തിരുവനന്തപുരം: റബർ വിപണി വീണ്ടും ഉണരുന്നു. കേരളത്തില്‍ റബര്‍വില മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിലോയ്ക്ക് 190 രൂപയിലെത്തി.
നിലവില്‍ റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ആര്‍.എസ്.എസ്-4ന് കോട്ടയം വിപണി വില കിലോയ്ക്ക് 189 രൂപയാണ്. ആര്‍.എസ്.എസ്-5ന് 185.50 രൂപയുമാണ് വില. 2021 ഡിസംബറിലായിരുന്നു ഇതിന് മുൻപ് സംസ്ഥാനത്ത് റബര്‍വില കിലോയ്ക്ക് 190 രൂപ രേഖപ്പെടുത്തിയത്.
മഴ കടുത്തതോടെ ടാപ്പിംഗ് നിർജീവമായതാണ് റബർ വില കുതിക്കുന്നതിന് പിന്നിൽ. മഴ തുടരുന്ന സാഹചര്യത്തിൽ ടാപ്പിംഗ് നടത്താന്‍ മരങ്ങള്‍ റെയിന്‍-ഗാര്‍ഡ് ചെയ്യുന്നത് തടസപ്പെട്ടിരിക്കുകയാണ്.
മലേഷ്യയും തായ്‌ലന്‍ഡും അടക്കമുള്ള റബറിന്റെ മറ്റ് പ്രമുഖ ഉത്പാദക രാജ്യങ്ങളിലും സമാന പ്രതിസന്ധിയാണ്. ഇതുമൂലം വിപണിയിലേക്കുള്ള റബറിന്റെ ഒഴുക്ക് കുറഞ്ഞതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. ബാങ്കോക്കില്‍ നിലവില്‍ വില ആര്‍.എസ്.എസ്-4ന് 200 രൂപയ്ക്ക് മുകളിലാണ്.
ഇതിനിടയിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ പെട്ടെന്നുണ്ടായ ഇടിവ് ഏഷ്യൻ റബർ മാർക്കറ്റുകളിലും ചെറുചലനം സൃഷ്‌ടിച്ചുണ്ട്. ക്രൂഡ് വിലയിലെ മാറ്റം കൃത്രിമ റബറിൽ സ്വാധീനം ചെലുത്തുമെന്നത് നിക്ഷേപകരെ റബർ അവധി വ്യാപാരത്തിൽ ലാഭമെടുപ്പിന് പ്രേരിപ്പിക്കുന്നുണ്ട്. മാർച്ചിൽ ബാരലിന് 91 ഡോളർ വരെ ഉയർന്ന എണ്ണ വില ഫെബ്രുവരിക്ക് ശേഷം ആദ്യമായി 80 ഡോളറിലെ താങ്ങ് തകർത്ത് 77-ലേക്ക് ഇടിഞ്ഞു.
Discussion about this post