ഒരു നിത്യഹരിതവന വൃക്ഷമാണ് തേയിലച്ചെടി. 100 മുതല്‍ 150 വര്‍ഷം വരെ തേയിലച്ചെടിയില്‍ നിന്ന് ആദായം ലഭിക്കും. കേരളത്തില്‍ നമ്മള്‍ ഇന്ന് കാണുന്ന പല തേയിലത്തോട്ടങ്ങളും നൂറിലധികം വര്‍ഷം പ്രായമുള്ളവയാണ്. ഇലകള്‍ ആവശ്യാനുസരണം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തില്‍ നിലനിര്‍ത്തുന്നതാണ്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് തേയിലച്ചെടിയുടെ കമ്പുകള്‍ മുറിച്ച് ചെറുതാക്കി നിര്‍ത്തേണ്ടത്. കവാത്തു നടത്തുക എന്നാണ് ഇതറിയപ്പെടുന്നത്.
തണപ്പുപ്രദേശങ്ങളാണ് തേയിലച്ചെടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം. വര്‍ഷത്തില്‍ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്. 200 മുതല്‍ 300 സെന്റീമീറ്റര്‍ വരെയുള്ള വാര്‍ഷികവര്‍ഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം. ഉയര്‍ന്ന പ്രദേശങ്ങളിലെ മലഞ്ചെരുവുകളാണ് തേയില കൃഷിക്ക് അനുയോജ്യം. മൂന്നാര്‍, വയനാട്, പീരുമേട് എന്നിവിടങ്ങള്‍ തേയിലച്ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. ഇവിടെ ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോണ്ടൂര്‍ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികള്‍ നടുന്നത്.
ഇതിനെയാണ് കോണ്ടൂര്‍ നടീല്‍ അഥവാ കോണ്ടൂര്‍ പ്ലാന്റിങ് എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീര്‍ണ്ണം സ്ഥലത്ത് പരമാവധി ചെടികള്‍ നടാം. മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയാന്‍ ഈ രീതി നല്ലതാണ്.
നേരിട്ടുള്ള സൂര്യപ്രകാശം തേയിലച്ചെടിക്ക് ഗുണകരമല്ല. അതുകൊണ്ട് തന്നെ ഇതിനിടയില്‍ മരങ്ങള്‍ ഇടവിട്ട നിരയായി വെച്ചുപിടിപ്പിക്കാറുണ്ട്. സില്‍വര്‍ ഓക്ക് മരങ്ങളാണ് ഇത്തരത്തില്‍ കൂടുതലായും നട്ടുപിടിപ്പിക്കുന്നത്. ഇത് ആവശ്യത്തിന് തണലും നല്‍കും, കാറ്റിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്യും.
ഒരു പരസ്യത്തില്‍ നടന്‍ മോഹന്‍ലാല്‍ പറയുന്നത് കേട്ടിട്ടില്ല.. ഉയരും കൂടുംതോറും ചായയുടെ രുചിയും കൂടുമെന്ന്. സംഭവം സത്യമാണ്. കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന തേയില കൂടുതല്‍ ഗുണനിലവാരമുള്ളവയായിരിക്കും. താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങള്‍ പെട്ടെന്ന് വിളവ് നല്‍കുമെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന തേയില ഗുണനിലവാരം കുറഞ്ഞതായിരിക്കും.
തേയിലച്ചെടിയുടെ തളിരിലകള്‍ മാത്രമേ ചായപ്പൊടിയുണ്ടാക്കാന്‍ ഉപയോഗിക്കാറുള്ളൂ. ഇലയുടെ കൂമ്പും രണ്ടു തളിരിലകളും മാത്രമാണ് ഇതിനായി നുള്ളിയെടുക്കുന്നത്.
വര്‍ഷം മുഴുവനും തേയില നുള്ളല്‍ ജോലിയുണ്ടെങ്കിലും പുതിയ തളിരിലകള്‍ വളരുന്നതിന് ഓരോയിടത്തും നിശ്ചിത ഇടവേളകള്‍ നല്‍കുകയാണ് ചെയ്യുന്നത്. പൊതുവെ താഴ്ന്ന പ്രദേശങ്ങളില്‍ ഈ ഇടവേള ഒരാഴ്ചയായിരിക്കും. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകുന്തോറും ഇത് രണ്ടാഴ്ച വരെയാകും.
ആറ് ഘട്ടങ്ങളാണ് തേയില സംസ്‌കരണത്തിനുള്ളത്. ഉണക്കല്‍, ചതയ്ക്കല്‍, റോള്‍ ബ്രേക്കിംഗ്, പുളിപ്പിക്കല്‍, ഫയറിംഗ്, തരംതിരിക്കല്‍. നുള്ളിയെടുത്ത ഇലകളെ, തട്ടുകളില്‍ ഒരേ കനത്തില്‍ നിരത്തിയിട്ട് അതിലെ ഈര്‍പ്പം പോകാനനുവദിക്കുന്നു. സൗകര്യമുള്ള സ്ഥലങ്ങളില്‍ വെയിലത്തിട്ടാണ് ഉണക്കുന്നത്. എന്നാല്‍ മിക്കവാറും സ്ഥലങ്ങളിലും വലിയ മുറികളില്‍ ഈ തട്ടുകള്‍ അടുക്കിവച്ച് ചൂടുകാറ്റ് പ്രവഹിപ്പിച്ചാണ് ഉണക്കിയെടുക്കുന്നത്.
ഉണക്കിയെടുത്ത തേയില ഒരു റോളറിലൂടെ കടത്തിവിട്ട് ചതച്ചെടുക്കുന്നു. ഇതിലൂടെ ഇല കഷണങ്ങളാകുന്നതോടൊപ്പം, ഇലക്കകത്തെ ചാറ് പുറത്തേക്കെത്തുന്നു. ചതച്ചെടുത്ത് വരുന്ന ഇലകള്‍ കമ്പിവലയ്ക്കു മുകളിലൂടെ കടത്തിവിടുന്നു. അങ്ങനെ വലിപ്പം കുറഞ്ഞ ഇലക്കഷണങ്ങള്‍ താഴേക്കു വീഴുകയും മിച്ചം വരുന്ന ഇലകളെ വീണ്ടും ചതക്കുന്നതിന് റോളറിലേക്കയക്കുന്നു. ചതച്ചെടുത്ത ഇലകളെ ഒരു തണുത്തതും ഈര്‍പ്പമുള്ളതുമായ മുറിയില്‍ കോണ്‍ക്രീറ്റ് തട്ടുകള്‍ക്കു മുകളില്‍ വിതറിയിടുന്നു. ഇവിടെയാണ് പുളിക്കല്‍ നടക്കുന്നത്. പച്ച നിറത്തിലുള്ള ഇലകള്‍ ഇതോടെ ഉപഭോക്താക്കള്‍ക്ക് പരിചിതമായ കറുത്ത നിറമായി മാറുന്നു. നിശ്ചിത കാലയളവിനു ശേഷം ഇലകളെ ഒരു ഓട്ടോമാറ്റിക് ടീ ഡ്രയറിലൂടെ കടത്തിവിടുന്നു. ഇവിടെ ചൂടുകാറ്റ് ഉപയോഗിച്ച് ഇലകളെ ഉണക്കുകയും അതോടൊപ്പം പുളിക്കല്‍ പ്രക്രിയ അവസാനിക്കുകയും ചെയ്യുന്നു.
ഇവിടെ ഉപയോഗിക്കുന്ന ചൂടുകാറ്റിന്റെ താപനിലയും പ്രവഹിപ്പിക്കുന്ന സമയവും ശ്രദ്ധയോടുകൂടി നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇല വെന്തുപോകുകയും ഗുണനിലവാരം കുറയുകയോ തീര്‍ത്തും ഉപയോഗശൂന്യമാകുകയോ ചെയ്യും.
ഇലയുടെ വലിപ്പത്തിനനുസരിച്ച് തേയിലയെ പലതായി തരം തിരിക്കുന്ന പ്രക്രിയയാണിത്.
Discussion about this post