ഓണത്തോടനുബന്ധിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് ഗാർഡനിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഹരിതകേരളം പദ്ധതിയുടെ വിജയകരമായ തുടർച്ചയാണ് സുഭിക്ഷകേരളം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറിയുടെ നൂറ് ശതമാനവും ഇവിടെത്തന്നെ കൃഷി ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. സുഭിക്ഷ കേരളത്തിലൂടെ 29000 ഹെക്ടറോളം തരിശുഭൂമി കൃഷിയോഗ്യമാക്കാനായതായും മന്ത്രി വ്യക്തമാക്കി. തക്കാളി, വഴുതന, മുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. ഇതിനു പുറമെ വെണ്ട, ചീര, അമര, പയർ, വെള്ളരി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഗ്രീൻ ലീഫിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ജൈവ രീതിയിൽ ആയിരത്തോളം മൺചട്ടികളിലാണ് കൃഷി നടത്തുന്നത്. ഗാർഡൻ ജീവനക്കാർക്കു പുറമെ ഇടവേളകളിലും വൈകുന്നേരങ്ങളിലും മറ്റു ജീവനക്കാരും കൃഷിയിൽ പങ്കു ചേരുന്നുണ്ട്.
Discussion about this post