ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനം മണ്ണാണ്. ജീവജാലങ്ങളുടെ വളർച്ചയിലും സസ്യങ്ങളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകങ്ങളുടെയും ജലത്തിന്റെയും കാര്യത്തിൽ മണ്ണ് വലിയ പങ്കാണ് വഹിക്കുന്നത്.
1000 കണക്കിന് വർഷങ്ങളായി സംഭവിക്കുന്ന നിരന്തര മാറ്റങ്ങളിലൂടെയാണ് ഓരോ തരി മണ്ണും ഉണ്ടാകുന്നത്. ഏകദേശം 45% ധാതുക്കൾ,5% ജൈവാംശം ,25% വീതം ജലം, വായു എന്നിവ ചേർന്നാണ് മണ്ണിന്റെ ഘടന രൂപപ്പെടുന്നത്. കൂടാതെ സസ്യങ്ങളുടെ പോഷണത്തിനായുള്ള പ്രധാന മൂലകങ്ങൾ, ദ്വിതിയ മൂലകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെ 16 മൂലകങ്ങളും ഇവയ്ക്കൊപ്പം അടങ്ങിയിരിക്കുന്നു.
സസ്യങ്ങളുടെ വളർച്ചയ്ക്ക് അനിവാരൃമായ ഇവയൊക്കെ ശരിയായ അളവിൽ, ആവശ്യ സമയത്ത് നൽകാനുള്ള മണ്ണിന്റെ കഴിവാണ് അതിന്റെ ഫലപുഷ്ടി.
വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതിയുള്ള കേരളത്തിൽ മണ്ണ് അറിഞ്ഞു വിളയിറക്കുക എന്നതാണ് പ്രധാനം. ആരോഗ്യമുള്ള മണ്ണിൽ വിളവ് കൂടും.ഓരോ പ്രദേശത്തെയും മണ്ണ് അതിന്റെ തരം, അവിടുത്തെ കാലാവസ്ഥ, വിളയുടെ പ്രത്യകത എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
പലയിടത്തും മണ്ണിന് ഫലപുഷ്ടിയുണ്ടെങ്കിലും മറ്റ് ചില ഘടകങ്ങളുടെ ലഭ്യതക്കുറവ് വിളയെ ബാധിക്കുന്നു. അവ വിളകളുടെ വളർച്ചയിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു.
ഇവിടെയാണ് സംയോജിത വള പ്രയോഗത്തിന്റെ ആവശ്യകത ഏറുന്നത്. ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ മണ്ണറിഞ്ഞ് വളമിറക്കാൻ സാധിക്കും. ഇത് മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് ആവശ്യമുള്ള വള പ്രയോഗത്തിന് സഹായിക്കുന്നു. അതായത് വിളകൾക്കനുസരിച്ച് സംയോജിത വളപ്രയോഗം നടത്താൻ കഴിയുന്നു.
മണ്ണിന്റെ ഫലപുഷ്ടി , ആരോഗ്യം, പി എച്ച് മൂല്യം , നൈട്രജന്റെ അളവ് തുടങ്ങിയ നിരവധി പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സംയോജിതവള പ്രയോഗത്തിനുള്ള ശുപാർശ തയ്യാറാക്കുന്നത്.
പോഷക മൂല്യങ്ങളുടെ വ്യത്യസ്ത സ്രോതസുകളായ രാസവളങ്ങളും, ജൈവവളങ്ങളും, ജീവാണു വളങ്ങളും , ജലവും പരസ്പരം പൂരകങ്ങളാകുന്ന വിധത്തിൽ നൽകുക എന്നതാണ് സംയോജിത വളപ്രയോഗത്തിന്റെ കാതൽ. ഇതോടൊപ്പം പയറുവർഗ വിളകളുൾപ്പെട്ട ജലചംക്രമണം, ആവരണ വിളകൾ വളർത്തൽ, ജൈവാശിഷ്ടങ്ങൾ – വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ മണ്ണിന് തന്നെ നൽകൽ എന്നിവയും മണ്ണിന് ഗുണം ചെയ്യുന്നു.
ചുരുക്കി പറഞ്ഞാൽ മണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഉള്ള പ്രധാന മാർഗമാണ് ശാസ്ത്രീയ കൃഷി രീതിയും അതനുസരിച്ചുള്ള സംയോജിത വളപ്രയോഗങ്ങളും.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, തൃശൂര്‍
Discussion about this post