നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്ന പുളിനെല്ലി സാധാരണ കാണപ്പെടുന്ന നെല്ലിക്കയേക്കാൾ പുളിരസമുള്ളതാണ്. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാൽ നക്ഷത്രനെല്ലി എന്നും ഇതിന് പേരുണ്ട്. ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ് ശാസ്ത്രീയനാമം.കേരളത്തിൽ നന്നായി വളരുന്ന നെല്ലിപ്പുളിയുടെ ജന്മദേശം മഡഗാസ്കറാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരാനിഷ്ടപ്പെടുന്ന അരിനെല്ലി ഏകദേശം 9 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ചെറു വൃക്ഷമാണിത്. ഇലത്തണ്ടുകൾക്ക് ഇടയിൽ നിന്നും കുലകളായി ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. വർഷത്തിൽ 2 തവണ അരിനെല്ലി പൂക്കാറുണ്ട്. ഏപ്രിൽ-മെയ്, ഓഗസ്റ്റ്- സെപ്റ്റംബർ എന്നീ മാസങ്ങളിലാണ് പൂക്കുന്നത്. മിനുസമുള്ള ഇളംപച്ച നിറത്തിലുള്ള കായകൾക്ക് 6-8 വരിപ്പുകളുണ്ടാകും. ഇവ പച്ചയ്ക്കോ പഞ്ചസാര ചേർത്തോ അച്ചാർ ഇട്ടോ കഴിക്കാം.
കൃഷിരീതി
മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. വിത്തുമുളപ്പിച്ചും തണ്ടുകൾ മുറിച്ചുനട്ടും പതിവയ്‌ച്ചും പുളിനെല്ലിയുടെ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം.തൈകളുടെ ചുവട്ടിൽ പുതയിട്ട് ഈർപ്പം നിലനിർത്തണം. ഇടയ്‌ക്കു വളം നൽകുന്നത് നല്ലതുപോലെ കായ്‌ഫലം നൽകുന്നതിനും വേഗത്തിൽ വളരുന്നതിനും സഹായകമാണ്.
Discussion about this post