വാണിജ്യാടിസ്ഥാനത്തില്‍ വാഴക്കൃഷി ചെയ്യുന്നവരെ, പ്രത്യേകിച്ച് ഏത്തവാഴ വയ്ക്കുന്നവരെക്കുറിച്ചു പറയാറുള്ള ഒരു ചൊല്ലുണ്ട്. ‘വാഴ വയ്ക്കുന്നവനെ അടിക്കണം ‘. മറ്റൊന്നും കൊണ്ടല്ല, മറിച്ചു ആ കൃഷിയുമായി ബന്ധപ്പെട്ട അസംഖ്യം വെല്ലുവിളികള്‍ കൊണ്ട് തന്നെ.
എന്തൊക്കെ ആണ് വെല്ലുവിളികള്‍?
മാണപ്പുഴു /മാണ വണ്ട്
കൊക്കാന്‍/മഹാളി രോഗം
നിമാ വിര ശല്യം
പനാമ വാട്ടം
ഇലതീനി പുഴു
തടതുരപ്പന്‍ /പിണ്ടി പുഴു
കാറ്റ്
വെള്ളപ്പൊക്കം
വരള്‍ച്ച
വളരെ കണക്ക് കൂട്ടി, ശാസ്ത്രീയമായി, പഴുതുകള്‍ എല്ലാമടച്ചു ഇത്തവണ ഓണവാഴ ചെയ്താലോ?
അടുത്ത ഓണം സെപ്റ്റംബര്‍ ആദ്യവാരത്തിന്റെ അവസാനമാണ്. അപ്പോള്‍ നമുക്ക് ഏതാണ്ട് നവംബര്‍ ആദ്യം കുഴി എടുത്ത് കുമ്മായം ചേര്‍ത്ത്, കന്നു നന്നായി ഒരുക്കി കൃഷി ചെയ്ത് ഒരു, അല്ല ഒരൊന്നൊന്നര, ശ്രമം നടത്തിയാലോ?
കന്നില്‍ പിഴച്ചാല്‍ കുലയിലും പിഴച്ചു.
വാഴയുടെ നടീല്‍ വസ്തുക്കള്‍ പ്രധാനമായും വാഴക്കന്നും ടിഷ്യു കള്‍ച്ചര്‍ തൈകളും ആണ്.
മൂന്ന് നാല് മാസം പ്രായമുള്ള ഒരു കൈക്കുടന്നയില്‍ ഒതുങ്ങുന്ന ഒന്നൊന്നര കിലോ തൂക്കം വരുന്ന ഇടത്തരം സൂചിക്കന്നുകള്‍ /വാള്‍ക്കന്നുകള്‍ ആണ് ലക്ഷണമൊത്ത നടീല്‍ വസ്തു. കന്നുകള്‍ വഴി വരുന്ന രോഗ കീടങ്ങള്‍ ഏതൊക്കെ ആണ് എന്ന് കര്‍ഷകന്‍ അറിയണം.
കന്നു വഴി വരുന്ന കണ്ടകശ്ശനികള്‍ നാലെണ്ണം.
1.മാണ വണ്ട് (Rhizome weevil )
2.നിമാ വിരകള്‍ (Nematodes)
3.കൊക്കാന്‍ രോഗം (Banana Bract Mosaic Virus Disease )
4.പനാമ വാട്ടം (Fusarium Wilt disease).
ഇവരെ പ്രതിരോധിച്ചാല്‍ തന്നെ പകുതി വിജയിച്ചു.
മറ്റു വാഴയിനങ്ങളെപ്പോലെ ഏത്തവാഴയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുറ്റിവിള (Rattooning) എടുക്കാത്തതിന്റെ കാരണം അതിന്റെ കിഴങ്ങാണ് മാണവണ്ടിന്റെ പുഴുക്കള്‍ക്ക് ഏറ്റവും ഇഷ്ടം എന്നുള്ളത് കൊണ്ടാണ്. കുല വെട്ടാറാകുമ്പോഴേക്കും മാണവണ്ടിന്റെ ഒരു കുടുംബം വഴക്കന്നില്‍ ഒരു കോളനി ഉണ്ടാക്കിയിരിക്കും. അവരുടെ മുട്ടകള്‍ മിക്കവാറും കന്നിന്റെ തൊലിക്കടിയില്‍ ഉണ്ടാകും. ആ മുട്ടകളുമായാണ് കന്നു വരിക.
പോളകളില്‍ അസാധാരണ പിങ്ക് /ചുവപ്പ് വരകള്‍ രൂപപ്പെട്ടു, അവ പിന്നീട് ഇലത്തണ്ടിലേക്കു കറുത്ത വരകളായി വ്യാപിച്ചു വാഴയുടെ ഇലകള്‍ വിശറി പോലെ രണ്ടുവശത്തേക്കു മാത്രമായി വിരിഞ്ഞു പോളകള്‍ അല്പം ഇളകി മാറി, കുടം വരുമ്പോള്‍ കുലത്തണ്ടു അല്പം തളര്‍ന്നു നീണ്ട്, സാധാരണയിലും വലിപ്പം കുറഞ്ഞ ഒരു കൂമ്പ് വരികയും അതില്‍ കറുത്ത വരകള്‍ കാണുകയും ചെയ്യുമ്പോള്‍ മനസിലാക്കുക ആ വാഴയെ കൊക്കാന്‍ വൈറസ് പിടി കൂടിയിരിക്കുന്നു. ആ വാഴ കുലച്ചാല്‍ തന്നെ (വളരെ നേരത്തേ രോഗം പിടിപെട്ടാല്‍ വാഴ കുലയ്ക്കുകയേ ഇല്ല. )അത് വിപണന യോഗ്യമല്ലാത്ത കല്ലന്‍ കായ്കള്‍ ആയിരിക്കും.
ഈ രോഗ ലക്ഷണം കാണുമ്പോള്‍ തന്നെ അത്തരം വാഴകളെ പിഴുതു മാറ്റി മറ്റ് വാഴകളെ രക്ഷിക്കാന്‍ കഴിയും. ഈ രോഗം ബാധിച്ച കന്നുകള്‍ നേരത്തേ ഇലകള്‍ വിരിയാന്‍ ഒരു പ്രവണത കാണിക്കും. അസാധാരണ ചുവപ്പ് നിറവും പോളയില്‍ കാണും. ഈ രോഗം ബാധിച്ച വാഴകള്‍ യഥാസമയം പിഴുതു മാറ്റാതിരുന്നാല്‍ അവന്റെ ചുറ്റും നില്‍ക്കുന്നവന്റെ മക്കളെല്ലാം മഹാളിക്കന്നുകള്‍ ആകും.
ഇനി നിമാവിരകള്‍. നിശബ്ദ കൊലയാളി. അരൂപി. അവര്‍ വാഴയുടെ വേരുകളില്‍ കീറലുണ്ടാക്കി ബാക്ടീരിയയ്ക്കും ഫംഗസ്സിനും അര്‍മാദിക്കാന്‍ വഴിയൊരുക്കുന്നു. ഫലമോ കുലയ്ക്കാറാകുമ്പോഴേക്കും വേരുകള്‍ എല്ലാം ചീഞ്ഞു വാഴ നിലം പതിക്കുന്നു.
ഇനിയാണ് ഫ്യൂസേറിയം. ഇതൊരു ഫംഗസ് ആണ്. ആ കുടുംബത്തില്‍ ദ്രോഹികളല്ലാത്ത ഒരുപാട് സ്പീഷീസുകള്‍ ഉണ്ട്. പക്ഷെ Fusarium oxysporum var. cubense വാഴയെ ബാധിച്ചാല്‍, പോള വെടിച്ചു പൊളിഞ്ഞു ഓരോരോ വാഴ കൈകള്‍ ഒടിഞ്ഞു അവസാനം കുലയും വാടി തൂങ്ങി നില്‍ക്കും. കേരളത്തില്‍ ഇപ്പോള്‍ പൂവന്‍ വാഴക്കൃഷി കുറഞ്ഞതിന്റെ കാരണവും ഇവന്‍ തന്നെ. ഒരിക്കല്‍ വാഴയെ ബാധിച്ചാല്‍ പിന്നെ ആ മണ്ണില്‍ ഇവന്‍ കുറെ വര്‍ഷങ്ങളോളം സംഹാര താണ്ഡവമാടും. വാഴക്കന്നില്‍ പറ്റിയിരിക്കുന്ന മണ്ണ് വഴിയും ഈ രോഗം പകരാം.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post