ഭാരതത്തിലെ മൊത്തം ധാന്യ ഉല്‍പ്പാദനം കണക്കിലെടുത്താല്‍ ആളോഹരി 187 കിലോ വാര്‍ഷിക ഉല്‍പ്പാദനം ഉള്ളതായി കാണാം..അതായത് ദിനേന ശരാശരി 512 ഗ്രാം. ധാന്യങ്ങള്‍ എന്ന് പറയുമ്പോള്‍ അരി, ഗോതമ്പ്, ചോളം, ചെറുധാന്യങ്ങള്‍ എന്നിവയെല്ലാം പെടും. പക്ഷെ കേരളത്തിലെ മാത്രം ധാന്യ ഉല്‍പ്പാദനം എടുത്താല്‍ ആളോഹരി ഉല്‍പ്പാദനം 17കിലോ മാത്രം.അതായത് ഒരു ദിവസം വെറും 47ഗ്രാം മാത്രം.
കേരള ചരിത്രത്തിലെ ഏറ്റവും മികച്ച നെല്‍ വിളവ് സര്‍ക്കാര്‍ കണക്ക് പ്രകാരം ഉണ്ടായത് 1975-76ല്‍ ആയിരുന്നു. അന്ന് 6.76ലക്ഷം ഹെക്റ്ററില്‍ നിന്നും ഉള്ള ഉല്‍പ്പാദനം 13.31ലക്ഷം ടണ്‍. അന്നത്തെ ജനസംഖ്യ രണ്ടു കോടി പതിമൂന്ന് ലക്ഷം. അപ്പോള്‍ വാര്‍ഷിക ആളോഹരി ധാന്യ ഉല്‍പ്പാദനം 62.5കിലോ. ദിനേന 185ഗ്രാം.ഇതാണ് കേരളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം.
എഴുപതുകളില്‍,ആകെ കൃഷിഭൂമിയുടെ നാല്പതു ശതമാനം സ്ഥലത്തു ഭക്ഷ്യവിളകള്‍ കൃഷി ചെയ്തിരുന്നുവെങ്കില്‍, ഇന്ന് കഷ്ടിച്ച് പതിനഞ്ച് ശതമാനം സ്ഥലത്ത് മാത്രമായി അത് ചുരുങ്ങി. അവിടേക്ക് നാണ്യവിളകള്‍ പതിയെ കാലുറപ്പിച്ചു. ചുരുക്കത്തില്‍ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല ഇതര സംസ്ഥാനങ്ങളുടെ ഒരു വലിയ അവസരമായി മാറി.
എന്തായാലും,വളരെയധികം വെള്ളം ആവശ്യമുള്ള നെല്‍കൃഷി പോലെയുള്ള കൃഷികളില്‍ നിന്നും ചില സംസ്ഥാനങ്ങള്‍ പിന്മാറാന്‍ തുടങ്ങിയിരിക്കുന്നു. ഗോതമ്പിനെയും പതുക്കെ അവര്‍ കൈവെടിയും. ആയതിനാല്‍ അരിയില്ലാതെ, അല്ലെങ്കില്‍ അരിയാഹാരം കുറച്ച് കൊണ്ട് ജീവിക്കാന്‍ നമ്മള്‍ പഠിക്കേണ്ടി വന്നേക്കാം.
അപ്പോള്‍ പിന്നെ കിഴങ്ങു വര്‍ഗ വിളകള്‍ തിന്ന് ജീവിച്ചു കളയാം എന്നായിരിക്കും ചിന്ത.ഇന്ന്,ഒരു പരിധി വരെ ഒരു ഉപദംശം എന്ന നിലയില്‍ നമ്മള്‍ കിഴങ്ങുകള്‍ കഴിക്കുന്നുണ്ട്. മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, കിഴങ്ങ്, കൂര്‍ക്ക, കൂവ, മധുരക്കിഴങ്ങ് എന്നിങ്ങനെ ഉള്ളവ മഴയെ ആശ്രയിച്ചു വളരുന്നതും രോഗകീടങ്ങള്‍ താരതമ്യേനെ കുറവായവയും ജൈവ കൃഷിരീതികള്‍ക്ക് ഇണങ്ങുന്നതുമൊക്കെയായതു കൊണ്ടും കേരളത്തിന് വളരെ അനുയോജ്യമാണ്. മരച്ചീനി ഒഴികെ ഉള്ളവ കുറച്ചുനാള്‍ സൂക്ഷിച്ചു വച്ചു ഉപയോഗിക്കുകയും ആകാം. പക്ഷെ ഇവയൊന്നും തന്നെ നമ്മുടെ മുഖ്യ ആഹാരമാക്കാന്‍ (staple )സാധ്യത തുലോം വിരളം.
കപ്പലില്‍ വന്നത് കൊണ്ട് (പറങ്കികള്‍ വഴി ) മരച്ചീനിയ്ക്ക് കപ്പ എന്ന പേര് വന്നു എന്ന് ചിലര്‍ പറയുന്നു. നിശ്ചിത യൂണിറ്റടിസ്ഥാനത്തില്‍ ഏറ്റവുമധികം അന്നജം നല്‍കുന്ന വിള എന്ന പെരുമയും കപ്പയ്ക്കുണ്ട്. ആയിരത്തി തൊള്ളയിരത്തി അന്‍പതു -അറുപതുകളില്‍ അരിയാഹാരം ഒരുനേരവും കിഴങ്ങ് വര്‍ഗങ്ങള്‍ മറ്റു നേരങ്ങളിലും കഴിച്ചു കൊണ്ട് ജീവിച്ച ധാരാളം മലയാളി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ക്ഷാമകാല വിള എന്നും കിഴങ്ങ് വര്‍ഗ്ഗവിളകള്‍ അറിയപ്പെടുന്നു.
പക്ഷെ മരച്ചീനി ഉല്‍പ്പാദനവും കേരളത്തില്‍ കുറയുകയാണ്.1975ല്‍ 3.27ലക്ഷം ഹെക്റ്ററില്‍ കൃഷി ചെയ്തിരുന്ന മരച്ചീനി ഇപ്പോള്‍ 0.36ലക്ഷം ഹെക്റ്ററില്‍ ആയി ചുരുങ്ങിയിരിക്കുന്നു. ഏതാണ്ട് പത്തിലൊന്നായി കുറഞ്ഞു. അന്നത്തെ പുഷ്‌കലകാലത്താണ് കൊല്ലത്തു കുണ്ടറയില്‍ സ്റ്റാര്‍ച്ച് ഫാക്ടറി ഒക്കെ തുടങ്ങിയത്. ഇന്ന് അത്തരം കമ്പനികള്‍ കാണണമെങ്കില്‍ തമിഴ്നാട്ടിലെ NH68 (തലൈവാസല്‍ -ആറ്റൂര്‍ )റോഡിലൂടെ യാത്ര ചെയ്യേണ്ടിവരും.
മരച്ചീനി സ്ഥിരമായി കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഉണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
മരച്ചീനി പ്രധാനമായും രണ്ട് തരം ഉണ്ട്. Sweet & Bitter. അതില്‍ അടങ്ങിയിരിക്കുന്ന രണ്ടു ഗ്ളൈക്കോസിഡുകളുടെ അളവില്‍ ഉള്ള വ്യത്യാസമാണ് ഈ വര്‍ഗീകരണത്തിന് പിന്നില്‍..ലിനമാറിന്‍ (Linamarin ), ലോട്ടസ്ട്രാലിന്‍ (Lotaustraulin) എന്നിവയാണ് ആ ഗ്ളൈക്കോ സൈഡുകള്‍ . നമ്മുടെ ദഹന പഥങ്ങളില്‍ എന്‍സ്യമുകളുടെ പ്രവര്‍ത്തനം മൂലം ഇവ അതീവ അപകടകാരിയായ ഹൈഡ്രോ സയനിക് ആസിഡ് (HCN)ആയി മാറുന്നു. HCN അംശം ഒരു കിലോഗ്രാം കപ്പയില്‍ അന്‍പത് മില്ലിഗ്രാമില്‍ താഴെ ഉള്ള ഇനങ്ങളെ Sweet വിഭാഗത്തിലും 400മില്ലിഗ്രാം വരെ ഒഇച ഉള്ള ഇനങ്ങളെ Bitter ഇനത്തിലും പെടുത്തിയിരിക്കുന്നു. കപ്പ പാകം ചെയ്യുമ്പോള്‍ കുറച്ചുനേരം വെള്ളത്തില്‍ കുതിര്‍ത്തിട്ട്, തിളപ്പിച്ച് നന്നായി ഊറ്റി വിഷാംശം കളഞ്ഞിട്ട് ഉപയോഗിക്കണം. ഇല്ലെങ്കില്‍ അതീവ ഗുരുതരമായ കോണ്‍സോ സിന്‍ഡ്രം, അറ്റക്‌സിയ, Tropical Calcific Pancreatitis എന്നീ പ്രശ്‌നങ്ങള്‍ വരാം. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവര്‍ത്തന വൈകല്യത്തിനും ഇത് കാരണമാകാം. കട്ട് (HCN) കൂടുതല്‍ ഉള്ള കപ്പകഴിച്ചാല്‍ പ്രതിവിഷം ആയി തയോ സള്‍ഫയ്ഡ് ഇന്‍ജെക്ഷന്‍ നല്‍കും. അപ്പോള്‍ HCN എന്ന വിഷം, വിഷമല്ലാത്ത തയോ സയനേറ്റ് ആയി മാറും.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
Discussion about this post