സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ. കയറ്റുമതി വികസനത്തിനായി പുരോഗമന, നൂതന, സഹകരണ ഇടപെടലുകളിലൂടെ സുഗന്ധവ്യഞ്ജന മേഖലയിലെ സുസ്ഥിരത കൈവരിക്കുന്ന “Sustainability in Spice Sector through Progressive, Innovative and Collaborative Interventions for Export Development (SPICED)” എന്നതാണ് പദ്ധതി.
സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർധിത സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുടെയും കയറ്റുമതി വർധിപ്പിക്കുന്നതിനും ഏലത്തിൻ്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോർഡ് സമഗ്രമായ പദ്ധതി ആരംഭിച്ചത്. കയറ്റുമതിക്കായി ഇന്ത്യയിലുടനീളമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള ഗുണനിലവാരം ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു. കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ (എഫ്പിഒ), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ (എഫ്പിസി), സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി) എന്നിവയ്ക്ക് പദ്ധതിയുടെ ഗുണം ചെയ്യും. 422.30 കോടി രൂപയുടേതാണ് പദ്ധതി.
റീപ്ലാൻ്റേഷൻ, ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം, ജലസ്രോതസ്സുകൾ വികസനം, സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ തുടങ്ങിയ ചെറുതും വലുതുമായ വഴികളിലൂടെ ഏലത്തിൻ്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അതുഴവി ഏലം കൃഷി ലാഭകരമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബോർഡ് അറിയിച്ചു. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കാലാവസ്ഥാ അധിഷ്‌ഠിത ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളും പദ്ധതിക്ക് കീഴിലുണ്ട്. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് സ്പൈസസ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 20 മുതലാകും അപേക്ഷ സ്വീകരിക്കുക.
Spices Board unveils scheme to boost exports and cardamom productivity
Discussion about this post