മാതളനാരകം, ഉറുമാമ്പഴം എന്നീ പേരുകളിലറിയപ്പെടുന്ന മാതളം ഔഷധഗുണമുള്ളതും പോഷക സമൃദ്ധവുമായ ഫല സസ്യമാണ്. റുമാൻ പഴമെന്നും ഇതിനെ വിളിക്കാറുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ പ്രദേശങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
മാതളത്തിന്റെ തൊലി, കായ്, ഇല, പൂവ് എന്നിവയെല്ലാം ഔഷധയോഗ്യമാണ്. വിര ശമിപ്പിക്കുന്നതിനും നല്ല ദഹനത്തിനും ഉത്തമം. മാതളച്ചാർ ദിവസവും കുടിക്കുന്നത് രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുമത്രേ. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. ഒപ്പം മറ്റനേകം ഔഷധഗുണങ്ങളും മാതളത്തിനുണ്ട്. വൃക്കകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മാതളം ഉത്തമമാണ്. ശരീരത്തെ നന്നായി തണുപ്പിക്കാനുള്ള കഴിവ് മാതളത്തിനുണ്ട്.
ഔഷധഗുണം കൊണ്ടുമാത്രമല്ല പോഷകമൂല്യം കൊണ്ടും മാതളനാരകം മുന്നിൽ തന്നെ. അന്നജം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിങ്ങനെ ശരീരത്തിനാവശ്യമായ അനേകം ഘടകങ്ങൾ മാതളത്തിലടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതെയിരിക്കും എന്ന സവിശേഷതയും മാതളത്തിനുണ്ട്
അഞ്ച് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയാണ് മാതളം. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷകവുമാണ്. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിന് തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.
നല്ല നീർവാർച്ചയുള്ള ഏതു മണ്ണിലും മാതളം വളർത്താൻ ആകും. ശ്രദ്ധിച്ചു പരിപാലിച്ചാൽ മാതള ചെടികൾ വീട്ടുവളപ്പിൽ തന്നെ വളർത്താം. കേരളത്തിന്റെ കാലാവസ്ഥയിൽ ഇലപൊഴിയുമെങ്കിലും രണ്ട് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ മാതളം വളരും. മഴക്കാലത്തിന്റെ ആരംഭത്തിലാണ് തൈകൾ നടേണ്ടത്. പതി വച്ച് ഉണ്ടാക്കിയ തൈകളോ ടിഷ്യുകൾച്ചർ തൈകളോ നടനായി ഉപയോഗിക്കാം. ഒന്നിലധികം ചെടികൾ നടുന്നുണ്ടെങ്കിൽ ചെടികൾ തമ്മിലും വരികൾ തമ്മിലും 5 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. രണ്ട് അടി വീതിയിലും ആഴത്തിലും നീളത്തിലും ഉള്ള കുഴികളിൽ തൈകൾ നടാം. ജൈവവളമായി 20 കിലോഗ്രാം കാലിവളം, 150 ഗ്രാം വാം എന്നിവ ഒരു മരത്തിന് ഒരു വർഷത്തേക്ക് എന്ന തോതിൽ ഇട്ടുകൊടുക്കാം. നാലുവർഷം കഴിയുമ്പോൾ മുതൽ മാതളം കാഴ്ച്ചു തുടങ്ങും. ജനുവരി-ഫെബ്രുവരി, ജൂൺ- ജൂലൈ, സെപ്റ്റംബർ-ഒക്ടോബർ എന്നീ മാസങ്ങളാണ് മാതളം പൂക്കുന്നത്. പൂവിട്ടശേഷം ആറ് മാസത്തിനുള്ളിൽ വിളവെടുക്കാം.നല്ല വിളവിന് കമ്പ് കോതുന്നത് നല്ലതാണ്.
Discussion about this post