ഔഷധഗുണങ്ങളേറെയുള്ള, വേരോടുകൂടിയ പുല്‍ വര്‍ഗ്ഗത്തില്‍ പെട്ട സസ്യമാണ് രാമച്ചം. മലിനീകരണ നിയന്ത്രണത്തിനും മണ്ണ് സംരക്ഷണത്തിനും രാമച്ചം നട്ടുവളര്‍ത്തുന്നത് ഫലപ്രദമാണ്. വേരുകളില്‍നിന്നും സുഗന്ധ എണ്ണ ഉല്‍പാദിപ്പിക്കുന്നുണ്ട്.
രാമച്ചം ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും അമിതദാഹം, ക്ഷീണ, ഉദരരോഗങ്ങള്‍, ദഹനം എന്നിവയ്ക്കും നല്ലതാണ്. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.ത്വക്ക് രോഗങ്ങള്‍ക്ക് രാമച്ചം അരച്ച് കുഴമ്പ് രൂപത്തില്‍ തേച്ചുപിടിപ്പിച്ചാല്‍ മതി. വാതത്തിനും, ഞരമ്പ് വലിയുന്നതിനും, വേദനയ്ക്കും, വീക്കത്തിനും രാമച്ച തൈലം നല്ലതാണ്.
രാമച്ചത്തില്‍നിന്നും വേര്‍തിരിക്കുന്ന സുഗന്ധതൈലം പെര്‍ഫ്യൂമുകളിലും സോപ്പുകളിലും ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളിലും ചേര്‍ക്കുന്നുണ്ട്. രാസ്‌നാദി ചൂര്‍ണം, രാസ്‌നാദി കഷായം, ദ്രാക്ഷാദികഷായം എന്നിങ്ങനെയുള്ള ആയുര്‍വേദ ഔഷധങ്ങളിലെ ചേരുവയാണ് രാമച്ചം. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ ദുര്‍ഗന്ധമകറ്റാനും അമിതമായി വിയര്‍ക്കുന്നത് നിയന്ത്രിക്കാനും രാമച്ചത്തിനാകും . വേരുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയ്ക്ക് പ്രാണികളെയും രോഗ കീടങ്ങളെയും അകറ്റിനിര്‍ത്താന്‍ കഴിവുണ്ട്. രാമച്ചത്തിന്റെ വേര് കൊണ്ട് നിര്‍മ്മിച്ച കിടക്ക നടുവേദന, വാദം എന്നീ രോഗങ്ങളുള്ളവര്‍ക്ക് വളരെ നല്ലതാണ്. രാമച്ചത്തിന്റെ വേരുകള്‍ തുണികളോടൊപ്പം സൂക്ഷിക്കുന്നത് പ്രാണികളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. മാറ്റുകള്‍, വിശറികള്‍, ചെരുപ്പ്, കര്‍ട്ടന്‍, ചന്ദനത്തിരി തുടങ്ങി അനേകം കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ രാമച്ചത്തിന്റെ വേരുകള്‍ ഉപയോഗിക്കാം.
ഒ ടി വി 3, സുഗന്ധ, കെ എസ് 1, കെ എസ് 2, പൂസ ഹൈബ്രിഡ് 8, ധരിണി, ഗുലാബി എന്നിങ്ങനെ അനേകം ഇനങ്ങളുണ്ട്. ഉഷ്ണ- മിതോഷ്ണ മേഖലകളില്‍ രാമച്ചം വളരും. കുന്നിന്‍ ചെരുവുകളില്‍ മഴയെ ആശ്രയിച്ച് കൃഷി ചെയ്യാന്‍ പറ്റിയ വിളയാണ് രാമച്ചം. ധാരാളം സൂര്യപ്രകാശം ആവശ്യമുണ്ട്. ഏതുതരത്തിലുള്ള മണ്ണിലും രാമച്ചം വളര്‍ത്താനാകും. എന്നാല്‍ ചുവന്ന വെട്ടുകല്‍ മണ്ണില്‍ വളരുന്ന ചെടികളില്‍ നിന്ന് കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനാകും. കേരളത്തിലെ കാലാവസ്ഥയ്ക്കും അനുയോജ്യമായി ചെയ്യാവുന്ന കൃഷിയാണ് രാമച്ചം.
നടീല്‍
ചെടിയുടെ കട ഭാഗത്തുനിന്ന് ശേഖരിക്കുന്ന വേരോടു കൂടിയ ചിനപ്പുകള്‍ നടാനായി ഉപയോഗിക്കാം. ഇത്തരം ചിനപ്പുകള്‍ ശേഖരിച്ച് തണലില്‍ ഉണക്കി ഇലകള്‍ നീക്കം ചെയ്തശേഷം നടാം. ജൂണ്‍- ഓഗസ്റ്റ് മാസങ്ങളിലാണ് ചിനപ്പുകള്‍ നടേണ്ടത്.
നന്നായി ഉഴുത മണ്ണില്‍ കാലിവളം ചേര്‍ത്ത് തൈകള്‍ നടാവുന്നതാണ്. വരികള്‍ തമ്മില്‍ 45 സെന്റീമീറ്ററും ചെടികള്‍ തമ്മില്‍ 30 സെന്റീ മീറ്ററും അകലം പാലിക്കണം. 15 മാസം മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമായ ചുവടുകള്‍ വിളവെടുക്കാം.പതിനെട്ടാം മാസത്തില്‍ വിളവെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഡിസംബര്‍ -ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി വിളവെടുക്കുന്നത്. വിളവെടുത്ത ശേഷം വേരുകള്‍ നന്നായി കഴുകി 12 ദിവസം തണലത്ത് ഉണക്കാം. രണ്ടു വര്‍ഷം പ്രായമായ വിളക്ക് ഒരേക്കറില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് ലഭിക്കും. വിളവെടുത്താല്‍ ഒരു മാസം വരെ സൂക്ഷിക്കാമെങ്കിലും അതിന് മുമ്പ് തന്നെ തൈലം വാറ്റിയെടുക്കാവുന്നതാണ്.
Discussion about this post