ശീമക്കൊന്നയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. വലിയ വിലയൊന്നും ഈ പാവത്തിന് ആരും കൊടുക്കാറില്ല. എന്നാൽ അങ്ങനെ തള്ളിക്കളയേണ്ട ആളല്ല ശീമക്കൊന്ന. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ് ആൾ. പയറിന്റെ കുടുംബത്തിലെ ചെറിയൊരു മരം. അമേരിക്കയാണ് ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം തന്നെ ഇവയെ കാണാം. ഗ്ലിറിസിഡിയ സെപ്പിയം എന്നാണ് ശാസ്ത്രനാമം.
പത്ത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണ് ശീമക്കൊന്ന. മിനസ്സുമുള്ള തണ്ടുകളാണ് ഇവയ്ക്ക്. ചില്ലകളുടെ അഗ്രഭാഗത്താണ് പൂക്കൾ ഉണ്ടാകുന്നത്. അവിടെ ഇലകൾക്ക് സ്ഥാനമേ ഇല്ല….. പിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കളാണ് ഇവയ്ക്ക്. പൊട്ട് പോലെയുള്ള മഞ്ഞനിറവും കാണാം പൂക്കളിൽ. ആസിഡിറ്റി കൂടുതലുള്ള മണ്ണിൽ വളരുവാനുള്ള കഴിവുണ്ട് ശീമക്കൊന്നയ്ക്ക്. ഏത് കാലാവസ്ഥയിലും വളരും ഇവ.
കാലിത്തീറ്റയായും വളമായും വിറകായുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്. പ്രോട്ടീൻ ഒത്തിരി അടങ്ങിയിട്ടുണ്ട് ഇവയിൽ. അതുകൊണ്ടുതന്നെ കന്നുകാലികൾക്കുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് ശീമക്കൊന്ന. കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ തന്നെ മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുവാനുള്ള കഴിവുണ്ട് ശീമക്കൊന്നയ്ക്ക്. അതുകൊണ്ട് കൃഷിയിടങ്ങളിൽ ഇവ നടുന്നത് മണ്ണിന്റെ വളക്കൂറും കൂട്ടും.
പെട്ടെന്ന് വളരുവാനുള്ള കഴിവുള്ളതുകൊണ്ട് വനവൽക്കരണത്തിനും ഇവ ഉപയോഗിക്കാറുണ്ട്. മേൽമണ്ണ് ഒലിച്ചു പോകുന്നത് തടയുവാനും ഇവയ്ക്ക് കഴിയും. കീടങ്ങളെ അകറ്റുവാനുള്ളള്ള കഴിവുണ്ട് ശീമക്കൊന്നയ്ക്കെന്ന് ചില പഠനങ്ങളിൽ പറയുന്നു. ഇവയുടെ ഇലയ്ക്കും ഇളം തണ്ടിനുമൊക്കെ എലി വിഷമായി പ്രവർത്തിക്കുവാനുള്ള കഴിവുണ്ടെന്നും പഠനങ്ങളിൽ പറയുന്നു.
ഇപ്പോൾ മനസ്സിലായില്ലേ ആൾ അത്ര നിസാരക്കാരനല്ലെന്ന്!!!
Discussion about this post