വേനല്‍ക്കാലത്തെ ചൂട് വളര്‍ത്തുമൃഗങ്ങളിലും പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കൃത്യമായ പരിചരണം ഈ സമത്ത് കറവമാടുകള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. വേനല്‍കാലത്ത് ക്ഷീര കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ കാര്യങ്ങള്‍ ഇനി പറയുന്നു.
* പശുക്കളെ പകല്‍ സമയം തണലും കാറ്റും ലഭ്യമാകും വിധം സംരക്ഷിക്കുക. തൊഴുത്തിലെ
വായു സഞ്ചാരം കൂട്ടാന്‍ ഉയരം കുറഞ്ഞ ചുറ്റുമതിലും ഉയര്‍ന്ന മേല്‍ക്കൂരയുളള തൊഴുത്തുകള്‍ നിര്‍മ്മിക്കുക. വായു സഞ്ചാരം കൂട്ടാന്‍ ഫാനുകള്‍ ക്രമീകരിക്കുക. ടിന്‍ ഷീറ്റിട്ട തൊഴുത്തുകളില്‍ ചൂട് കുറയ്ക്കാന്‍ ഷീറ്റിനു മുകളില്‍ ഓല വിരിക്കുകയോ, ചാക്ക്, നെറ്റ് എന്നിവ ഉപയോഗിച്ച് അടിക്കൂര നിര്‍മ്മിക്കുകയോ ചെയ്യുക. കൂടുതല്‍ ഉല്‍പ്പാദനഷമതയുളളവയെ ഇടയ്ക്ക് നനയ്ക്കുന്നതിനുളള സൗകര്യം ചെയ്യുക.
* ജലാംശം കൂടുതലുളള പച്ചപ്പുല്‍, വാഴ, ചക്ക, തീറ്റയായി നല്‍കാവുന്ന വൃക്ഷ ഇലകള്‍, മുതലായവ നല്‍കാവുന്നതാണ്. തീറ്റയോടൊപ്പം ധാതു ലവണ മിശ്രിതം, വിറ്റമിന്‍ എ സപ്ലിമെന്റ് എന്നിവ ഉള്‍പ്പെടുത്തുക. കുടിവെളളം എപ്പോഴും ലഭ്യമാക്കുക. ആഹാരം കൂടുതല്‍ തവണകളായി നല്‍കുക. വൈക്കോല്‍ നല്‍കുന്നത് രാവിലെയും രാത്രിയും ആക്കുക. കാലിത്തീറ്റ രാവിലെയും സന്ധ്യയ്ക്കുമായി നല്‍കുക. കിതപ്പ്, തളര്‍ച്ച,ഉമിനീര്‍ ധാരാളമായി ഒലിക്കുക, തീറ്റ എടുക്കുന്നതിനുളള മടി കാണിക്കുക എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്ത മൃഗാശുപത്രിയില്‍ നിന്നും ചികിത്സ തേടേണ്ടതാണ്.
* പോഷകാഹാരക്കുറവ് പശുക്കള്‍ക്ക് വേനല്‍ക്കാല വന്ധ്യതക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗര്‍ഭധാരണത്തിന് വളരെ നിര്‍ണായകമാണ്. ബീജാധാനത്തിന് ഒന്ന് രണ്ടാഴ്ചകളിലും, ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്ട്രെസ് കുറക്കുന്നതിന് ശ്രദ്ധിക്കണം. കൃത്രിമ ബീജാധാനത്തിന്റെ മുമ്പും ശേഷവും മാടുകളെ അര മണിക്കൂര്‍ നടത്താതെ തണലില്‍തന്നെ കെട്ടിയിടണം. വേനല്‍ച്ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാല്‍ പല രോഗങ്ങളും ഉണ്ടാകുന്നു.
* എരുമകള്‍ക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയര്‍പ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാല്‍ ചൂടുമൂലമുള്ള സ്ട്രെസ്സ് കുറയ്ക്കുന്നതിന് വെള്ളത്തില്‍ കുറേനേരം കിടക്കുന്നതോ, വെള്ളം 3-4 തവണ ദേഹത്തൊഴിക്കുന്നതും നല്ലതാണ്.
Discussion about this post