തെങ്ങുകളുടെ പ്രധാന ശത്രുവായ ചെല്ലികളെ എങ്ങനെ നശിപ്പിക്കാം എന്നത് തന്നെയാണ് തെങ്ങ് കൃഷിയില്‍ കര്‍ഷകര്‍ ഇപ്പോള്‍ ചിന്തിക്കുന്ന ഏറ്റവും പ്രധാനകാര്യം. കാരണം ചെല്ലികളെ നശിപ്പിക്കാതെ തെങ്ങ് കൃഷി ഇനി മുന്നോട്ട് പോകില്ല എന്ന അവസ്ഥയില്‍ ആണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. അത്രയേറെ നാശനഷ്ടങ്ങള്‍ ആണ് ചെല്ലികള്‍ തെങ്ങിന് വരുത്തി വയ്ക്കുന്നത്. ചെല്ലികളെ നശിപ്പിക്കാന്‍ കര്‍ഷകര്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട് എങ്കിലും പലതും വിജയം കാണുന്നില്ല എന്നതാണ് വസ്തുത. തെങ്ങിനെ നശിപ്പിക്കുന്ന ചെല്ലികളെ നശിപ്പിക്കാന്‍ എളുപ്പമാര്‍ഗ്ഗത്തില്‍ കെണി ഒരുക്കാവുന്ന ഒരു വസ്തു ആണ് കള്ള്. കള്ളിന്റെ ഗന്ധത്തില്‍ ചെല്ലികള്‍ എവിടെയും പറന്ന് എത്തും.
കള്ള് പുളിക്കുവാനും സൂക്ഷിക്കാനും ഏറ്റവും നല്ലത് മണ്‍പാത്രങ്ങള്‍ തന്നെയാണ്. അതുകൊണ്ട് മണ്‍കലം പോലുള്ള വസ്തുക്കളില്‍ ഒരു ലിറ്റര്‍ എങ്കിലും കള്ള് ഒഴിച്ച് അതില്‍ നന്നായി പഴുത്ത ഒരു പൈനാപ്പിള്‍ അല്ലെങ്കില്‍ വാഴപ്പഴം അരിഞ്ഞു ഇടുക. കുറച്ച് തേങ്ങാവെള്ളമോ, വിനാഗിരിയോ കൂടെ ചേര്‍ക്കുക, കുറഞ്ഞ അളവില്‍ ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ക്കുക. അതില്‍ ഒരു സ്പൂണ്‍ യീസ്റ്റ് കൂടി ചേര്‍ത്ത് ഇളക്കി എടുക്കുന്ന മിശ്രിതത്തിന് നല്ല പുളിച്ച ഗന്ധം ഉണ്ടാകുകയും അത് ചെല്ലികളെ അതിലേക്ക് ആകര്‍ഷിക്കാന്‍ കാരണവും ആകും. ഈ മിശ്രിതത്തില്‍ രൂക്ഷമായ ഗന്ധം കുറവുള്ള ഏതെങ്കിലും കീടനാശിനി കൂടി കലര്‍ത്തിയാല്‍ ഇതില്‍ എത്തുന്ന ചെല്ലികള്‍ മിശ്രിതം അകത്താകുന്നതോടൊപ്പം മരണവും സംഭവിക്കുന്നു (ഫ്യൂറഡാന്‍, ferterra ,carbaril പോലുള്ള തരി രൂപത്തില്‍ ഉള്ള കീടനാശിനി ആയിരിക്കും കൂടുതല്‍ നല്ലത്). തെങ്ങിന്‍ തോപ്പില്‍ മഴ നനയാതെ ഈ കെണി സൂക്ഷിച്ചാല്‍ രണ്ട് ആഴ്ചയില്‍ കൂടുതല്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഇതിലെ കള്ള് മിശ്രിതം തീരുന്നതിന് അനുസരിച്ച് വീണ്ടും നിറയ്ക്കുക. ഇതില്‍ അകപ്പെടുന്ന ചെല്ലികളെ ഉടന്‍ തന്നെ എടുത്ത് മാറ്റുകയും വേണം. മണ്‍കലത്തിന് പകരം അടപ്പുള്ള വില കുറഞ്ഞ ബക്കറ്റിന്റെ വശങ്ങളില്‍ ചെല്ലിക്ക് കടക്കുവാനുള്ള ദ്വാരം ഇട്ടും ഇതുപോലുള്ള കെണി ഒരുക്കാന്‍ സാധിക്കും. ഇവ ഏതെങ്കിലും മരങ്ങളില്‍ കെട്ടി വയ്ക്കുകയും ചെയ്യാം.
ബക്കറ്റില്‍ ഇതുപോലെ കെണി ഒരുക്കുന്നതോടൊപ്പം ഫിറമോണ്‍ ബക്കറ്റിനുള്ളില്‍ കെട്ടി വച്ചും ചെല്ലികളെ ഇതിലേക്ക് ആകര്‍ഷിക്കാം.(അവയുടെ പെണ്‍വര്‍ഗം പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ആണ്‍ വര്‍ഗത്തെ ആകര്‍ഷിക്കുന്നു. നമ്മള്‍ ആ ഫിറമോണ്‍ രാസപദാര്‍ത്ഥം കൃത്രിമമായി സൃഷ്ടിച്ച് ഒരു ചെറു ഷീറ്റില്‍ ലേപനം ചെയ്തു അടയ്ക്കുന്നു.ഈ ബക്കറ്റില്‍ ഉള്ള ദ്വാരത്തിലൂടെ ഫിറമോണ്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. സാധാരണയില്‍ കവിഞ്ഞ ഫിറമോണ്‍ സാന്നിധ്യം ഒരു പത്തു സെന്റ് സ്ഥലത്തുള്ള ആണ്‍ കയീച്ചകളെ പ്രണയലോലുപരാക്കുന്നു. തങ്ങളുടെ ഇണകളെ തേടി പാവം കായീച്ചകള്‍ ഈ ട്രാപ്പിനു പുറത്തു പറ്റിക്കൂടുന്നു. അണീച്ചകള്‍ പതിയെ ഇതില്‍ ഉള്ള ഓപ്പണിങ്ങിലൂടെ അകത്തേക്ക് കയറുന്നു. ബക്കറ്റില്‍ ഉള്ള കള്ളിന്റെ ഗന്ധത്തില്‍ ആകൃഷ്ടരായി അതില്‍ അകപ്പെടുന്നു ) അതിനായി തയ്യാറാകുന്ന ബക്കറ്റിന്റെ പുറം ഭാഗത്ത് ചെല്ലികള്‍ക്ക് പറന്ന് ഇരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണം. അതായത് ചണച്ചാക്കുകള്‍ പോലുള്ളവ ബക്കറ്റിനെ പൊതിയുക പോലുള്ള രീതികള്‍. ചെല്ലികള്‍ക്ക് കെണി ഒരുക്കുന്നതിനുള്ള ബക്കറ്റുകള്‍ ഇപ്പോള്‍ വില കുറവില്‍ മാര്‍ക്കറ്റില്‍ കിട്ടാനും ഉണ്ട്. അതുപോലെ ചെല്ലികളെ ആകര്‍ഷിക്കുന്ന ഫിറമോണ്‍ കൊമ്പന്‍ ചെല്ലിക്കും, ചെമ്പന്‍ ചെല്ലിക്കും പ്രത്യേകം ഉള്ളതും വാങ്ങുവാന്‍ കിട്ടും (RB-LURE ഇത് കൊമ്പന്‍ ചെല്ലിയെ ആകര്‍ഷിക്കുന്നു. RPW-LURE ഇത് ചെമ്പന്‍ ചെല്ലികളെ ആകര്‍ഷിക്കുന്നു) ഇത് വാങ്ങിയാല്‍ ആര്‍ക്കും ചിലവ് കുറഞ്ഞ രീതിയില്‍ ഇവയ്ക്കുള്ള കെണികള്‍ സ്വയം നിര്‍മ്മിക്കാം. ഫിറമോണില്‍ ആകൃഷ്ടരായി എത്തുന്ന ചെല്ലികള്‍ കെണിയില്‍ അകപ്പെട്ടില്ലായെങ്കില്‍ അവ അടുത്തുള്ള തെങ്ങില്‍ കയറി പറ്റും എന്ന ഒരു ദോഷമായ വസ്തുതയും പലരും പറയുന്നുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ബക്കറ്റില്‍ നിന്നും ഫിറമോണ്‍ ഒഴിവാക്കി കള്ളിന്റെ കെണി മാത്രം ഇവയ്ക്കായി ഒരുക്കണം.
കൂട്ട ട്രാപ്പിംഗ്: പ്രത്യുല്‍പാദനം ഒഴിവാക്കാന്‍ പുരുഷ ലിംഗത്തിലെ പ്രാണികളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നതിനുള്ള ഒരു സാങ്കേതികതയാണിത്.
ഇണചേരല്‍ തടസ്സം: വലിയ അളവില്‍ ഫെറോമോണുകള്‍ പുറത്തുവിടുന്നത് പുരുഷന്മാര്‍ക്ക് സ്ത്രീകളെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു. ഇതൊക്കെയാണ് ഫിറമോണ്‍ ഉപയോഗിച്ച് ആണ്‍ കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ .
ഒരു പുരയിടത്തില്‍ രണ്ടോ, മൂന്നോ കെണി ഒരുക്കിയാല്‍ മിക്കവാറും ചെല്ലികള്‍ എല്ലാം അതില്‍ അകപ്പെടും എന്നതാണ് പലരുടെയും അനുഭവം .അതുപോലെ ചെല്ലികളെ കൂടാതെ മിത്ര കീടങ്ങളായ കരിവണ്ട്, തേനീച്ച പോലുള്ള ജീവികളും കെണിയില്‍ കൂടുതലായി അകപ്പെടുന്നുണ്ടെങ്കില്‍ കെണി ഒഴിവാക്കണം .അവയെല്ലാം കൃഷിയെ സഹായിക്കുന്ന പരാഗണ ജീവികള്‍ ആണ്. തെങ്ങിനെ നശിപ്പിക്കുന്ന ചെല്ലികളെ ഏത് വിധേയനെയും നശിപ്പിക്കാതെ തെങ്ങുകള്‍ രക്ഷപെട്ട് കിട്ടുകയില്ല എന്ന ബോധ്യം ഉണ്ടായാല്‍ കര്‍ഷകര്‍ ഒന്നായി ഇതിനെതിരെ എന്തെങ്കിലും ചെയ്യുവാന്‍ സാധിച്ചാല്‍ കുറെയൊക്കെ മാറ്റങ്ങള്‍ വരും എന്നതില്‍ സംശയമില്ല. കപ്പ നശിപ്പിക്കുന്ന എലിയെ നശിപ്പിക്കുക തന്നെ വേണം. അല്ലാതെ അവയെ ഓടിച്ച് വിട്ടാല്‍ അവ ഒരിടത്ത് നിന്നും മാറി അടുത്ത സ്ഥലത്ത് വീണ്ടും പണികള്‍ തുടങ്ങും അത് തന്നെയാണ് ചെല്ലികളുടെ കാര്യത്തിലും സംഭവിക്കുന്നത് .
Discussion about this post