പോഷകങ്ങളാൽ സമ്പന്നമായ ചെറുധാന്യങ്ങളിൽ ഒന്നാണ് റാഗി. മുത്താറി, ഫിംഗർ മില്ലെറ്റ്, പഞ്ഞപ്പുല്ല്, എന്നൊക്കെയും റാഗി അറിയപ്പെടുന്നു. പോയേസിയെ സസ്യകുടുംബത്തിലെ അംഗമായ റാഗി ഒരു പുൽച്ചെടിയാണ്. ഇലൂസിൻ കോരകാന എന്നാണ് ശാസ്ത്രനാമം. എത്യോപ്യയാണ് ജന്മദേശം.
പാടത്തും പറമ്പിലും വിത്ത് വിതച്ച് ഞാറുണ്ടാക്കി പറിച്ചുനട്ടാണ് റാഗി കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ വരെ റാഗി കൃഷി ചെയ്യാം. വരൾച്ചയെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട് റാഗിക്ക്. ആഫ്രിക്ക, നേപ്പാൾ, ഇന്ത്യ, എന്നിവിടങ്ങളിലാണ് റാഗി ഏറ്റവും കൂടുതലായി കൃഷി ചെയ്യുന്നത്.
മറ്റ് ധാന്യങ്ങളേക്കാൾ കൂടുതൽ സംഭരണശേഷിയുണ്ട് റാഗിക്ക്. 50 വർഷത്തോളം വരെ കേടുകൂടാതിരിക്കും. കുഞ്ഞുങ്ങൾക്കും വാർദ്ധക്യത്തിലെത്തിയവർക്കും പോഷകസമ്പന്നമായ ഉത്തമ ഭക്ഷണമാണ് റാഗി. കാൽസ്യത്തിന്റെ കലവറയാണ് ഇവ. പ്രോട്ടീനും വൈറ്റമിനുകളും ആന്റി ആക്സിഡന്റുകളും ഒത്തിരിയുണ്ട് റാഗിയിൽ.
വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് റാഗി. കേരളത്തിലെ കാലാവസ്ഥ റാഗി കൃഷിക്ക് അനുയോജ്യമാണ്. വേനൽക്കാലത്തും മഴക്കാലത്തും റാഗി കൃഷിചെയ്യാം. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം റാഗി കൃഷിക്ക് അനുയോജ്യമല്ല. നിലം ഉഴുതൊരുക്കി വിത്ത് വിതച്ചാണ് ഇവ കൃഷി ചെയ്യുന്നത്. വിത്തു വിതച്ച് 25 ദിവസമാകുമ്പോഴേക്കും ചെടി നന്നായി കിളിർത്തു വരും. മൂന്നര മാസമാകുമ്പോഴേക്കും കതിർക്കുലകൾ വന്നു തുടങ്ങുകയും ചെയ്യും. കള പറിച്ചു കളയാലാണ് റാഗിക്ക് വേണ്ട ഏക പരിചരണം. അധികം ജലസേചനത്തിന്റെ ആവശ്യവുമില്ല.
Discussion about this post