മഴക്കാലത്ത് വിളകളുടെ പ്രധാന ശത്രുക്കളിൽ ഒന്നാണ് ഒച്ച്. തെങ്ങ്, റബ്ബർ, പപ്പായ, മരച്ചീനി, വാഴ, കാപ്പി, പുഷ്പ വിളകളായ ഓർക്കിഡ്, ആന്തൂറിയം തുടങ്ങി ഒട്ടനേകം വിളകളിൽ ഇവ പ്രശ്നക്കാരാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇവ ഭീഷണിയായി കാണപ്പെടുന്നു. മഴയുടെ അഭാവത്തിലും ഭൂമിക്കടിയിൽ മൂന്നുവർഷം വരെ ഇവയ്ക്ക് നിഷ്ക്രിയാവസ്ഥയിൽ കഴിയാനാകും. ഒച്ചുകൾക്ക് 5 മുതൽ 10 വർഷം വരെ ആയുസ്സുണ്ട്.
ഇലകൾ, കായ്കൾ, തണ്ടുകൾ, പൂക്കൾ, തൈകൾ അങ്ങനെ വിളയുടെ എല്ലാ ഭാഗവും ഇവ തിന്നു നശിപ്പിക്കാറുണ്ട്. ഇവയുടെ ദുർഗന്ധമുള്ള സ്രവവും കാഷ്ഠവും ഇലക്കറികളെ ഉപയോഗശൂന്യമാകുന്നു. ഇത് കിണറിലെ വെള്ളം മലിനമാക്കുകയും ചെയ്യും. കാൽസ്യം ലഭിക്കുന്നതിനായാണ് ഇവ കോൺക്രീറ്റ് ചുമരുകളിൽ പറ്റിപിടിച്ചിരിക്കുന്നത്. മനുഷ്യരെ ബാധിക്കുന്ന ഒരുതരം മെനിഞ്ചയിറ്റിസ് രോഗത്തിന്റെ വാഹകരാണ് ഒച്ചുകൾ. അതിനാൽ കുട്ടികളെ ഇവയുടെ സമ്പർക്കത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണം.
നിയന്ത്രണ മാർഗങ്ങൾ
ജീർണിച്ച് കിടക്കുന്ന വസ്തുക്കളിൽ ഇവ പെരുകാൻ സാധ്യതയുണ്ട്. അതിനാൽ കൃഷിയിടം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നനഞ്ഞ ചണച്ചാക്കിട്ട് ഇവയെ കൂട്ടത്തോടെ അതിലേക്ക് ആകർഷിച്ച് നശിപ്പിക്കാനാകും. പച്ചക്കറി ചെടികൾക്ക് ചുറ്റും ബന്ദി ചെടികൾ കെണി വിളയായി നട്ട് ഇവയെ നിയന്ത്രിക്കാം. ഇവയുടെ ശല്യം കൂടുതലായി കാണപ്പെടുന്ന ഇടങ്ങളിൽ കുമ്മായം, ബ്ലീച്ചിങ് പൗഡർ, ഉപ്പ്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവയിലേതെങ്കിലും വിതറുന്നത് ഫലപ്രദമാണ്. ഒന്നര ലിറ്റർ വെള്ളത്തിൽ 25 ഗ്രാം പുകയില 10 മിനിറ്റ് തിളപ്പിച്ച ലായനിയും ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് ലയിപ്പിച്ച ലായനിയും ചേർത്ത് തയ്യാറാക്കിയ മിശ്രിതം തളിക്കുന്നതും നല്ലതാണ്.
Discussion about this post