ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് സോയാബീന്‍. ആരോഗ്യത്തിന് ഭക്ഷണത്തില്‍ സോയാബീന്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം. സോയ മില്‍ക്ക്, സോയ പൊടി, സോയ ഗ്രാനൂള്‍സ്, സോയ നട്‌സ് തുടങ്ങി സോയയുടെ എല്ലാ ഉത്പന്നങ്ങളിലും പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു.
തനിവിളയായും ഇടവിളയായും കൃഷി ചെയ്യാവുന്ന വിളയാണ് സോയാബീന്‍. അടുക്കളത്തോട്ടത്തില്‍ അനുയോജ്യമായ വിളായണിത്. നീര്‍വാര്‍ച്ചയുള്ള മണല്‍ മണ്ണോ ചെളികലര്‍ന്ന പശിമരാശി മണ്ണോ എക്കല്‍ മണ്ണോ ആണ് സോയാബീന്‍ കൃഷിയ്ക്ക് അനുയോജ്യം. അധിക മഞ്ഞും വേനലും സോയാബീന്‍ കൃഷിയ്ക്ക് നല്ലതല്ല. കാലവര്‍ഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്.
ഉഴുത് ഒരുക്കി വെച്ചിരിക്കുന്ന കൃഷിയിടങ്ങളില്‍ സോയാവിത്തുകള്‍ നേരിട്ട് വിതയ്ക്കാവുന്നതാണ്. ഒരടി തിട്ടയില്‍ അരയടി വ്യാസത്തിലുള്ള കുഴികളില്‍ രണ്ട് വിത്തുകള്‍ വീതം വേണം നടേണ്ടത്. വിത്ത് 25 സെന്റമീറ്റര്‍ വരെ താഴ്ത്തി നടാം.
വിതയ്ക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ജീവാണുവളങ്ങള്‍ തണുത്ത കഞ്ഞിവെള്ളത്തില്‍ കലക്കി നിഴലില്‍ ഉണക്കി വയ്ക്കുക. വിതയ്ക്കുന്നതിനു മുന്‍പായി വിത്ത് കുമിള്‍ നാശിനിയുമായി കലര്‍ത്തി വിതയ്ക്കാം. ജൈവവളങ്ങള്‍ അല്ലെങ്കില്‍ രാസവളങ്ങള്‍, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേര്‍ക്കണം. അടിവളമായി ഒരു ചെടിക്ക് രണ്ടു കിലോഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴ ലഭിക്കുന്നതുവരെ നന കൊടുക്കണം. മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാലുമാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും.
Discussion about this post