കിഴങ്ങുവര്‍ഗ വിളകളില്‍ ഏറെ പോഷകഗുണമുള്ള വിളയാണ് മധുരക്കിഴങ്ങ്. ചീനിക്കിഴങ്ങ്, ചക്കരക്കിഴങ്ങ് എന്നും ഇത് അറിയപ്പെടുന്നു. അന്നജം, വൈറ്റമിന്‍ എ, സി, ഡി, ബി കോംപ്ലക്‌സ് നാരുകളും ധാതുലവണങ്ങളും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എയുടെ സ്രോതസ്സായ ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഉത്തമമാണ്.
കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുറേയധികം അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളും ഇറക്കിയിട്ടുണ്ട്. ശ്രീനന്ദിനി, ശ്രീവര്‍ദ്ധിനി, ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീരത്‌ന, ശ്രീകനക എന്നീ ഇനങ്ങളാണ് അവ. ഭൂകൃഷ്ണ എന്ന ഇനത്തില്‍ കൂടുതല്‍ ആന്തോസൈന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് കിഴങ്ങുകള്‍ക്ക് വൈലറ്റ് നിറമാണ്. ഭൂസോന എന്ന ഇനത്തില്‍ കൂടുതല്‍ ബീറ്റകരോട്ടിനും അടങ്ങിയിട്ടുണ്ട്.
കൃഷി രീതി
മധുരക്കിഴങ്ങിന്റെ കൃഷി ഏറെ പരിചരണം ആവശ്യമുള്ളതല്ല. മൂന്നോ നാലോ മാസത്തിനുള്ളില്‍ വിളവെടുക്കാനും കഴിയും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. വെള്ളംകെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് ഈ കൃഷി യോജിച്ചതല്ല. 20 മുതല്‍ 30 സെന്റിമീറ്റര്‍ നീളമുള്ള നാലോ അഞ്ചോ മുട്ടകളുള്ള വള്ളിക്കഷ്ണങ്ങളാണ് നടീല്‍ വസ്തുക്കള്‍. രോഗകീട ബാധകള്‍ ഇല്ലാത്ത നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കേണ്ടതും ഏറ്റവും പ്രധാനമാണ്. വള്ളികളുടെ തലപ്പും നടുഭാഗവുമാണ് ഉപയോഗിക്കേണ്ടത്. നിലം നന്നായി കിളച്ച് ഇളക്കിയതിന് ശേഷം തടങ്ങളോ വാരങ്ങളോ എടുത്തോ കൂനകള്‍ കൂട്ടിയോ വള്ളിക്കഷ്ണങ്ങള്‍ നടേണ്ടതാണ്. ഈ സമയത്ത് ഒരു സെന്റിന് 2 കിലോ കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. മറ്റ് വിളകള്‍ പോലെ തന്നെ ഇതിനും ജൈവവളം അത്യാവശ്യമാണ്. ഒരു സെന്റിന് 40 കിലോ ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ് അടിവളമായി ചര്‍ക്കേണ്ടതാണ്. മധുരക്കിഴങ്ങിന്റെ നല്ല വളര്‍ച്ചയ്ക്കും വിളവിനും വേണ്ടി വളപ്രയോഗം ചെയ്യേണ്ടതാണ്. ഒരു സെന്റിന് 650 ഗ്രാം യൂറിയ, 1 കിലോ രാജ്‌ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കേണ്ടതാണ്. ഇതില്‍ പകുതി യൂറിയയും മുഴുവന്‍ പൊട്ടാഷും രാജ്‌ഫോസും അടിവളമായിട്ടും പകുതി യൂറിയ അഞ്ചാഴ്ച കഴിഞ്ഞ് മണ്ണ് കൂട്ടിക്കൊടുക്കുമ്പോള്‍ ചേര്‍ക്കേണ്ടതാണ്. വള്ളികള്‍ നടുമ്പോള്‍ വള്ളിക്കഷ്ണങ്ങളുടെ നടുഭാഗത്തിലെ മൊട്ടുകള്‍ മണ്ണിന്റെ അടിയിലും രണ്ട് അഗ്രഭാഗങ്ങളും പുറത്തുമായിട്ടാണ് നടേണ്ടത്. കൂനകളില്‍ നടുമ്പോള്‍ കൂനകള്‍ തമ്മില്‍ 75 സെന്റിമീറ്റര്‍ അകലം പാലിക്കണം. ഒരു കൂനയില്‍ 3 വള്ളിക്കഷ്ണങ്ങള്‍ നടാം. മധുരക്കിഴങ്ങില്‍ പ്രധാന കൃഷി രീതികള്‍ കളപറിക്കലും മണ്ണ് കൂട്ടിക്കൊടുക്കലുമാണ്. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ചാഴ്ച കഴിഞ്ഞും കള പറിച്ച് മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്. ചെടി വള്ളി നീട്ടുന്ന സമയത്ത് വള്ളികള്‍ ഒന്ന് ഇളക്കികൊടുക്കേണ്ടതാണ്. ഓരോ മുട്ടില്‍ നിന്നും വേര് വരാതിരിക്കാനാണ് ഇത് ചെയ്യേണ്ടത്. വള്ളികള്‍ നട്ടതിന് ശേഷം രണ്ടാഴ്ച വരെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
വിളവെടുപ്പ്
മധുരക്കിഴങ്ങിന്റെ ഇലകള്‍ മഞ്ഞ നിറമാകുമ്പോഴാണ് വിളവെടുക്കേണ്ടത്. ഇനം അനുസരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ വള്ളി ഉണങ്ങിത്തുടങ്ങുമ്പോഴാണ് വിളവെടുക്കേണ്ടത്. ഏറെ നാള്‍ കിഴങ്ങ് കേടുവരാതെ സൂക്ഷിക്കാന്‍ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത.
കീടങ്ങള്‍
മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം കിഴങ്ങുചെല്ലിയാണ്. ഈ കീടം നിയന്ത്രിക്കാന്‍ സംയോജിത കീടനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. കമ്മ്യൂണിസ്റ്റ് പച്ച ലഭ്യമാണെങ്കില്‍ അതുപയോഗിച്ച് പുതയിടേണ്ടതാണ്. വിള പരിക്രമം നടത്തേണ്ടതാണ്. കേടുവന്ന സസ്യഭാഗങ്ങള്‍ മാറ്റി തീയിട്ട് നശിപ്പിക്കേണ്ടതാണ്.
Discussion about this post