ഔഷധയോഗ്യമായ വേരോടുകൂടിയ പുൽ വർഗ്ഗത്തിൽ പെട്ട സസ്യമാണ് രാമച്ചം. ശരീരത്തിന് തണുപ്പ് നൽകാൻ ശേഷിയുള്ള സസ്യമാണിത്. രണ്ടു മീറ്ററോളം ഉയരത്തിൽ വളരും. മൂന്ന് മീറ്ററോളം ആഴത്തിൽ ഇറങ്ങി ചെല്ലാൻ കഴിയുന്ന ഇടതൂർന്ന വേരുകളാണ് രാമച്ചത്തിന്റേത്. ഇത് മണ്ണൊലിപ്പ് തടയുന്നതിന് ഏറെ സഹായിക്കും. വേരുകളിൽനിന്നും സുഗന്ധ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്.
രാമച്ചത്തിന്റെ തെക്കേ ഇന്ത്യൻ ഇനങ്ങൾക്ക് കൂടുതൽ വേരുപടലമുണ്ട്. ഇവയിൽ എണ്ണയുടെ അളവും കൂടുതലാണ്. എന്നാൽ സുഗന്ധത്തിലും ഗുണനിലവാരത്തിലും വടക്കേ ഇന്ത്യൻ ഇനങ്ങളാണ് മുന്നിൽ. ഇവയിൽ വിത്തുണ്ടാവുകയും ചെയ്യും.
ഉപയോഗങ്ങൾ
രാമച്ചത്തിൽനിന്നും വേർതിരിക്കുന്ന സുഗന്ധതൈലം പെർഫ്യൂമുകളിലും സോപ്പുകളിലും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലും ചേർക്കുന്നുണ്ട്. രാസ്നാദി ചൂർണം, രാസ്നാദി കഷായം, ദ്രാക്ഷാദികഷായം എന്നിങ്ങനെയുള്ള ആയുർവേദ ഔഷധങ്ങളിലെ ചേരുവയാണ് രാമച്ചം. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ ദുർഗന്ധമകറ്റാനും അമിതമായി വിയർക്കുന്നത് നിയന്ത്രിക്കാനും രാമച്ചത്തിനാകും . വേരുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയ്ക്ക് പ്രാണികളെയും രോഗ കീടങ്ങളെയും അകറ്റിനിർത്താൻ കഴിവുണ്ട്. രാമച്ചത്തിന്റെ വേര് കൊണ്ട് നിർമ്മിച്ച കിടക്ക നടുവേദന, വാദം എന്നീ രോഗങ്ങളുള്ളവർക്ക് വളരെ നല്ലതാണ്. രാമച്ചത്തിന്റെ വേരുകൾ തുണികളോടൊപ്പം സൂക്ഷിക്കുന്നത് പ്രാണികളെ അകറ്റിനിർത്താൻ സഹായിക്കും. മാറ്റുകൾ, വിശറികൾ, ചെരുപ്പ്, കർട്ടൻ, ചന്ദനത്തിരി തുടങ്ങി അനേകം കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ രാമച്ചത്തിന്റെ വേരുകൾ ഉപയോഗിക്കാം.
ഇനങ്ങൾ
ഒ ടി വി 3, സുഗന്ധ, കെ എസ് 1, കെ എസ് 2, പൂസ ഹൈബ്രിഡ് 8, ധരിണി, ഗുലാബി എന്നിങ്ങനെ അനേകം ഇനങ്ങളുണ്ട്.
ഉഷ്ണ- മിതോഷ്ണ മേഖലകളിൽ രാമച്ചം വളരും. കുന്നിൻ ചെരുവുകളിൽ മഴയെ ആശ്രയിച്ച് കൃഷി ചെയ്യാൻ പറ്റിയ വിളയാണ് രാമച്ചം. ധാരാളം സൂര്യപ്രകാശം ആവശ്യമുണ്ട്. ഏതുതരത്തിലുള്ള മണ്ണിലും രാമച്ചം വളർത്താനാകും. എന്നാൽ ചുവന്ന വെട്ടുകൽ മണ്ണിൽ വളരുന്ന ചെടികളിൽ നിന്ന് കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാനാകും.
നടീൽ
ചെടിയുടെ കട ഭാഗത്തുനിന്ന് ശേഖരിക്കുന്ന വേരോടു കൂടിയ ചിനപ്പുകൾ നടാനായി ഉപയോഗിക്കാം ഇത്തരം ചിനപ്പുകൾ ശേഖരിച്ച് തണലിൽ ഉണക്കി ഇലകൾ നീക്കം ചെയ്തശേഷം നടാം. ജൂൺ- ഓഗസ്റ്റ് മാസങ്ങളിലാണ് ചിനപ്പുകൾ നടേണ്ടത്. നന്നായി ഉഴുത മണ്ണിൽ കാലിവളം ചേർത്ത് തൈകൾ നടാവുന്നതാണ്. വരികൾ തമ്മിൽ 45 സെന്റീമീറ്ററും ചെടികൾ തമ്മിൽ 30 സെന്റീ മീറ്ററും അകലം പാലിക്കണം. 15 മാസം മുതൽ രണ്ടു വർഷം വരെ പ്രായമായ ചുവടുകൾ വിളവെടുക്കാം.പതിനെട്ടാം മാസത്തിൽ വിളവെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഡിസംബർ -ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി വിളവെടുക്കുന്നത്. വിളവെടുത്ത ശേഷം വേരുകൾ നന്നായി കഴുകി 12 ദിവസം തണലത്ത് ഉണക്കാം. രണ്ടു വർഷം പ്രായമായ വിളക്ക് ഒരേക്കറിൽ നിന്നും ഒന്നര ടൺ വരെ വിളവ് ലഭിക്കും.
Discussion about this post