അകത്തളങ്ങളിലെ പൂന്തോട്ടങ്ങൾക്ക് ഇന്ന് പ്രിയമേറുകയാണ്. കാഴ്ചയിൽ ആകർഷകമായതും കുറഞ്ഞ പരിപാലനം വേണ്ടതും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്തതുമായ സസ്യങ്ങളാണ് അകത്തളത്തിൽ വളർത്താനുത്തമം. അമ്മായിഅമ്മയുടെ നാക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സർപ്പപ്പോള അഥവാ സ്നേക് പ്ലാന്റുകൾ വീടിനുള്ളിൽ വളർത്താൻ യോജിച്ചവയാണ്.സാൻസിവേറിയ എന്നാണ് ഇവയുടെ യഥാർത്ഥ പേര്.
ലോകമെമ്പാടുമായി എഴുപതിൽപരം സാൻസിവേറിയ ഇനങ്ങൾ കാണപ്പെടുന്നുണ്ട്. പച്ച, മഞ്ഞ എന്നീ നിറങ്ങൾ കലർന്ന ഇലകളിൽ വെള്ള പുള്ളിയോട് കൂടിയവയാണ് കൂടുതലും. വട്ടത്തിൽ പടർന്നുവളരുന്ന ഇനങ്ങളും ഉരുണ്ട ഇലകളുള്ള ഇനങ്ങളുമുണ്ട്. ചട്ടിയിൽ കുത്തനെ മുളച്ചുപൊന്തുന്ന സസ്യങ്ങൾക്ക് സർപ്പത്തിന്റെ പത്തിയുമായി നല്ല സാമ്യമുണ്ട്.
ആകർഷകമായ രൂപത്തോടൊപ്പം വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഈ ചെടികളെ പ്രിയമുള്ളതാക്കുന്നു. മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തമായി രാത്രിയിൽ കാർബൺഡയോക്സൈഡ് വലിച്ചെടുക്കുന്നതിനാൽ കിടപ്പുമുറികളിൽ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സസ്യമാണ് സാൻസിവേറിയ. വായുവിലുള്ള വിഷവാതകങ്ങൾ നീക്കംചെയ്യാൻ കഴിവുള്ളതിനാൽ ബാത്റൂം പ്ലാന്റായും നാഗപ്പോള വളർത്താം. പുതിയ ബിസിനസ് ആരംഭിക്കുമ്പോൾ സാൻസിവേറിയ സമ്മാനമായി നൽകാറുണ്ട്. ഇത് ഭാഗ്യദേവതയെ ആനയിക്കും എന്നാണ് വിശ്വാസം.
അകത്തളങ്ങളിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം തിരഞ്ഞെടുത്ത ഇളംപച്ച, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള ആകർഷകമായ ചട്ടികൾ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് കൗതുകം പകരും. ആഴമുള്ളതും വീതി കുറഞ്ഞതുമായ ചട്ടികളാണ് നല്ലത്. നല്ല നീർവാർച്ചയുള്ള മാധ്യമത്തിലാണ് സാൻസിവേറിയ നടേണ്ടത്. ഒരു ഭാഗം മണ്ണും രണ്ടുഭാഗം മണലും യോജിപ്പിച്ച് മാധ്യമമായി ഉപയോഗിക്കാം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ അത് ചെടികൾ വളരെ പെട്ടെന്ന് ചീഞ്ഞ് പോകാൻ ഇടയാക്കും ചട്ടിയിലെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുന്നതാണ് നല്ലത്. വളരെ കുറഞ്ഞ തോതിലുള്ള നന മതി.
ഒരു ചെടിക്ക് മാസത്തിൽ 100 ഗ്രാം ഉണക്ക ചാണകപ്പൊടിയും 20 ഗ്രാം വേപ്പിൻപിണ്ണാക്കും നൽകുന്നത് നല്ലതാണ്. അല്ലെങ്കിൽ എല്ലുപൊടി, 18:18:18 ( രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ) എന്നീ വളങ്ങൾ വളരെ ചെറിയ തോതിൽ ചെടിയുടെ ആരോഗ്യനില പരിശോധിച്ചശേഷം ആവശ്യമെങ്കിൽ മാത്രം മാസത്തിൽ ഒരു തവണ സ്പ്രേ ചെയ്യാവുന്നതാണ്. കേടുപാടുകൾ സംഭവിച്ച ഇലകൾ വൃത്തിയുള്ള കത്രിക ഉപയോഗിച്ച് അടിവശം ചേർത്ത് മുറിച്ചുമാറ്റണം. ഇടയ്ക്കിടെ ഇലകളിൽ പച്ചവെള്ളം സ്പ്രേ ചെയ്ത് മൃദുലമായ തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് പലതരം ചെറു കീടങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ തടയും.
മാതൃ ചെടിയുടെ കടക്കൽ നിന്നും പുതിയ തൈകളുണ്ടാകും. അവ പറിച്ചു മാറ്റി പുതിയ ചട്ടികളിൽ വളർത്തിയെടുക്കാം. ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് തന്നെ അനേകം തൈകളുണ്ടാകും. സാൻസിവേറിയകൾ അകത്തളത്തിലെന്നപോലെ പുറത്തും നന്നായി വളരും. എന്നാൽ അകത്തു നിന്നും വളരെ പെട്ടെന്ന് നേരിട്ടുള്ള സൂര്യപ്രകാശത്തിലേക്ക് മാറ്റരുത്. ഇത് ഇലകൾക്ക് പൊള്ളലേൽക്കാനിടയാക്കും. ഉള്ളിൽ ചെന്നാൽ വയറിന് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവയുടെ ഇലകൾ കുട്ടികളോ വളർത്തുമൃഗങ്ങളോ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post