കടകളില്‍ പോയി ജ്യൂസും ഐസക്രീമുമൊക്കെ കഴിക്കുമ്പോള്‍ ഗ്ലാസില്‍ ഒരു കുഞ്ഞന്‍ മണികളെ കാണാം. ചെറിയ കറുപ്പിന് മേല്‍ വെള്ള ആവരണമുള്ള ആ കുഞ്ഞന്‍മണികളാണ് കസ്‌കസ്. രുചിയില്‍ മാത്രമല്ല ഔഷധ ഗുണങ്ങളിലും മുമ്പിലാണ് കസ്‌കസ്. ഇവ പോപ്പി സീഡ്സ് എന്നും അറിയപ്പെടുന്നു. വഴുവഴുപ്പുള്ള, കൂട്ടമായി കിടക്കുന്ന ഇവ തുളസി വിത്തിനോടും സമാനമായതാണ്.
പാപ്പവറേസി സസ്യ കുടുംബത്തില്‍ പപ്പാവര്‍ സോംനി ഫെറം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളില്‍ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ് കറപ്പ് എന്നറിയപ്പെടുന്നത്. ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളില്‍ നിന്നും ശേഖരിക്കുന്ന വിത്താണ് കസ്‌കസ്. കസ്‌കസ് അധികം ആരും ശ്രദ്ധിയ്ക്കാതെ പോകുന്ന, പലര്‍ക്കും അറിയാതിരിയ്ക്കുന്ന ഒരു ചേരുവയാണെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. കസ്‌കസിന്റെ വിത്തുകളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റിബോഫ്‌ലോവിന്‍, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്‌കസ്.
ഔഷധഗുണങ്ങള്‍
- വായ്പുണ്ണ് അകറ്റാന്‍ കസ്‌കസ് സഹായിക്കുന്നു. പൊടിച്ച കസ്‌കസില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് വായിലെ വ്രണങ്ങളെ അകറ്റുന്നു.
- കസ്‌കസിലടങ്ങിയ ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ഭക്ഷണത്തിനു മുന്‍പ് അല്പം പൊടിച്ച കസ്‌കസ് കഴിക്കുകയോ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നതു നല്ലതാണ്.
- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് പോലുള്ളവ കസ്‌കസില്‍ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയാരോഗ്യമേകാന്‍ സഹായിക്കുന്നു.
- കാല്‍സ്യം, ഫോസ്ഫറസ് ഇവ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു. എല്ലുകളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്ന മാംഗനീസ് കസ്‌കസില്‍ ഉണ്ട്. സന്ധിവേദനയ്ക്കും വീക്കത്തിനും ഇവ അരച്ചു പുരട്ടുന്നത് ആശ്വാസം നല്‍കും.
- ചര്‍മ്മത്തിലെ അണുബാധ തടയാന്‍ കസ്‌കസ് നല്ലതാണ്. ഇതിലടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഇതിനു സഹായിക്കുന്നു. കസ്‌കസ് പേസ്റ്റാക്കി അതില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് അണുബാധയുള്ളിടത്ത് പുരട്ടിയാല്‍ ചൊറിച്ചിലും പൊള്ളലും കുറയും.
- കസ്‌കസില്‍ അടങ്ങിയ സിങ്ക് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
- രക്തസമ്മര്‍ദം നിയന്ത്രിക്കാനും കസ്‌കസ് ഉത്തമമാണ്. ഇതിലടങ്ങിയ ഒലേയിക് ആസിഡ് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.
തുളസിയിലയില്‍ നിന്നും കസ്‌കസ് ഉണ്ടാക്കാം
തുളസിയിലയില്‍ നിന്നും കസ്‌കസ് ഉണ്ടാക്കാന്‍ കഴിയും. അതിനായി കുറച്ച് ഉണങ്ങിയ തുളസിയില പൂവ് അടര്‍ത്തി എടുത്ത ശേഷം തിരുമ്മുക അപ്പോള്‍ കറുത്ത വളരെ ചെറിയ മണികള്‍ ലഭിക്കും. അരിപ്പ ഉപയോഗിച്ച് അതിലെ പൊടിയെല്ലാം കളഞ്ഞ് കറുത്ത കുഞ്ഞന്‍ കുരുക്കള്‍ വേര്‍തിരിച്ചെടുത്ത ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ആ കുഞ്ഞന്‍ മണികള്‍ ഇട്ടു നോക്കിയാല്‍ ഗ്ലാസിനടിയില്‍ കസ്‌കസ് കാണാം.
Discussion about this post