ഈ പാറപ്പുറത്ത് വല്ലതും വിളയുമോ? നാലു വർഷങ്ങൾക്കു മുൻപ് പത്തനംതിട്ട കോട്ടാങ്ങലിലുള്ള തന്റെ കൃഷിയിടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തപ്പോൾ പലരും ഗിരീഷിനോട് ഈ ചോദ്യം ഉന്നയിച്ചു. പക്ഷേ ഗിരീഷിന് തൻറെ കൃഷിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അതെ നാലു വർഷങ്ങൾക്കിപ്പുറം പാറപ്പുറത്തെ വൈവിധ്യമാർന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷി കാണാൻ തിരക്കേറേയാണ്. അര ഏക്കറോളം വരുന്ന സ്ഥലത്ത് പത്തിനങ്ങളാണ് ഗിരീഷ് കൃഷി ചെയ്യുന്നത്. പാറക്കെട്ടിൽ മൺതിട്ടയുണ്ടാക്കി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിച്ച് ചെറിയ രീതിയിൽ പരീക്ഷണ അടിസ്ഥാനത്തിലായിരുന്നു ആദ്യ കൃഷി. കൃഷി വിജയകരമായപ്പോൾ വീണ്ടും 150 ഓളം തണ്ടുകൾ നട്ടു. നട്ട് ആറുമാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ ആനന്ദവും ആദായവുമാണ് ഗിരീഷിന് നൽകുന്നത്.
നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ തന്നെ കേരളത്തിൽ കുറവായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി അല്പം വ്യത്യസ്തമാണെന്നാണ് ഗിരീഷിന്റെ അഭിപ്രായം. വിദേശ പഴവർഗ്ഗങ്ങളിൽ ഏറെ ഡിമാൻഡ് ഉള്ള ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ വിപണി സാധ്യത ഇന്ന് പല കർഷകരും തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ട്രോപ്പിക്കൽ ഇനമായിതിനാൽ നമ്മുടെ കാലാവസ്ഥയിൽ നല്ല വളർച്ചയും നല്ല ഉത്പാദനവും തരുവാൻ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കഴിയുന്നുവെന്നാണ് ഗിരീഷ് പറയുന്നത്. ഒരേസമയം അലങ്കാര ചെടിയായി ഭക്ഷ്യവിളയായും ഉപയോഗപ്പെടുത്താമെന്നതും, ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉള്ളതും ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്.
ഡ്രാഗൺ ഫ്രൂട്ട് കൃഷിരീതി
പാറപ്പുറത്ത് പോലും മികച്ച വിളവ് തരുവാൻ ഡ്രാഗൺ ഫ്രൂട്ടിനെ കഴിയുമെങ്കിൽ, എല്ലാത്തരം മണ്ണിലും ഡ്രാഗൺ ഫ്രൂട്ട് വിളയുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ജൈവാംശം കലർന്ന മണൽമണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. രണ്ടടി താഴ്ചയിൽ ഒരാൾ പൊക്കത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് പോസ്റ്റിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. അവയ്ക്ക് ചുവട്ടിലായി നാല് ഡ്രാഗൺ തൈകൾ വച്ചു പിടിപ്പിക്കാം. ഒരു വർഷം പ്രായം എത്തിയ തൈ നട്ടാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ ഉൽപാദനത്തിൽ എത്താം. അതായത് മൂത്ത തൈകൾ ആണ് കൃഷിക്ക് അനുയോജ്യം എന്നർത്ഥം. വെയിൽ നല്ലപോലെ ലഭ്യമാകുന്ന സ്ഥലം വേണം ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. കുഴികൾ തമ്മിൽ 7 അടി അകലം പാലിക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് ഈ കർഷകൻ പറയുന്നു. കോൺക്രീറ്റ് പോസ്റ്റിനു മുകളിൽ ക്രമീകരിച്ച പഴയ ടയറിനുള്ളിലൂടെ തണ്ട് കയറ്റി വിട്ട് അതിന് പുറത്തേക്ക് വളർത്തുന്ന രീതിയാണ് ഗിരീഷ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ടയറിന് പകരം അതേ ആകൃതിയിലുള്ള കോൺക്രീറ്റ് വളയങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. ചാണകപ്പൊടിയും ബയോഗ്യാസ് സ്ലറിയുമാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് വേണ്ടി ഗിരീഷ് നിർദ്ദേശിക്കുന്ന വളങ്ങൾ. പൂർണ്ണമായും രാസവളങ്ങൾ ഒഴിവാക്കി ചെയ്യാവുന്ന കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയെന്നും ഗിരീഷ് അഭിപ്രായപ്പെടുന്നു. നല്ല വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കലേ നന ആവശ്യമുള്ളൂ. കീടരോഗ ബാധ പൊതുവേ കുറവാണ്. എങ്കിലും തണ്ടുകളിൽ അഴകൽ രോഗം വന്നേക്കാം. ഈ സമയം തണ്ട് പൂർണ്ണമായും കളയുക എന്നതാണ് ഈ കർഷകൻ ഉപദേശിക്കുന്ന പോംവഴി. ഏപ്രിൽ – മെയ് മാസങ്ങളാണ് പൊതുവേ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ കാലഘട്ടം. സെപ്റ്റംബർ തൊട്ട് ജനുവരി വരെയുള്ള കാലയളവിൽ ഇതിൻറെ വിളവെടുപ്പ് അവസാനിക്കുന്നു. ശരിയായ പരിചരണം ഉണ്ടെങ്കിൽ നട്ട് ഒന്നാം വർഷം മുതൽ തന്നെ വിളവെടുപ്പ് ആരംഭിക്കാൻ സാധിക്കുന്നു. ഒരു തണ്ടിൽ രണ്ടു പൂക്കൾ വന്നാൽ ഒരെണ്ണം കളയുന്നത് കായയുടെ വലിപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഗിരീഷ്. ചെടിയിൽ മൊട്ട് വന്നു കഴിഞ്ഞാൽ ഏകദേശം 30 ദിവസത്തിനുള്ളിൽ പൂവ് വിടരുന്നു. പൂവിടർന്ന് ഏകദേശം 25 ദിവസത്തിനുള്ളിൽ അത് പഴമായി തുടങ്ങുന്നു. പിന്നീട് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കായ പാകമായി തുടങ്ങും. ഏകദേശം ഒരു പോസ്റ്റിൽ നിന്നു തന്നെ ശരാശരി 5 മുതൽ 8 കിലോ വരെ പഴവും ലഭ്യമാകും. കൂടുതൽ ഉൽപാദനം തരുന്ന ചുവന്ന നിറത്തിലുള്ള മലേഷ്യൻ റെഡും, മുള്ളോട് കൂടിയ മഞ്ഞ നിറത്തിലുള്ള ഇക്വഡോർ ഫലോറയുമാണ് ഗിരീഷ് കൂടുതൽ കൃഷി ചെയ്യുന്നത്. അധികം സൂക്ഷിപ്പുകാലം ഉള്ള ഇക്വഡോർ ഫലോറ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ കൂടുതൽ ലാഭം നേടിത്തരുന്ന ഇനമാണ്.
ഡിമാൻഡ് ഏറെയുള്ള ഡ്രാഗൺ
ആവശ്യക്കാർ ഏറെയുള്ളതുകൊണ്ട് വിപണിയിൽ കർഷകൻ പറയുന്ന വിലയ്ക്ക് തന്നെയാണ് ഡ്രാഗൺ ഫ്രൂട്ട് കടക്കാർ വാങ്ങുന്നതെന്ന് ഈ കർഷകൻ അഭിപ്രായപ്പെടുന്നു. ഡ്രാഗൺ പഴങ്ങൾ മാത്രമല്ല ഇതിൻറെ തൈകളും വാങ്ങാൻ ആവശ്യക്കാർ ഉണ്ട്. മുൻ വർഷങ്ങളിലേക്കാൾ ഡ്രാഗണിൻറെ വിപണി വർദ്ധിച്ചുവെന്നും ഗിരീഷ്. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ഏറെയുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങൾ തിരിച്ചറിഞ്ഞ് ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്. ഇനി ഇതിൽ നിന്ന് ജാം ജെല്ലി, ഐസ്ക്രീം തുടങ്ങി മൂല്യ വർദ്ധന ഉൽപന്നങ്ങളും ഉണ്ടാക്കാൻ സാധിച്ചാൽ അതും അധിക വരുമാനം നേടിത്തരും
തേനീച്ച കൃഷിയിലൂടെയും ഇരട്ടിലാഭം
കൃഷിയിടങ്ങളിൽ സ്ഥാപിച്ച തേനീച്ചക്കൂടുകളിൽ നിന്നും ഏറെ ലാഭം ഗിരീഷ് നേടുന്നുണ്ട്. പൂമ്പൊടി ആവശ്യത്തിന് ലഭ്യമാകുന്നത് കൊണ്ട് തന്നെ മറ്റു ഭക്ഷണങ്ങൾ നൽകാതെ തേനീച്ചയെയും ഗിരീഷ് ഇവിടെ വളർത്തുന്നു. കൃത്യമായി പരാഗണം നടത്തുവാനും തേനീച്ച കൃഷി കൊണ്ട് സാധിക്കുന്നു. അധിക ചെലവില്ലാത്തതിനാൽ കൃഷിത്തോട്ടത്തിലെ തേനീച്ച കൃഷിയിൽ നിന്നും ഇരട്ടി ലാഭം നേടാൻ ഈ കർഷകന് സാധിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് പ്രാരംഭ ചെലവ് അധികം വന്നെങ്കിലും കിലോ ശരാശരി 250 അധികം വില കിട്ടുന്ന ഡ്രാഗൺ ഫ്രൂട്ട് മികച്ച വിപണിയും വരുമാനവും തനിക്ക് ഉറപ്പുവരുത്തുന്നുണ്ടെന്ന് സന്തോഷവും ഗിരീഷ് പങ്കുവയ്ക്കുന്നു. ഈ ഡിമാൻഡ് തന്നെയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി കൂടുതൽ വിപുലമാക്കാനുള്ള ഗിരീഷിന്റെ ശ്രമത്തിന് പിന്നിലും..
Discussion about this post