കഴിഞ്ഞ ഒരു വര്‍ഷം ഗാര്‍ഡനിംഗ് ഹോബിയാക്കി മാറ്റിയവര്‍ അനവധിയാണ്. ഗാര്‍ഡനിംഗിലേക്ക് കടക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും പരിപാലനം അത്ര ചെറിയ കാര്യമല്ല. ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം മാറി തിരികെ ജോലിയിലേക്കും തിരക്കുകളിലേക്കും പ്രവേശിച്ചതോടെ അതുവരെ നട്ടുപരിപാലിച്ചുവന്നിരുന്ന ചെടികളെ പരിപാലിക്കാന്‍ സമയം കണ്ടെത്താനുള്ള പെടാപാടിലായിരിക്കും പലരും.
ടെക്‌നോളജി കടന്നുചെല്ലാത്ത ഇടമില്ലെന്നല്ലേ പറയുന്നത്. അതേ ടെക്‌നോളജി ഇപ്പോള്‍ ഗാര്‍ഡനിംഗിലും പ്രാവര്‍ത്തികമാക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കായി. ഇന്‍ഡോര്‍ ചെടി പരിപാലനത്തിനായി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന ചില നൂതന സാങ്കേതിക വിദ്യകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വാട്ടര്‍ സെന്‍സര്‍
പല ചെടികള്‍ക്കും വെള്ളത്തിന്റെ അളവ് വ്യത്യസ്ത രീതിയിലാണ്. ചില ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വെള്ളം നല്‍കിയാല്‍ മതിയാകും. എന്നാല്‍ മറ്റു ചില ഇന്‍ഡോര്‍ ചെടികള്‍ക്ക് ദിവസേന വെള്ളം നല്‍കേണ്ടി വരും. അമിത വെള്ളവും അല്‍പ്പവെള്ളവുമെല്ലാം ചെടികളുടെ നാശത്തിന് ഇടവരുത്തുന്നു. അത്തരം സാഹചര്യങ്ങളിലാണ് വാട്ടര്‍ സെന്‍സറിന്റെ പ്രസക്തി. ചെടിച്ചട്ടികളിലേക്ക് ഈ ഡിവൈസ് ഇറക്കിവെക്കുകയാണ് ചെയ്യേണ്ടത്. ഇതിലൂടെ ചെടിച്ചട്ടികളിലെ ജലാംശത്തിന്റെ അളവ് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ചില വാട്ടര്‍ സെന്‍സര്‍ ചെടികളുടെ വളര്‍ച്ചയും കാണിക്കും.
2. സ്മാര്‍ട്ട് പോട്ട്
ചെടികള്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വീടുവിട്ടു കുറച്ച് ദിവസം മാറിനില്‍ക്കേണ്ടി വരുന്നത്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ കാര്യത്തില്‍ ഏറിയാല്‍ ഒരാഴ്ച വരെ വെള്ളമൊഴിക്കാതെ മാറിനില്‍ക്കാമെന്നല്ലാതെ അതില്‍ കൂടുതലായാല്‍ ചെടികള്‍ നശിച്ചുപോകും. അത്തരം സാഹചര്യങ്ങളിലാണ് സ്മാര്‍ട് പോട്ടുകള്‍ സഹായകരമാകുന്നത്. സാധാരണ ചെടിചട്ടികളില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട് പോട്ടുകളില്‍ സെല്‍ഫ് വാട്ടറിംഗ് സംവിധാനമുണ്ടാകും. വെള്ളം കൃത്യമായ അളവിലാണോ എന്നറിയാനുള്ള ആക്‌സസിംഗ് ഡിവൈസോട് കൂടിയുള്ളതാണ് ഈ സ്മാര്‍ട് പോട്ട്. ചെടിക്ക് ലഭ്യമാകുന്ന വെളിച്ചം, താപനില,ഈര്‍പ്പം, വളങ്ങളുടെ അളവ് എന്നിവ മനസിലാക്കാനും ഈ ഡിവൈസ് സഹായിക്കുന്നു. ഇതിന്റെ ദിനംപ്രതിയുള്ള റിപ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ഫോണുകളിലെത്തും.
3. ഇന്‍ഡോര്‍ വെതര്‍ സ്‌റ്റേഷന്‍
ഒരു ചെടിയെ ജീവനോടെ നിലനിര്‍ത്തുന്നതില്‍ നിരവധി ഘടകങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. ഈര്‍പ്പത്തിന്റെ അളവ്, വെളിച്ചം, താപനില എന്നിവയാണ് ആരോഗ്യപ്രദമായ വളര്‍ച്ചയ്ക്ക് ചെടികള്‍ക്കാവശ്യം. ചെടികള്‍ വെച്ചിരിക്കുന്ന ഇടങ്ങളിലെ താപനിലയും ഈര്‍പ്പവും കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവുമെല്ലാം ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഡിവൈസാണ് ഇന്‍ഡോര്‍ വെതര്‍ സ്‌റ്റേഷന്‍. ഡിവൈസുമായി കണക്ട് ചെയ്തിരിക്കുന്ന ഫോണുകളിലേക്ക് നിര്‍ദേശങ്ങളടങ്ങിയ നോട്ടിഫിക്കേഷന്‍ ലഭിക്കും.
4. സ്മാര്‍ട്ട് പ്ലാന്റ് സ്റ്റേഷന്‍
ഇന്‍ഡോര്‍ പ്ലാന്റ് ഒരുക്കുമ്പോഴുള്ള വെല്ലുവിളികളിലൊന്ന് ആവശ്യത്തിന് വെളിച്ചം ലഭ്യമല്ലാത്തയിടങ്ങളാണ്. സ്മാര്‍ട്ട് പ്ലാന്റ് സ്റ്റേഷന്‍ ഇതിനൊരു പരിഹാരമാണ്. ചെടികള്‍ക്കാവശ്യത്തിന് വെളിച്ചം നല്‍കി വളര്‍ച്ചയെ സഹായിക്കുന്നു.
ഈ ഡിവൈസുകളെല്ലാം ഓണ്‍ലൈനിലും മറ്റും ലഭ്യമാണ്.
Discussion about this post