ദുബായിൽ അക്കൗണ്ടൻറ് ആയിരുന്ന എബി നല്ല ശമ്പളമുള്ള തൻറെ ജോലി രാജിവയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ കൂട്ടുകാർക്കെല്ലാം അത്ഭുതം. നാട്ടിൽ സർക്കാർ ജോലി വല്ലതും ആയോ,കൂട്ടുകാർ ആരാഞ്ഞു. അച്ഛനൊപ്പം കൃഷി ചെയ്യാൻ പോകുന്നുവെന്ന എബിയുടെ മറുപടി കേട്ട് പലരും മുഖത്തോട് മുഖം നോക്കി. കൃഷിയിൽ നിന്ന് ഇക്കാലത്ത് എന്ത് ലാഭം കിട്ടും, അതിലെ വരുമാനം കൊണ്ടോ ജീവിക്കാൻ പറ്റുമോ? സംശയങ്ങൾ പലതായി. പക്ഷേ എബിയുടെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല, അച്ഛനെപ്പോലെ കൃഷി തന്നെ എബി ജീവിതം മാർഗമാക്കി. പക്ഷേ കൃഷിയിൽ കുറച്ച് ന്യൂജൻ വിദ്യകൾ പ്രയോഗിച്ചു എന്ന് മാത്രം. എന്തായാലും എബിയുടെ കൃഷി ഐഡിയ വിജയിച്ചു. മികച്ച വരുമാനവും നേടാനായി.
വരുമാനം തന്ന ന്യൂജൻ വിദ്യ
കൃഷിയിൽനിന്ന് മൂന്നുമാസം കൊണ്ട് 3 ലക്ഷത്തിലധികം ലാഭം കിട്ടിയെന്ന് പറയുമ്പോൾ ഒരുപക്ഷേ ആരും ചിന്തിക്കും കൃഷി തന്നെ തൊഴിൽ ആക്കാമെന്ന്. പക്ഷേ വെറുതെ കൃഷി ചെയ്തിട്ട് കാര്യമില്ല വിപണി അറിഞ്ഞ് കൃഷി ചെയ്താൽ മാത്രമേ ഇന്ന് രക്ഷയുള്ളൂ. അതുതന്നെയാണ് എബിയുടെ ന്യൂജൻ കൃഷി രീതി. വേഗത്തിൽ വിളവെടുക്കാവുന്നതും, ഏറെ ഡിമാൻഡ് ഉള്ളതുമാണ് പൊട്ടു വെള്ളരി കൃഷി. വേനൽചൂടിലാണ് പൊട്ടു വെള്ളരി പാകമാവുന്നതെങ്കിൽ, ആവശ്യക്കാരും ഏറെ. ആരോഗ്യഗുണങ്ങളുടെ കാര്യത്തിലോ പൊട്ടു വെള്ളരി കേമമാണ്. പ്രതിരോധശക്തി നൽകുന്ന വിറ്റാമിൻ സി യും ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന പൊട്ടാസ്യം,ബീറ്റാ കരോട്ടിൻ,ഫോളിക് ആസിഡ് തുടങ്ങിയവയുടെയും കലവറയാണ് ഈ പച്ചക്കറി. പൊട്ടു വെള്ളരി കൃഷിയുടെ കൂടെ ഇടവിളയായി വെണ്ട, കുമ്പളം, പയർ തുടങ്ങിയവയും, മറ്റൊരു കൃഷിയിടത്തിൽ കപ്പ കൃഷിയും എബിയും അച്ഛനും കൂടി കൃഷി ചെയ്യുന്നു. ഒന്നിൽ നിന്നുള്ള നഷ്ടം മറ്റൊന്നു കൊണ്ട് ഇല്ലാതാക്കാനും ഈ ഇടവിള കൃഷി ഗുണം ചെയ്യും. മൂന്നേക്കറിൽ നെൽകൃഷിയും, റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴകളും കൃഷി ചെയ്യുന്നുണ്ട്.
പൊട്ടു വെള്ളരി കൃഷി രീതി
ഏകദേശം ഒന്നരമാസം കൊണ്ട് വിളവെടുപ്പ് പൂർത്തിയാക്കാവുന്ന ഹസ്ര്യ കാല വിളയനത്തിൽ ഉൾപ്പെടുന്ന ഒന്നാണ് പൊട്ടു വെള്ളരി. കൊടുങ്ങല്ലൂർ ഭാഗത്തുനിന്നാണ് പ്രധാനമായും എബി പൊട്ടു വെള്ളരി വിത്തുകൾ ശേഖരിക്കുന്നത്. ഈയടുത്ത് കാലത്ത് ഭൗമ സൂചിക പതിവ് ലഭിച്ച ഇനം കൂടിയാണ് കൊടുങ്ങല്ലൂർ പൊട്ടു വെള്ളരി. ഓരോ കൃഷിയും കഴിയുമ്പോൾ അടുത്ത സീസണിലേക്കേയി മികച്ച വിത്തുകൾ ശേഖരിച്ചാണ് കൃഷി ചെയ്യുന്നത്. സേഫ് ടു ഈറ്റ് എന്ന ആശയത്തിൽ അധിഷ്ഠിതമായി ജൈവരാസ സന്തുലിതമായ കൃഷിരീതിയാണ് ഈ യുവകർഷകൻ മുന്നോട്ട് കൊണ്ടുപോകുന്നത്. കോഴിക്കാഷ്ഠവും ചാണകപ്പൊടിയും അടിവളമായി ചേർത്താണ് കൃഷി ചെയ്യുന്നത്. പൊട്ടു വെള്ളരി ഇല വന്നതിനുശേഷം ആണ് മറ്റുവളങ്ങൾ ചേർത്ത് നൽകുന്നത്. കീടനിയന്ത്രണത്തിന് ജൈവ കീടനാശിനികൾ ആണ് കൂടുതലും ഉപയോഗപ്പെടുത്തുന്നത്. എബിയുടെ അച്ഛൻ വി എം കുര്യൻ മികച്ച കർഷകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിൽനിന്ന് ലഭിച്ച അറിവുകളും കൃഷിയിടത്തിൽ എബി പ്രയോഗിക്കുന്നുണ്ട്. പാട്ട ഭൂമിയിൽ മാറിമാറിയാണ് നിലവിൽ പൊട്ടുവളരി കൃഷി ചെയ്യുന്നത്. കൃഷിയിടത്തിൽ സഹായത്തിനായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും സ്ഥിരമായി പണിയെടുക്കുന്നു. തൊഴിലാളി തുകയും കൂലിച്ചെലവും പാട്ട തുകയും കൂടി ആകുമ്പോൾ പൊട്ടു വെള്ളരി കൃഷിക്ക് ചിലവ് താരതമ്യേനെ കൂടുതലാണെങ്കിലും വിപണിയിൽ ഇതിന് ആവശ്യക്കാർ ഉള്ളതുകൊണ്ടുതന്നെ ഇരട്ടി ലാഭം ലഭിക്കുന്നുണ്ടെന്നാണ് എബി പറയുന്നത്.
മഴക്കാലത്തിനു മുൻപ് തന്നെ വിളവെടുപ്പ് പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. പാടത്ത് കൃഷി ചെയ്യുന്നതിനാൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതുകൊണ്ടും, മഴക്കാലത്ത് പൊതുവേ ആവശ്യക്കാർ കുറയുന്നതു കൊണ്ടും മഴക്കു മുൻപ് വിളവെടുപ്പ് പൂർത്തിയാക്കാൻ ശ്രമിക്കാറുണ്ട്.
വരുമാനവും വിപണിയും
ഒരേക്കറിൽ ഏകദേശം 12 മുതൽ 15 ടൺ വരെ പൊട്ടു വെള്ളരി കൃഷി ചെയ്യാറുണ്ട്. വേനൽക്കാല കൃഷി ആയതുകൊണ്ട് തന്നെ അടുത്ത പ്രദേശങ്ങളിലെ പഴം ജ്യൂസ് കച്ചവടക്കാരാണ് പ്രധാനമായും ഇത് വാങ്ങുന്നത്. കൂടുതലും മൊത്ത വിൽപ്പനയാണ് പതിവ്. നിലവിൽ പൊട്ടുവെള്ളരി മാത്രം മൂന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഇതിനൊപ്പം ഇടവിളയായി കൃഷി ചെയ്യുന്ന വെണ്ടയിൽ നിന്ന് മാത്രം 4 ടൺ വീതവും, 4 ടണ്ണിൽ അധികം പയറും, 7 ടൺ അധികം കുമ്പളവും വിളവെടുക്കുന്നു. അങ്ങനെ രണ്ടുമാസം കൊണ്ട് കൃഷിയിൽ നിന്ന് രണ്ട് ലക്ഷത്തിലേറെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് എബി പറയുന്നത്. പ്രവാസത്തിനേക്കാൾ കൂടുതൽ സമ്പാദ്യവും സന്തോഷവും ഈ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ലഭിക്കുന്നുണ്ടെന്നും ഈ യുവകർഷകൻ കൂട്ടിച്ചേർക്കുന്നു.
കൂടുതൽ കാർഷിക അറിവിന് എബിയെ വിളിക്കേണ്ട നമ്പർ 9496336133
Discussion about this post