മലായ് ദ്വീപസമൂഹങ്ങള്‍ ജന്മദേശായ റമ്പൂട്ടാന്‍ കേരളത്തിലും നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാന്‍ കൃഷിക്ക് അനുകൂലമായ സമയം.
സവിശേഷതകള്‍
ചുവപ്പ്, കടുംമഞ്ഞ, മഞ്ഞ ഇനങ്ങളിലുള്ള റമ്പൂട്ടാന്‍ ലഭ്യമാണ്. വൈറ്റമിന്‍ സി ധാരാളമടങ്ങിയിട്ടുള്ള ഫലമാണിത്. ചര്‍മസൗന്ദര്യത്തിനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും റമ്പൂട്ടാന്‍ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം കൂട്ടാനും മുടികൊഴിച്ചില്‍ തടയാനും റമ്പൂട്ടാന്‍ കഴിക്കുന്നതിലൂടെ സാധിക്കും.
കൃഷിരീതി
നീര്‍വാഴ്ചയും ജൈവാംശവുമുള്ള മണ്ണാണ് റമ്പൂട്ടാന്‍ കൃഷിക്ക് അനുയോജ്യം.പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന ഒരു ഫലവൃക്ഷമാണിത്. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളില്‍ 15 മുതല്‍ 20 അടി വരെ അകലത്തില്‍ റമ്പൂട്ടാന്‍
കൃഷി ചെയ്യാവുന്നതാണ്. കുഴികളില്‍ മുക്കാല്‍ ഭാഗം മേല്‍മണ്ണ് ചേര്‍ത്ത ശേഷം ചാണകപ്പൊടിയോ മണ്ണിര കമ്പോസ്‌റ്റോ,എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവകൊണ്ട് നിറയ്ക്കുക. തുടര്‍ന്ന് റമ്പൂട്ടാന്‍ നട്ടുപിടിപ്പിക്കുക.
പരിചരണം
രണ്ട് മൂന്ന് വര്‍ഷം വരെ ഭാഗികമായി തണല്‍ ആവശ്യമുള്ള സസ്യമാണ് റമ്പൂട്ടാന്‍
. തണലിനായി ഇടവിളയായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വര്‍ഷം മുതല്‍ നല്ല രീതിയില്‍ സൂര്യപ്രകാശം ആവശ്യമാണ്. വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വളപ്രയോഗവും ജലസേചനവും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ചെടിയ്ക്ക് ഒരു വര്‍ഷം പ്രായമാകുമ്പോള്‍ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങള്‍ 2 തവണയും മറ്റുള്ള വളങ്ങള്‍ രണ്ട് തവണയും നല്‍കാം. രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും ഇതേ രീതിയില്‍ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടികളില്‍ ജൈവവളക്കൂട്ടിനും മറ്റു വളങ്ങള്‍ക്കും പുറമേ ചാണകപ്പൊടി കൂടുതലായി നല്‍കുന്നതും നല്ലതാണ്. കൂടുതല്‍ പൊക്കത്തില്‍ വളരാതിരിക്കുന്നതിനായി കമ്പു കോതല്‍ നടത്തേണ്ടതാണ്. ഇതുവഴി പക്ഷികളുടെ ശല്യത്തില്‍ നിന്നും പഴങ്ങള്‍ വലയിട്ട് സംരക്ഷിക്കുവാന്‍ സാധിക്കും.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാന്‍ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളില്‍ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങള്‍ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് – ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു.
രോഗബാധ
പൊതുവെ രോഗബാധ കുറവാണ് റമ്പൂട്ടാന്. എങ്കിലും ശല്‍ക കീടങ്ങള്‍, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകള്‍, പുഴുക്കള്‍, പുല്‍ചാടികള്‍ തുടങ്ങിയവയുടെ ആക്രമണം ചെറിയ തോതില്‍ കണ്ടുവരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വേപ്പിന്‍ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കീടങ്ങള്‍ ബാധിച്ചിരിക്കുന്ന കമ്പുകള്‍ വെട്ടി തീയിട്ട് നശിപ്പിക്കുന്നത് വഴിയും കീടശല്യം കുറയ്ക്കാം.
Discussion about this post