സ്മാർട്ടായി കൃഷിവകുപ്പ് വകുപ്പുതല വീഡിയോ കോൺഫറൻസിംഗും വിർച്വൽ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു.കൃഷിവകുപ്പിൽ ഇനി ഉദ്യോഗസ്ഥതല യോഗങ്ങളും കർഷകരുൾപ്പടെയുള്ളവർക്കുള്ള പരിശീലന പരിപാടികളും ഓൺലൈനായി സംഘടിപ്പിക്കും.ഓൺലൈൻ ആയി ഇനി കൃഷിയെക്കുറിച്ച് അറിവ് സമ്പാദിക്കാം. കൂടുതൽ കർഷകർക്ക് പുതിയ ആശയങ്ങൾ പകരാനും കർഷകർക്കിടയിലെ കാർഷിക അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് പരിശീലനം ഓൺലൈൻ വഴിയാക്കുന്നത്. വീഡിയോ കോൺഫറൻസിന്റയും വിർച്വൽ ക്ലാസ് റൂമിന്റെയും ഉദ്ഘാടനം മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. പരിശീലനം ഓൺലൈൻ വഴി ആക്കുന്നതോടെ കൂടുതൽ കാർഷിക വിദഗ്ധരെ ഉൾപ്പെടുത്തി പരിശീലനം നൽകാമെന്ന വിലയിരുത്തലിലാണ് കൃഷി വകുപ്പ്.
ജനുവരിയിൽ തൃശൂരിൽ നടക്കുന്ന വൈഗ ശില്പശാലയുടെയും പ്രദർശനത്തിന്റെയും ലോഗോയും പരസ്യചിത്രവും മന്ത്രി പ്രകാശനം ചെയ്തു. വൈഗയുടെ തീം സോങിന്റെ രചന വയലാർ ശരത്ചന്ദ്രവർമ്മയും സംഗീത സംവിധാനം വിദ്യാധരൻ മാഷുമാണ് നിർവഹിച്ചിരിക്കുന്നത്. ഉദയൻ എടപ്പാളിന്റെ സാൻഡ് ആർട്ടാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ് സ്വാഗതം പറഞ്ഞു. ഡയറക്ടർ രത്തൻ യു. ഖേൽക്കർ, ജോയിന്റ് ഡയറക്ടർ ബേബി ഗിരിജ, ഐ.ടി ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അനിത, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post