പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുന്നതിൽ അവിഭാജ്യമായ പങ്കാണ് റിയോ ചെടികൾക്കുള്ളത്. മുകളിൽ കടും പച്ചനിറവും താഴെ പർപ്പിൾ നിറവുമുള്ള തിളങ്ങുന്ന നീളമുള്ള ഭംഗിയുള്ള ഇലകൾ. ഇലകളാണ് ഇവയുടെ ഭംഗി. ബോട്ട് ലില്ലി എന്നാണ് ഇംഗ്ലീഷിൽ പേര്
കൊമെലിനേസ്സിയെ സസ്യകുടുംബത്തിലെ അംഗമായ റിയോ ചെടികളുടെ ശാസ്ത്രനാമം ട്രാടെസ്കാന്റിയ സ്പാത്തേസിയ എന്നാണ്. ഏകദേശം മുപ്പത് സെന്റീമീറ്റർ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ് ഇവ. മെക്സിക്കോ ആണ് ജന്മദേശം. അലങ്കാരസസ്യങ്ങളിൽ ഒഴിച്ചുകൂടാനാവില്ല റിയോ ചെടികൾ.
ഹാങ്ങിങ് പ്ലാന്റ് ആയും ഇൻഡോർ പ്ലാന്റായുമെല്ലാം വളർത്താം ഇവയെ. റിയോ ഉപയോഗിച്ച് കൊക്കഡാമോ ചെയ്യുന്നതും ആകർഷണീയമാണ്. ഗ്രൗണ്ട് കവറിങ്ങിന് റിയോ ഉപയോഗിക്കുമ്പോഴുള്ള ഭംഗി എടുത്തുപറയേണ്ടതാണ്.
വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം റിയോ ചെടികളെ. മണ്ണും ചാണകപ്പൊടിയും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാവുന്നതാണ്. മദർ പ്ലാന്റിന്റെ ചുവട്ടിലായി ഒത്തിരി തൈകൾ കാണാം. നടീലിന് ഈ തൈകൾ ഉപയോഗിച്ചാൽ മതിയാകും. വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് റിയോയ്ക്ക്. അതുകൊണ്ട് തന്നെ ഒത്തിരി വെള്ളം വേണ്ടതില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം നനച്ചാൽ മതിയാകും. ഒത്തിരി വളത്തിന്റെ ആവശ്യവുമില്ല ഇവയ്ക്ക്.
Discussion about this post