പ്രത്യേക മണവും രുചിയുമുള്ള സ്ട്രോബറിക്ക് ലോകത്താകമാനം ആരാധകരേറെയാണ്. അൽപം ശ്രദ്ധയുണ്ടെങ്കിൽ നമുക്കും പരിപാലിച്ചു വളർത്താവുന്ന സ്ട്രോബറിയുടെ കൃഷിരീതികൾ മനസ്സിലാക്കാം.
റോസേസി കുടുംബത്തിൽപെട്ട സസ്യമാണ് സ്ട്രോബറി. 25 സെന്റീമീറ്ററോളം മാത്രം ഉയരം വയ്ക്കുന്ന ചെറു സസ്യമാണിത്.ഇവയ്ക്ക് മനോഹരമായ വെളുത്ത പുഷ്പങ്ങളുണ്ട്. ചുവന്ന നിറത്തിലുള്ള കായകൾക്ക് മുകളിൽ ചെറിയ വിത്തുകൾ കാണാം. രണ്ടു മുതൽ നാലു വർഷം വരെയാണ് ആയുസ്സ്. പഴങ്ങളിൽ വൈറ്റമിൻ സി, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജാം, ജ്യൂസ്, ഐസ്ക്രീം, ചോക്ലേറ്റ്, മിൽക്ക് ഷേക്ക് എന്നിങ്ങനെയുള്ള അനേകം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സ്ട്രോബെറിയിൽ നിന്നും നിർമിക്കാനാകും.
വ്യത്യസ്തങ്ങളായ മണ്ണിൽ വളരാൻ കഴിവുള്ള സസ്യമാണ് സ്ട്രോബെറി. 5.9 മുതൽ 6.5 വരെയാണ് വളർത്താൻ അനുയോജ്യമായ പിഎച്ച്. പല ആകൃതിയിലുള്ള വൈവിധ്യമാർന്ന സ്ട്രോബെറി ഇനങ്ങളുണ്ട്. സ്വീറ്റ് ചാർലി, വിന്റർ ടാൺ, ചാന്റ്ലർ എന്നിവ പ്രധാന ഇനങ്ങളാണ്.
സ്ട്രോബറി ചെടിയിൽ നിന്നും വളർന്നുവരുന്ന റണ്ണറുകളോ ടിഷ്യുകൾച്ചർ തൈകളോ നടാനായി ഉപയോഗിക്കാം. ചെടികൾ തമ്മിലും വരികൾ തമ്മിലും 30 സെന്റീമീറ്റർ അകലം പാലിക്കണം. സെപ്റ്റംബർ അവസാനത്തോടെ നടുന്നതാണ് നല്ലത്.
വളരെ നന്നായി കിളച്ചൊരുക്കിയ പൊടിഞ്ഞ മണ്ണിലാണ് സ്ട്രോബറി നടേണ്ടത്. സ്ട്രോബറിയുടെ നാരുപോലുള്ള ചെറു വേരുകൾ 20 സെന്റീമീറ്ററോളം ആഴത്തിൽ മാത്രമേ പടരുകയുള്ളൂ. അതുകൊണ്ടുതന്നെ നനവ് ഉറപ്പുവരുത്തണം. തടങ്ങളിലോ വരികളിലോ നടാം. ഗ്രോബാഗുകളിലും ചട്ടികളിലും വളർത്താനാവും. നന്നായി ജൈവവളം ചേർത്ത മണ്ണിലാണ് സ്ട്രോബറി നടേണ്ടത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ മണ്ണിൽ ധൂമീകരണം നടത്തണം. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഹെക്ടറിന് 50 കിലോഗ്രാം നൈട്രജൻ, 40 കിലോഗ്രാം ഫോസ്ഫറസ്, 75 കിലോഗ്രാം പൊട്ടാഷ് എന്നീ തോതിൽ നേർവളങ്ങൾ ചേർത്തുകൊടുക്കണം. നടുന്ന സമയത്ത് ഫോസ്ഫറസ് മുഴുവനായും നൈട്രജൻ പൊട്ടാഷ് എന്നിവ പകുതിയും മണ്ണിൽ ചേർക്കാം. നട്ട് 45 ദിവസങ്ങൾക്കുശേഷം ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ചേർത്തു കൊടുക്കാം. വാണിജ്യ കൃഷിക്ക് ഡ്രിപ്പ് ജലസേചന രീതിയാണ് ഏറ്റവും നല്ലത്.
പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചോ വൈക്കോൽ ഉപയോഗിച്ചോ മണ്ണിൽ പുതയിടുന്നത് വളരെ നല്ലതാണ്. ഇത് കായകൾ അഴുകുന്നത് തടയും. ഒപ്പം ചുവട്ടിൽ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിനും മണ്ണിന്റെ ചൂട് കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.
ഡിസംബർ-ജനുവരി മാസങ്ങളാണ് പ്രധാന വിളവെടുപ്പ് കാലം. മാർച്ച് മാസം വരെ ഫലങ്ങൾ ലഭിക്കും. പഴങ്ങൾ മുക്കാൽ ഭാഗത്തോളം ചുവന്നു കഴിഞ്ഞാൽ പറിച്ചെടുക്കാം.
Discussion about this post