കുറഞ്ഞ സ്ഥലത്ത് ചെറിയ മുതല്‍മുടക്കില്‍ ഏത് പ്രായക്കാര്‍ക്കും ആരംഭിച്ച് ആദായമുണ്ടാക്കാന്‍ കഴിയുന്നതാണ് മുയല്‍കൃഷി. ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ് പ്രധാനമായും മുയല്‍കൃഷി നടത്തുന്നത്. ചെറിയ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവയാണ് മുയല്‍കൃഷിയുടെ അനുകൂല ഘടകങ്ങള്‍.
ഇറച്ചിക്കായി പ്രധാനമായും മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്. സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വൈറ്റ് ഡച്ച്. ഇവയുടെ സങ്കരയിനങ്ങളും നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്.
മരം, കമ്പിവേലി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മുയലുകള്‍ക്ക് കൂടൊരുക്കാം.കൂടുതല്‍ വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കടക്കാത്തതുമായ ഷെഡുകളില്‍ വെയ്‌ക്കേണ്ടതാണ്. കൂടിന്റെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരണമാകും. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേയ്ക്കു പോകുന്ന രീതിയില്‍ ആയിരിക്കണം കൂട് നിര്‍മ്മിക്കേണ്ടത്. കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തില്‍ ആയിരിക്കണം. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ച്ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം. ആണ്‍മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8-12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6-8 മാസം പ്രായം പൂര്‍ത്തിയായ പെണ്‍മുയലുകളെയും ഇണചേര്‍ക്കാവുന്നതാണ്. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മീ നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. പച്ചപ്പുല്ല്, മുരുക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം മാംസ്യം കൂടുതല്‍ അടങ്ങിയ തീറ്റമിശ്രിതവും മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.
തടിച്ചു ചുവന്ന ഈറ്റം അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകു വശം പൊക്കി കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്ത് ആണ്‍മുയലിന്റെ കൂട്ടിലേക്കു വിടേണ്ടതാണ്. വിജയകരമായി ഇണചേര്‍ന്നാല്‍ ആണ്‍മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം. 28-34 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്‌ക്കേണ്ടതാണ്. ഇതിന് 50:30:15 സെ.മീ വലിപ്പം ഉണ്ടായിരിക്കണം. ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടായിരിക്കാം. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ തീറ്റക്രമം കൊണ്ട് ഇത് ഒഴിവാക്കാവുന്നതാണ്. നാല് മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്ന് മാറ്റേണ്ടതാണ്.
Discussion about this post