അമേരിക്കയാണ് ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ എല്ലായിടത്തും കാണാം പൊൻതകരയെ. സെന്ന ടോറ എന്നാണ് ശാസ്ത്രനാമം. പയറിന്റെയൊക്കെ കുടുംബം. കൃഷിയിടങ്ങളിൽ ഒത്തിരി വളർന്ന് ശല്യമുണ്ടാക്കുന്നതുകൊണ്ട് പലയിടങ്ങളിലും ഇവയെ ഒരു കളയായിട്ടാണ് കാണുന്നത്. ഏതു കാലാവസ്ഥയിലും വളരാനുള്ള കഴിവുണ്ട് പൊൻതകരക്ക്. എത്ര വരൾച്ചയിലും പൊരുതി നിൽക്കും ഇവ.
പൂക്കൾക്ക് മഞ്ഞ നിറമാണ്. അതുകൊണ്ടുതന്നെയാണ് പൊൻതകര എന്ന പേര് വന്നതും. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവയുടെ പൂക്കാലം. വിത്തുകൾക്ക് 20 വർഷത്തോളം വരെ ആയുസ്സുണ്ട്.
പൊൻതകരയുടെ എല്ലാ ഭാഗങ്ങളും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. വിത്തുകൾ ഭക്ഷ്യയോഗ്യവുമാണ്. ഇവയുടെ ഇലകൾ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. കാപ്പിപ്പൊടിയിൽ മായമായി ഉപയോഗിക്കുന്നത് തകരയുടെ വിത്തുകളാണ്. ഇവയുടെ ഇലകളും വിത്തുകളും ചർമ്മരോഗങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്നുണ്ട്. പുഴുക്കടി, കുഷ്ഠരോഗം, സോറിയാസിസ്, എന്നിവക്കെതിരായും തകര ഉപയോഗിക്കുന്നു.
Discussion about this post