്ചു വരുത്തും. കുടിക്കാനുള്ള ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വെക്കണം. കിളികള്‍ക്ക് കുളിക്കാന്‍ ഉള്ള വെള്ളവും ക്രമീകരിക്കേണ്ടതാണ്.
നിര്‍ജ്ജലീകരണം
പ്രതിരോധശേഷി കുറയ്ക്കുന്നത് മൂലം മറ്റ് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഉണ്ട്. വിറ്റാമിന്‍ സപ്ലിമെന്റ് നല്‍കുന്നത് പ്രതിരോധ ശേഷി കുറഞ്ഞ് പോകാതിരിക്കാന്‍ സഹായിക്കും. നനഞ്ഞ ടവല്‍ കൊണ്ട് തുടയ്ക്കുന്നതും പൊതിയുന്നതും ചൂട് കുറക്കും.
സൂര്യാഘാതം ലക്ഷണങ്ങള്‍
തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയം പതയും വരല്‍, വായ തുറന്ന ശ്വാസവും, പൊള്ളിയ പാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തൊട്ടടുത്ത സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
Discussion about this post