കൃഷിഭൂമിയില്‍ വിളകളുടെ ഉല്‍പ്പാദനത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നതാണ് മണ്ണിന്റെ രാസസ്വഭാവം. മണ്ണിലെ അണുജീവികളുടെ പ്രവര്‍ത്തനവും ജൈവവസ്തുക്കളുടെ ജീര്‍ണനവും രാസസ്വഭാവത്തെ ആശ്രയിച്ചാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നുമായി ശേഖരിച്ച രണ്ട് ലക്ഷം മണ്ണു സാമ്പിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലപ്രകാരം 91 ശതമാനവും അമ്ലത അഥവാ പുളിരസം ഉള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
കനത്ത മഴയില്‍ വെളളത്തോടൊപ്പം ക്ഷാരഗുണമുളള മൂലകങ്ങളായ കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയവ ഒലിച്ചു പോകുകയും അമ്ലത നല്‍കുന്ന ഹൈഡ്രജന്‍, അലുമിനിയം, ഇരുമ്പ് തുടങ്ങിയ മണ്ണില്‍ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോഴാണ് പുളിരസം ഉണ്ടാകുന്നത്. വിളകള്‍ മണ്ണില്‍ നിന്ന് ക്ഷാര മൂലകങ്ങള്‍ കൂടുതല്‍ വലിച്ചെടുക്കുന്നതിനാലും രാസവളങ്ങളായ യൂറിയ, അമോണിയം സള്‍ഫേറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗം മൂലവും അമ്ലത ഉണ്ടാകാം. കേരളത്തില്‍ കാണുന്ന ലാറ്ററൈറ്റ് (വെട്ടുകല്ല്) മണ്ണില്‍ ജൈവാംശം വളരെ കുറവാണ്. അമ്ലത കൂടിയ പാറകള്‍ പൊടിഞ്ഞും അമ്ലഗുണമുളള മണ്ണ് ഉണ്ടാകും. മണ്ണില്‍ ചേര്‍ക്കുന്ന ജൈവവസ്തുക്കള്‍ അഴുകുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബോണിക് ആസിഡ്, അമ്ലമഴ, സസ്യ വേരുകള്‍ പുറന്തളളുന്ന ഹൈഡ്രജന്‍ അയോണുകള്‍ എന്നിവയും മണ്ണില്‍ പുളിരസമുണ്ടാക്കും. മണ്ണിന്റെ പി.എച്ച് 6.5 മുതല്‍ 7 എന്ന പരിധിയില്‍ വരുന്നതാണ് വിളകള്‍ക്ക് നല്ലത്.
പി.എച്ച് മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചു മണ്ണിലെ അമ്ലത അറിയാം. കൃഷിവകുപ്പിന്റെ കീഴില്‍ ഓരോ ജില്ലയിലും മണ്ണു പരിശോധനശാലയുണ്ട്. മണ്ണില അമ്ലത നിയന്ത്രിക്കാന്‍ പ്രധാന മാര്‍ഗം കുമ്മായം ചേര്‍ക്കലാണ്. നീറ്റുകക്ക, ഡോളമൈറ്റ്, കുമ്മായം, ചുണ്ണാമ്പു കല്ല് എന്നിവയാണ് വിപണിയില്‍ കിട്ടുന്ന കുമ്മായ വസ്തുക്കള്‍.
Discussion about this post