ചെടികൾക്ക് കൂടുതൽ വളർച്ചയും വിളവും ഉണ്ടാകുവാനും, വാർഷിക കളകളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുന്ന പ്രക്രിയയാണ് സൂര്യ താപീകരണം. കൂടാതെ മണ്ണിൽ കുമിളുകളുടെ വളർച്ച നിയന്ത്രണവിധേയമാക്കാനും ഈ പ്രക്രിയ ഉത്തമമാണ്. സൂര്യ താപീകരണം മണ്ണിൽ നടത്തുമ്പോൾ ഫൈറ്റോഫ്തോറ, ഫ്യൂസേറിയം, റൈസോക്ടോണിയ തുടങ്ങിയ കുമിളുകളെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഇതിനോടൊപ്പം വിളനാശം ഉണ്ടാക്കുന്ന മെൽഡോഗൈൻ, സൈഫെനീമ തുടങ്ങിയവ നീമവിരകളും ഇല്ലാതാകുന്നു. സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന സ്ഥലത്ത് മണ്ണ് ചെറിയ രീതിയിൽ നനച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടാണ് ഈ പ്രക്രിയ ചെയ്യുന്നത്.
താപീകരണം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ
സൂര്യ താപീകരണം കൃഷിയിടങ്ങളിൽ നടത്തുമ്പോൾ കല്ലും കട്ടയും മാറ്റി നല്ല രീതിയിൽ നിരപ്പാക്കിയതിനുശേഷം വാരങ്ങൾ തയ്യാറാക്കുക. വാരങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ ജൈവവളങ്ങൾ ചേർത്ത് ശേഷം പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടുക. ഇങ്ങനെ 30 ദിവസം മണ്ണ് വെയിൽ കൊള്ളിക്കുക. ഇക്കാലയളവിൽ മണ്ണിൽ ജൈവകീടനാശിനികളും വളക്കൂട്ടുകളും ചേർക്കരുത്. വേനൽ കാലം സൂര്യതാപീകരണം നടത്തുവാൻ ഏറ്റവും അനുയോജ്യമാണ്. തണലില്ലാത്ത തുറസ്സായ സ്ഥലങ്ങളിൽ ഇതിനുവേണ്ടി തെരഞ്ഞെടുക്കാം. സൂര്യ താപീകരണം ഒരു മാസമോ അതിൽ കൂടുതൽ കാലമോ ചെയ്യാവുന്നതാണ്. റേഡിയേഷൻ വീകിരണം കൂടുതൽ നടക്കുവാൻ 100 മുതൽ 150 വരെ ഗേജുള്ള പോളിത്തീൻ ഷീറ്റ് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. മണ്ണിൽ ഈർപ്പമുള്ള സമയങ്ങളിൽ മാത്രം ഈ പ്രക്രിയ നടത്തുക. ഈ സമയങ്ങളിൽ ചെയ്താൽ കളകളെയും അണുക്കളെയും ഒരുപോലെ നശിപ്പിക്കാൻ സാധിക്കുന്നു. ഇത് മണ്ണിൽ കൂടുതൽ അണുനാശനം ഉണ്ടാക്കുന്നു. താപീകരണം കൂടുതൽ കാര്യക്ഷമമാകുവാൻ മണ്ണ് പൊടി പോലെ ആക്കുന്നത് നല്ലത്. കൂടാതെ മണ്ണ് കൂന കൂട്ടിയിട്ട് താപീകരണം നടത്തുന്നത് ഒഴിവാക്കുക. ഈ പ്രക്രിയ നടക്കുന്ന കാലയളവിൽ വേനൽമഴ ഉണ്ടായേക്കാം. ഇത് താപീകരണത്തെ ബാധിക്കില്ല. പക്ഷേ കൂടുതൽ വെള്ളം തടത്തിൽ കെട്ടിനിൽക്കാൻ അനുവദിക്കരുത്.
താപീകരണം ചെയ്യേണ്ട രീതി
നഴ്സറി ബഡ് തയ്യാറാക്കുമ്പോൾ
പോട്ടിങ് മിശ്രിതത്തിൽ സൂര്യതാപീകരണം നടത്തുവാൻ മണ്ണ് നല്ല രീതിയിൽ തറയിൽ നിരപ്പാക്കുക. തറയിൽ 15 മുതൽ 20 സെൻറീമീറ്റർ കനത്തിൽ മണ്ണ് വിരിക്കുക. മണ്ണ് ചെറിയരീതിയിൽ നനച്ചതിനുശേഷം പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടി ഇടുക. പ്ലാസ്റ്റിക് ഷീറ്റ് മണ്ണിൽ എല്ലായിടത്തും ഒരേപോലെ വിരിയിക്കണം. മണ്ണിൽ വായു അറകൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. ഏകദേശം 20 മുതൽ 30 ദിവസം വരെ മണ്ണ് ഇതുപോലെ സംരക്ഷിക്കുക. അതിനുശേഷം പോളിത്തീൻ ഷീറ്റ് മാറ്റി ഇതിൽ വിത്തുകൾ പാകാവുന്നതാണ്.
പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ
പോട്ടിങ് മിശ്രിതം തയ്യാറാക്കിയതിനുശേഷം നിരപ്പായ തറയിൽ 15 മുതൽ 20 സെൻറീമീറ്റർ കനത്തിൽ ഇത് വിരിക്കുക. അതിനുശേഷം ചെറിയ രീതിയിൽ നന നൽകുക. മേൽപ്പറഞ്ഞ പോലെ 20 മുതൽ 30 ദിവസം മണ്ണ് ഇതുപോലെ ഇട്ടതിനുശേഷം പോളിത്തീൻ ഷീറ്റ് മാറ്റി ഇതിൽ ചെടികൾ നടുകയോ വിത്ത് പാകുകയോ ചെയ്യാവുന്നതാണ്. ഇങ്ങനെ പോട്ടിങ് മിശ്രിതം തയ്യാറാക്കി ചെടികൾ നട്ടാൽ രോഗ സാധ്യതകൾ ഇല്ലാതാക്കാം. കുരുമുളക് തൈകൾ ഉത്പാദിപ്പിക്കുവാൻ ഇത്തരത്തിലുള്ള പോട്ടിങ് മിശ്രിതം ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. വിളകളിൽ കാണപ്പെടുന്ന മൂട് ചീയൽ രോഗം ഇല്ലാതാക്കുവാൻ മണ്ണ് സൂര്യതാപീകരണം നടത്തുന്നത് നല്ലതാണ്. കൂടാതെ വിളകളെ ബാധിക്കുന്ന കായീച്ച, മത്തൻ വണ്ട് തുടങ്ങിയവയുടെ നിയന്ത്രണവും ഈ പ്രക്രിയ വഴി സാധ്യമാകും. ഇതിനൊപ്പം മുത്തങ്ങ, കറുകപുല്ല് തുടങ്ങിയ കളകളുടെ വിത്തുകളെ ഇല്ലായ്മ ചെയ്യുവാനും, മണ്ണിലെ സൂക്ഷ്മ ജീവികളുടെ വർദ്ധനവ് നല്ല രീതിയിൽ നടത്തുവാനും ഈ പ്രക്രിയ ഉപകാരപ്രദമാണ്.
Discussion about this post