കാടു പിടിച്ചു നിൽക്കുന്ന പറമ്പുകളിലെയും മതിലുകളിലെയുമൊക്കെ സ്ഥിര സാന്നിധ്യമാണ് സാമുദ്രപ്പച്ച. ഇന്ത്യയാണ് ജന്മദേശം. അർജിറിയ നെർവോസ എന്നാണ് ശാസ്ത്രനാമം. എലിഫന്റ് ക്രീപ്പർ എന്ന് ഇംഗ്ലീഷിൽ വിളിക്കും. കൺവോൾവുലേസിയെ സസ്യകുടുംബത്തിലെ അംഗമാണ് സാമുദ്രപ്പച്ച.
കുറ്റിച്ചെടിയായും വള്ളിച്ചെടിയായും വളരുന്ന സസ്യമാണ് ഇവ. ആദ്യത്തെ രണ്ട് വർഷങ്ങളിൽ കുറ്റിച്ചെടിയായി വളരുന്ന ഇവ പിന്നീട് തണ്ടുകൾ താഴേക്കു വീണ് വള്ളിച്ചെടിയായി വളരുന്നു. ഒത്തിരി ഉയരത്തിൽ പടർന്നു വളരാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ഹൃദയാകൃതിയിലുള്ള ഇലകളാണ്. പർപ്പിൾ നിറത്തിലുള്ള പൂക്കൾക്ക് പ്രത്യേക ഭംഗിയാണ്.
എർഗോളിൻ ആൽക്കലോയിഡുകൾ ഒത്തിരിയുണ്ട് സാമുദ്രപ്പച്ചയുടെ വിത്തുകളിൽ. എർഗോമെട്രിൻ, ലൈസർഗോൾ, ലൈസർജിക് ആസിഡ്, എന്നീ ആൽക്കലോയിഡുകളും ഇവയിലുണ്ട്. സാമുദ്രപ്പച്ചയുടെ ഔഷധ ഗുണങ്ങൾക്ക് കാരണം ഈ ആൽക്കലോയിഡുകളാണ്. ആന്റിഓക്സിഡന്റ് കഴിവുകളും സാമുദ്രപ്പച്ചയ്ക്കുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു.
ആയുർവേദത്തിൽ പല ഔഷധങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. വാർദ്ധക്യത്തെ അകറ്റാൻ ഉപയോഗിക്കുന്നതുകൊണ്ട് “വൃദ്ധദാരക” എന്നൊരു പേരുകൂടിയുണ്ട് സാമുദ്രപ്പച്ചയ്ക്ക്.
Discussion about this post